നീതി നദി പോലൊഴുകട്ടെ

നീതി നദി പോലൊഴുകട്ടെ

"ഇൻജസ്റ്റിസ് എനിവെയർ ഈസ് എ ത്രെട് ടു ജസ്റ്റിസ് എവരി വെയർ"(അനീതി എവിടെയായാലും അത്‌ എല്ലായിടത്തുമുള്ള നീതിക്ക്‌ ഭീഷണിയാണ്‌).മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ ജൂനിയറിന്റെ ഈ വിഖ്യാതവാക്കുകള്‍ ലോകമെമ്പാടും നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കായ നല്ല മനുഷ്യമനസുകളെ പ്രചോദിപ്പിക്കുന്നുണ്ട്. ദാരിദ്യവും തൊഴിലില്ലായ്മയും അവകാശനിഷേധവും മൂലം ദുരിതത്തിന്റെ ചകിരിക്കുഴികളില്‍ വീണുനിലവിളിക്കുന്ന ജനകോടികളുടെ ശാശ്വത ക്ഷേമം സ്വപ്നം കണ്ടുകൊണ്ടാണ്‌ 2007-മൂതല്‍ ഐക്യരാഷ്ര്രസഭ ഫ്രെബുവരി - 20 ലോക സാമൂഹ്യ നീതി ദിനമായി ആചരിക്കുന്നത്‌. സാമൂഹ്യനീതിയും മാന്യമായ ജീവിതവും എല്ലാവര്‍ക്കും എന്ന പൊതുമുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ ഈ ദിനാചരണം, ഉള്‍ക്കണ്ണുകളെ അയല്‍പക്കത്തേയ്ക്കു തിരിക്കാന്‍ നമ്മെ നിര്‍ബന്ധിക്കും.

"അയല്‍ക്കാരന്റെ ക്ഷേമം സ്വന്തം ഉത്തരവാദിത്വമായി മനുഷ്യസമൂഹം അംഗീകരിക്കുന്നതു വരെ ഈ ലോകത്തു സാമൂഹ്യനീതി നടപ്പിലാകുകയില്ല” എന്ന ഹെലന്‍ കെല്ലറുടെ ദര്‍ശനം ഈ ദിനാചരണത്തിന്റെ വാക്യമുദ്രയാണ്‌. "ഏവര്‍ക്കും നീതി ലഭിക്കുന്ന ഒരു ലോകം നമ്മള്‍ നിര്‍മ്മിക്കാനൊരുങ്ങുമ്പോള്‍ നമുക്ക്‌ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തീവ്രമാക്കാം. അതുവഴി കൂടുതല്‍ സുതാര്യവും വികസനോത്മുഖവുമായ വിഭവ വിതരണം സാധ്യമാക്കാന്‍ നമുക്കു സാധിക്കും” എന്ന്‌ മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ പ്രത്യാശിക്കുന്നുണ്ട്‌.

സാമൂഹ്യനീതി എന്നത്, ലോക രാഷ്ര്രങ്ങള്‍ തമ്മിലുള്ള സമാധാനപരവും സമ്പന്നവുമായ സഹജീവിതത്തിന്റെ അടിസ്ഥാന തത്വമാണ്‌. സ്ത്രീ-പുരഷ സമത്വവും അഭയാര്‍ഥികളുടെയും ആദിവാസികളുടെയും അതിജീവനവും കുലീനസമൂഹം പങ്കുവയ് ക്കേണ്ട നീതിയാണ്‌.
ജാതി, മത, വര്‍ണ വര്‍ഗ്ഗ വത്യാസങ്ങള്‍ക്കുപ്പുറത്ത്‌ സാംസ്കാരികവും സാര്‍വദേശിയവുമായ വൈപൂല്യങ്ങളുടെ സമ്പന്നത പങ്കുവയ്ക്കുന്ന ഒരു നവ ലോക നിര്‍മിതിയുടെ പണിക്കാരാകണം പുതുതലമുറയിലെ നാമോരോരുത്തരും.

സാമൂഹ്യനീതിയുടെ പേരും പറഞ്ഞു കൊള്ളയും കൊലയും വര്‍ഗസമരങ്ങളും നടത്തുന്നവര്‍ അനീതി വിതയ്ക്കുകയാണെന്നു വ്യക്തമാണ്‌.
ഒരു ഭരണകൂടത്തിന്റെ നീതി എന്നതു സമൂഹത്തിലെ ദൂര്‍ബലരോടുള്ള മനോഭാവത്തിലാണു പ്രകടമാകുന്നത്‌. കേരളത്തില്‍ ഇക്കാലമത്രയും നീതിനിഷേധത്തിന്റെ തടവറയില്‍ കഴിയുന്ന ഒരു വിഭാഗമൂണ്ട്. മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും അവരുമായി ബന്ധപ്പെട്ടവരും. അടുത്തകാലത്ത്‌ സംസ്ഥാന സര്‍ക്കാരിന്റെ സൗമനസ്യം നീതിയുടെ നദിയായി അവരിലേയ്ക്കും ഒഴുകാന്‍ തുടങ്ങിയത്‌, കേരളത്തിൽ സാമൂഹികനീതിയുടെ ഉണര്‍ത്തുപാട്ടായിരിക്കുകയാണ്‌. “നീതി ജലം പോലൊഴുകുട്ടെ; സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലുകള്‍ പോലെയും” എന്ന വിശുദ്ധ ബൈബിളിലെ പ്രാര്‍ത്ഥന പഞ്ചഭുഖണ്‍ഡങ്ങളിലെ ജനകോടികളുടെ ചേതനയിലൂടൊഴുകട്ടെ.

നമുക്കു നമ്മുടെ പരിസരം നീതി സമൃദ്ധമാക്കാം. സത്യം നീതി സ്വാതന്ത്ര്യം സാഹോദര്യം തുടങ്ങിയ സനാതനമുല്യങ്ങളുടെ മൊത്ത വില്‍പ്പനക്കാരാണു നമ്മള്‍. നമ്മുടെ അരികിലും അയല്‍പക്കത്തും ദാരിദ്യം തുടച്ചു നീക്കാന്‍ നമൂക്കുള്ളതു പങ്കുവയ്ക്കാം. “ദാരിദ്ര്യത്തിന്റെ വിപരീതപദം സമ്പന്നത എന്നല്ല, പലപ്പോഴും അതു നീതി എന്നാണ്‌” എന്ന ബ്രയാന്‍ സ്റ്റീവന്‍സിന്റെ വാക്കുകളില്‍ ശരിയുണ്ട്‌.

സാമൂഹ്യനീതിക്കായി ഒരു ദിനം ലോകം ആചരിക്കുമ്പോള്‍ അതു നടപ്പിലാക്കണ്ട മനുഷ്യമനസിന്റെ ആത്മീയ ദര്‍ശനം വിശുദ്ധ ബൈബിളില്‍ ക്രിസ്തു സുവര്‍ണനിയമമായി അവതരിപ്പിക്കുതിങ്ങനെയാണ്‌; "മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തുതരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍!" ഇതല്ലേ യഥാര്‍ത്ഥ നീതിയുടെ മാനവിക ദര്‍ശനം!

ഫാ  റോയി കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും

ഫാ  റോയി കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.