ചുരുങ്ങിച്ചുരുങ്ങി ഇല്ലാതെ പോകുന്നവർ

ചുരുങ്ങിച്ചുരുങ്ങി ഇല്ലാതെ പോകുന്നവർ

ഒരു ഹ്രസ്വചിത്രത്തിൻ്റെ കഥ. വിദേശജോലി മതിയാക്കി നാട്ടിലെത്തുന്ന സ്ത്രീ അവരുടെ മകളുമായ് സ്കൂളിലെത്തുന്നു.
സ്കൂളധികൃതർ ആവശ്യപ്പെട്ട അഡ്മിഷൻ ഫീസ് നൽകി മകളെ സ്കൂളിൽ ചേർക്കുന്നു. രണ്ടാം ക്ലാസിൽ പഠിക്കുന്ന മകളെ, അവളുടെ അധ്യാപിക ഏറ്റവും പിൻബഞ്ചിൽ ഇരുത്തിയത് അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. "എന്റെ കുഞ്ഞിനെ മുൻ സീറ്റിൽ ഇരുത്തണം. പിന്നിൽ ഇരുന്നാൽ കുട്ടിയ്ക്ക് എങ്ങനെ ശ്രദ്ധിക്കാൻ കഴിയും?" അവർ ചോദിച്ചു. "എല്ലാ കുട്ടികളെയും ഒരു പോലെയാണ് ഞങ്ങൾ പരിഗണിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ കുട്ടി ഇപ്പോൾ ഇരിക്കുന്നിടത്തു തന്നെ തുടരട്ടെ..." ഇതായിരുന്നു ക്ലാസ് ടീച്ചറുടെ മറുപടി.

അന്നുമുതൽ അമ്മയ്ക്ക് ആ സ്കൂളിനെക്കുറിച്ച് നീരസമായിരുന്നു. ക്ലാസുകൾ മുന്നോട്ടു നീങ്ങി. പരീക്ഷയും എത്തി. പ്രതീക്ഷിച്ചതിന് വിപരീതമായി ആ കുട്ടി ഒരു പരീക്ഷയ്ക്ക് തോറ്റു. അതോടെ വർധിച്ച കോപത്തോടെ അമ്മ സ്കൂളിലെത്തി: "അന്നേ ഞാൻ നിങ്ങളോട് പറഞ്ഞതാണ് എന്റെ കുട്ടിയെ മുൻബഞ്ചിൽ ഇരുത്തണമെന്ന്. നിങ്ങൾ ആവശ്യപ്പെട്ട പണം നൽകി മകളെ സ്കൂളിൽ ചേർത്തത്
ഇങ്ങനെ തോൽക്കാൻ വേണ്ടിയല്ല...." ആ കുട്ടി തോറ്റത് ക്ലാസ് ടീച്ചറേയും അതിശയിപ്പിച്ചു. എന്തെന്നാൽ ക്ലാസ് മുറിയിൽ അവളുടെ പ്രകടനം മികച്ചതായിരുന്നു.

പിന്നീടുള്ള അന്വേഷണത്തിൽ അവർ തോൽവിയുടെ കാരണം കണ്ടെത്തി. കുട്ടിയ്ക്ക് വർണങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല. പച്ച പെൻസിൽകൊണ്ട് അടയാളപ്പെടുത്താൻ പറഞ്ഞാൽ കറുത്ത നിറമാണ് കുട്ടി പേപ്പറിൽ ഉപയോഗിക്കുന്നത്. കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോൾ ഒരു കുഴപ്പവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അവസാനം സ്കൂൾ അധികൃതർ ഒരു തീരുമാനത്തിലെത്തി. എല്ലാ കുട്ടികൾക്കുമായി പരീക്ഷ ഒന്നുകൂടി നടത്തുക. പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയം. ക്ലാസിനു പുറത്ത് കുട്ടിയുടെ അമ്മയുമുണ്ട്. അവരുടെ കണ്ണു നനയിപ്പിക്കുന്നതായിരുന്നു പിന്നീട് നടന്നത്. അടുത്തിരിക്കുന്ന കുട്ടിയുടെ പക്കൽ കറുത്ത പെൻസിൽ മാത്രമേയുള്ളൂ എന്ന് തിരിച്ചറിഞ്ഞ് തന്റെ പെൽസിൽ ബോക്സ് ആ സുഹൃത്തിനു നൽകുന്ന പെൺകുട്ടി!

"നിങ്ങളുടെ മകൾ പരീക്ഷയ്ക്ക് തോറ്റാൽ എന്താ .... ഇത്ര കുഞ്ഞിലേ അനുകമ്പയും സ്നേഹവും ഇവളിൽ നിറഞ്ഞു തുളുമ്പുന്നു. ഇങ്ങനെയൊരു മകളെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം!" അമ്മയെ നോക്കി ക്ലാസ് ടീച്ചർ പറഞ്ഞു. മുതിർന്നവരായ പലരുടെയും മിഴികൾ തുറപ്പിക്കുന്ന സത്യമാണ് ഈ ചിത്രം വിളിച്ചോതുന്നത്. സ്വാർത്ഥതയുടെ ചുവരുകൾക്കുള്ളിലേക്ക് നമ്മൾ ഒതുങ്ങിക്കൂടുമ്പോൾ കരുണയും കരുതലുമെല്ലാം നമുക്ക് നഷ്ടമാകുന്നു. ഇവിടെയാണ് ക്രിസ്തു നമുക്ക് മാതൃകയാകുന്നത്. "ജനക്കൂട്ടത്തെ കണ്ടപ്പോള്‍, യേശുവിന്‌ അവരുടെമേല്‍ അനുകമ്പതോന്നി.  അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സഹായരുമായിരുന്നു"
(മത്തായി 9 : 36).

അനുകമ്പയാണ് അദ്ഭുതങ്ങളുടെ വാതായനം എന്ന യാഥാർത്ഥ്യം മനസിൽ സൂക്ഷിക്കാം. നമുക്കിടയിൽ ദാരിദ്ര്യവും പരാതീനതകളും വർദ്ധിക്കുന്നെങ്കിൽ അതിനൊരു പ്രധാന കാരണം നമ്മളെല്ലാം നമ്മിലേക്ക് തന്നെ ചുരുങ്ങുന്നു എന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.