ജോലിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ ശിവശങ്കര്‍; നേരിടുമെന്ന് സ്വപ്ന സുരേഷ്

ജോലിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ ശിവശങ്കര്‍; നേരിടുമെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: എച്ച് ആര്‍ ഡി എസില്‍ താന്‍ ജോലിയില്‍ പ്രവേശിച്ചതിനെതിരെയുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ ശിവശങ്കര്‍ ആണെന്ന് സ്വപ്ന സുരേഷ്. തന്നെ ആക്രമിക്കാന്‍ ഉള്ള ശ്രമം ശക്തമായി നടക്കുന്നുണ്ട്. വിവാദങ്ങളില്‍ ഒരുപാട് ദുഖം ഉണ്ടെന്നും സ്വപ്‌ന പറയുന്നു. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണമെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

ബിജെപിയുമായോ ആര്‍എസ്എസ്സുമായോ ഒരു ബന്ധവും ഇല്ല. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ലെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു. കുടുംബത്തെ നോക്കാന്‍ ജോലി അത്യാവശമാണ്. വിവാദങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും സ്വപ്‌ന വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഡല്‍ഹി ആസ്ഥാനമായുള്ള എച്ച്ആര്‍ഡിഎസ് എന്ന സന്നദ്ധ സംഘടനയില്‍ സിഎസ്ആര്‍ ഡയറക്ടറായി വെള്ളിയാഴ്ച രാവിലെയാണ് ജോലിയില്‍ പ്രവേശിച്ചത്. സ്വകാര്യ എന്‍ജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോയിന്‍ ചെയ്തത്. പാലക്കാട് അട്ടപ്പാടിയില്‍ അടക്കം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസിനായി വിദേശ കമ്പനികളില്‍ നിന്ന് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുന്നതാണ് സ്വപ്ന സുരേഷിന്റെ ജോലി.

ഈ മാസം പതിനൊന്നാം തീയതിയാണ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവ എച്ച്ആര്‍ഡിഎസ് എന്ന എന്‍ജിഒയില്‍ സിഎസ്ആര്‍ ഡയറക്ടറായി സ്വപ്ന സുരേഷിന് നിയമന ഉത്തരവ് നല്‍കിയത്. പ്രതിമാസ ശമ്പളം നാല്‍പ്പത്തിമൂവായിരം രൂപയിലായിരുന്നു സ്വപ്നയുടെ നിയമനം. വിദേശത്തും ഇന്ത്യയിലുമുള്ള കമ്പനികളില്‍ നിന്നടക്കം വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭിക്കുവാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് സ്വപ്നയുടെ പ്രധാന ചുമതല.

ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന 'സദ്ഗൃഹ' എന്ന പദ്ധതിയിലേക്ക് അടക്കമാണ് സ്വപ്ന ഫണ്ട് കണ്ടെത്തേണ്ടത്. ജാമ്യത്തിലിറങ്ങിയ ശേഷം ജോലിയില്ലാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എച്ച്ആര്‍ഡിഎസ് തയാറായതെന്ന് ചീഫ് പ്രൊജക്ട് കോഡിനേറ്റര്‍ ജോയ് മാത്യു വ്യക്തമാക്കിയിരുന്നു.

സ്വപ്ന സുരേഷ് എച്ച് ആര്‍ ഡി എസില്‍ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ ആദിവാസികള്‍ക്ക് വാസ യോഗ്യമല്ലാത്ത വീടുകള്‍ നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ എച്ച് ആര്‍ ഡി എസിനെതിരെ പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ കേസെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.