ഗവര്‍ണറുടെ നയപ്രഖ്യാപനം ആരംഭിച്ചു; ഗോബാക്ക് വിളികളോടെ സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം

ഗവര്‍ണറുടെ നയപ്രഖ്യാപനം ആരംഭിച്ചു; ഗോബാക്ക് വിളികളോടെ സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഇതോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാവിലെ 8.50 ഓടെ നിയമസഭാ കവാടത്തിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ചേര്‍ന്ന് സ്വീകരിച്ചു. സഭയിലേക്ക് കടന്ന ഗവര്‍ണര്‍ക്കെതിരെ ഗോബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. 

കോവിഡ് മഹാമാരിയുടെ സമയത്ത് കേരള സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. അതേസമയം മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. ഗവര്‍ണര്‍ കയറി വന്ന ഉടന്‍ പ്രതിപക്ഷം 'ഗവര്‍ണര്‍ ഗോ ബാക്ക്' വിളികളും ബാനറുകളുമായി രംഗത്തെത്തി. പ്രതിഷേധ മുദ്രാവാക്യങ്ങള്‍ക്കിടെയാണ് ഗവര്‍ണര്‍ പോഡിയത്തിലേക്ക് കയറിയത്.

സഭാ സമ്മേളനത്തില്‍ നിങ്ങള്‍ക്ക് ഇതെല്ലാം ഉന്നയിക്കാനുള്ള സമയമുണ്ടെന്നും ഇപ്പോള്‍ പ്രതിഷേധിക്കുന്നത് അനവസരത്തിലാണെന്നു ഗവര്‍ണര്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അല്‍പം ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പ്രസംഗം ആരംഭിക്കുന്നതിനു മുന്‍പ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സംസാരിക്കാനായി എഴുന്നേറ്റെങ്കിലും ഗവര്‍ണര്‍, ഇപ്പോള്‍ ചര്‍ച്ചയ്ക്കുള്ള സമയമല്ലെന്നു പറയുകയായിരുന്നു. എന്നാല്‍ പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം സഭ വിട്ടിറങ്ങി സഭാ കവാടത്തില്‍ പ്രതിഷേധിക്കുകയാണ്.

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ കാണാത്ത പ്രതിസന്ധി സൃഷ്ടിച്ച് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പു വയ്ക്കാന്‍ ഗവര്‍ണര്‍ ഇന്നലെ വിസമ്മതിച്ചത് ഏറെ ആശങ്കയ്ക്കും അനിശ്ചിതത്വത്തിനും ഇടയാക്കിയിരുന്നു. തന്റെ അഡീഷണല്‍ പിഎയുടെ നിയമന ശുപാര്‍ശ അംഗീകരിച്ച് സര്‍ക്കാര്‍ നല്‍കിയ കത്തില്‍ വിയോജനക്കുറിപ്പെഴുതുകയും അത് പരസ്യപ്പെടുത്തുകയും ചെയ്തതിലുള്ള അതൃപ്തിയായിരുന്നു ഗവര്‍ണറെ പ്രകോപിപ്പിച്ചത്.

മാത്രമല്ല, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പാര്‍ട്ടിയംഗങ്ങളെ മാനദണ്ഡമില്ലാതെ നിയമിക്കുകയും പിന്നീട് പെന്‍ഷന്‍ നല്‍കുകയും ചെയ്യുന്നതിനെയും ഗവര്‍ണര്‍ എതിര്‍ത്തു. ഒടുവില്‍ ഗവര്‍ണറെ വിമര്‍ശിച്ച പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റിയാണ് സര്‍ക്കാര്‍ അനുനയത്തിലെത്തിയത്. അതേസമയം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിഷയത്തില്‍ ഗവര്‍ണര്‍ ഉന്നയിച്ച പ്രശ്നം ഇപ്പോഴും അവശേഷിക്കുകയാണ്.

നയപ്രഖ്യാപന പ്രസംഗത്തില്‍ കോവിഡ് പ്രതിസന്ധി കാലത്തെ അതിജീവനം. രോഗവ്യാപനകാലത്ത് സര്‍ക്കാര്‍ ഒപ്പം നിന്നു. കോവിഡിനെ വിജയകരമായി പ്രതിരോധിച്ചു തുടങ്ങി കേരള സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചായിരുന്നു ഗവര്‍ണറുടെ പ്രസംഗം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കി. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതി വിജയകരമായി നടപ്പിലാക്കി. അതുപോലെ മുല്ലപ്പെരിയാര്‍ വിഷയത്തിലും അദ്ദേഹം വ്യക്തമായ അഭിപ്രായം അറിയിച്ചു. ജന സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജലനിരപ്പ് 136 അടി ആക്കി നിലനിര്‍ത്തണമെന്നും പുതിയ ഡാം വേണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.