ദുബായ് : ഐപിഎല്‍ കലാശപ്പോരാട്ടം വിലയിരുത്തുമ്പോള്‍, ആദ്യം പറയേണ്ടത് മുംബൈ ഇന്ത്യന്‍സിനുളള അത്രത്തോളം വിജയതൃഷ്ണ ഡെല്‍ഹി ക്യാപിറ്റല്‍സിനുണ്ടായിരുന്നില്ല എന്നുളളതാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ മുംബൈയ്ക്കെതിരെ തോറ്റുവെന്നത് മാത്രമല്ല ആ തോല്‍വികള്‍ അവരെ തളർത്തി കളഞ്ഞുവെന്നുവേണം പറയാന്‍. ടോസ് ലഭിച്ചാല്‍ ബാറ്റ് ചെയ്യണമെന്നതായിരുന്നു തീരുമാനം. പക്ഷെ കഴിഞ്ഞ മത്സരത്തിലേത് എന്നതുപോലെ ഒരു സുരക്ഷിത മാർഗത്തിനപ്പുറത്തേക്ക് ആലോചിക്കാനുളള ധൈര്യം അവർ കാണിച്ചില്ല. റിക്കിപോണ്ടിംഗിനെപ്പോലൊരു മികച്ച കോച്ചുണ്ടായിട്ടും അങ്ങനെ ആലോചിക്കാന്‍ അവർ ശ്രമിച്ചില്ല എന്നുളളത് എല്ലാ ഡെല്‍ഹി ആരാധകരേയും നിരാശപ്പെടുത്തിയിട്ടുണ്ടാകുമെന്ന് തീർച്ച.
കഴിഞ്ഞ മത്സരത്തില്‍ സ്റ്റോയിനിസിനെ ഓപ്പണിംഗില്‍ പരീക്ഷിച്ചത് കൃത്യമായ ഉദ്ദേശ്യത്തോടെയായിരുന്നു. സന്ദീപ് ശർമ്മയുടെയും ജെയ്സണ്‍ ഹോള്ഡറുടെയും ആദ്യ ഓവറുകള്‍ ഫലപ്രദമായി നേരിടുക.അതിനുളള ഒരു ഫോമിലേക്ക് പൃഥ്വി ഷായോ അജിക്യാരഹാനെയോ എത്തിയിട്ടില്ലയെന്നുളളതുകൊണ്ടായിരുന്നു അങ്ങനെയൊരു നീക്കം. എന്നാല്‍ മുംബൈയ്ക്കെതിരായ കലാശപ്പോരാട്ടത്തില്‍ അതിന്‍റെ ആവശ്യമുണ്ടായിരുന്നോയെന്നുളളതാണ് ചോദ്യം. തുടക്കത്തിലുളള മൂന്നോ നാലോ ഓവറുകളാണ് കുറച്ച് അപകടകമാവുക. അഞ്ചോ ആറോ തവണ വിക്കറ്റ് നേടാന്‍ ട്രെന്‍റ് ബോള്‍ട്ടിന് സാധിച്ചിട്ടുണ്ട്. തങ്ങളുടെ ഏറ്റവും നല്ല ആയുധത്തെ ആദ്യം തന്നെ ഇറക്കേണ്ട ആവശ്യകതയുണ്ടായിരുന്നോയെന്നുളളത് ഒരു പക്ഷെ ഇപ്പോള്‍ ഡെല്‍ഹി ആലോചിക്കുന്നുണ്ടാകും. ഏറ്റവും സുരക്ഷിതമായി അജിന്‍ക്യാ രഹാനെയെ ഇറക്കി സ്പിന്നേഴ്സിനെതിരെ ആക്രമിച്ചുകളിക്കാന്‍ സ്റ്റോയിനിസിനെയിറക്കുകയെന്നുളളതായിരുന്നു കുറച്ചുകൂടി നല്ല നീക്കം. എന്നാല്‍ അത്തരത്തിലൊരു തീരുമാനമെടുക്കുന്നതിനുളള ധൈര്യക്കുറവ് അവർ കാണിച്ചു.
മറുഭാഗത്ത് മുംബൈ ഇന്ത്യന്‍സ് ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍മാരുടെ സാന്നിദ്ധ്യം മനസിലാക്കി ഓഫ് സ്പിന്നറെ ടീമില്‍ ഉള്‍പ്പെടുത്തി. അത്തരത്തിലുളള ധൈര്യത്തോടെയുളള മാറ്റങ്ങള്‍ വരുത്താന്‍ ഡെല്‍ഹി തയ്യാറാകാത്തതും അതോടൊപ്പം തന്നെ ഇത്തരത്തിലുളള വലിയ വേദികളിലുളള പരിചയക്കുറവും അവർക്ക് തിരിച്ചടിയായി. 156 ലേക്ക് സ്കോറെത്തിക്കാന്‍ കഴിഞ്ഞുവെന്നുളളത് വലിയ നേട്ടമാണ്. സീസണിലെ അവരുടെ ആദ്യമത്സരത്തില്‍ 11 ന് മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഡെല്‍ഹിയെ ഉയർത്തികൊണ്ടുവന്നത് ശ്രേയസ് അയ്യരും ഋഷഭ് പന്തും ചേർന്നായിരുന്നു. അത്തരത്തില്‍ ഈ മത്സരത്തിലും ഡെല്‍ഹിയെ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചുവെങ്കിലും പ്രതിരോധിക്കുന്ന സമയത്ത് റബാഡെക്കെതിരെയുണ്ടായ ആക്രമണത്തില്‍ പകച്ചുപോവുകയായിരുന്നു ശ്രേയസ് അയ്യരും ഡെല്‍ഹി ക്യാപിറ്റല്‍സുമെന്നുവേണം മനസിലാക്കാന്‍. ആന്‍ട്രിച്ച് നോർക്കിയെ പിന്നീട് കൊണ്ടുവന്നുവെങ്കില്‍ പോലും , അത് 16 ഓവറുകള്‍ക്ക് ശേഷമാണ് എന്നോർക്കണം. തന്‍റെ പ്രധാനപ്പെട്ട താരത്തെ ഉപയോഗിക്കുകയെന്നുളളതിലേക്ക് ശ്രേയസ് അയ്യർ എത്താഞ്ഞത് ഒരുപക്ഷെ അദ്ദേഹത്തിന്‍റെ പരിചയക്കുറവുകൊണ്ടായിരിക്കാം. അത്തരമൊരു നീക്കം ജയത്തിലേക്ക് എത്തിക്കുമായിരുന്നുവെന്നുളളതല്ല, ഒരു സാധ്യതയെങ്കിലും തുറന്ന് കിട്ടുമായിരുന്നു ഡെല്‍ഹിക്ക്.
ഒരു പക്ഷെ, മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ചിടത്തോളം അവർഹിക്കുന്ന വിജയം തന്നെയാണിത്. കളിക്കാരുടെ പ്രതിഭയ്ക്ക് അപ്പുറം, വിജയദാഹം തന്നെയാണ് അവരെ ചാമ്പ്യന്‍മാരാക്കിയതെന്ന് നിസ്സംശയം പറയാം. അതിന് അവരെ സഹായിച്ചത് ടീം മാനേജ്മെന്‍റും മറ്റ് സപ്പോർട്ടിങ്ങ് സ്റ്റാഫും തന്നെയാണ്. എല്ലാ മേഖലയിലും മുംബൈ കൃത്യമായ ആധിപത്യം പുലർത്തിയ വിരസമായ ഐപിഎല്‍ കലാശപ്പോരായിരുന്നു ഇത്തവണത്തേത്. ഒരു കാര്യം ഉറപ്പ് എന്തുകൊണ്ടും മുംബൈ അർഹിച്ച വിജയവും കിരീടവും തന്നെയാണിത്.
DC 156/7 (20)MI 157/5 (18.4)
സോണി ചെറുവത്തൂർ.
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.