ബെംഗ്‌ളൂരു: ആ പെണ്‍കുഞ്ഞുങ്ങളുടെ കൈയും പിടിച്ച് കാട് കയറുമ്പോള്‍ സോണാലിയ്ക്ക് അറിയില്ലായിരുന്നു, തന്റെ ലക്ഷ്യം ഫലം കാണുമെന്ന്. മാവോവാദികള്‍ തട്ടിക്കൊണ്ടു പോയ എന്‍ജിനിയര്‍ അശോക് പവാറിനെ മോചിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന അപേക്ഷയുമായി അഞ്ചു ദിവസമായി ഭാര്യ സൊണാലി പവാര്‍ മുട്ടാത്ത വാതിലുകളില്ലായിരുന്നു. അങ്ങനെ ആരും സഹായത്തിനില്ല എന്ന് ഉറപ്പായപ്പോള്‍ അവര്‍ ആ പെണ്‍മക്കളുടെ കൈയും പിടിച്ച് കാടുകയറാന്‍ തീരുമാനിക്കുകയായിരുന്നു.
യാതൊരു ഉറപ്പും ഇല്ലെങ്കില്‍ പോലും തന്റെയും മക്കളുടെയും കൂപ്പു കൈകള്‍ക്കു മുന്നില്‍ മാവോവാദികളുടെ മനസലിയുമെന്ന പ്രതീക്ഷയില്‍. മക്കളുടെ തേങ്ങലുകള്‍ ഉയരുന്നതിനിടെ വിറയാര്‍ന്ന സ്വരത്തില്‍ മാവോവാദികളോടുള്ള അഭ്യര്‍ഥനയുമായി ഒരു വീഡിയോയും അവര്‍ പുറത്തുവിട്ടിരുന്നു.
ഒടുവില്‍ സൊണാലിയുടെയും മക്കളുടെയും കഠിന വഴികള്‍ ഫലം കണ്ടു. ആ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വിധി സോണാലിയ്ക്ക് വേണ്ടി വഴി മാറി. കാട്ടില്‍ ബന്ദികളാക്കിയിരുന്ന എന്‍ജിനിയര്‍ അശോക് പവാറിനെയും സഹപ്രവര്‍ത്തകന്‍ ആനന്ദ് യാദവിനെയും കഴിഞ്ഞ ദിവസം രാത്രി മാവോവാദികള്‍ നിരുപാധികം വിട്ടയച്ചു. വെറുതെയങ്ങ് വിടുകയായിരുന്നില്ല. വീട്ടിലെത്താന്‍ 2000 രൂപയും നല്‍കിയാണ് വിട്ടത്.
ബീദര്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ബസ്തര്‍ റേഞ്ച് ഐ.ജി. പി. സുന്ദരരാജ് പറഞ്ഞു. ഇവരെ അടിയന്തര വൈദ്യസഹായത്തിനും കൗണ്‍സലിങ്ങിനുമായി ബിജാപുരിലെ കുത്രുവിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അധികാരികള്‍ക്ക് സാധിക്കാത്തത് നിരാലംബയായ വീട്ടമ്മയ്ക്ക് സാധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.