അഡിസ് അബാബ : നൈൽ നദിയിൽ എത്യോപ്യ നിർമ്മിച്ച വിവാദ അണക്കെട്ട് ഇന്നുമുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങിയതായി എത്യോപ്യൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 4.2 ബില്യൺ ഡോളർ മുതൽ മുടക്കി പടിഞ്ഞാറൻ ബെനിഷംഗുൽ-ഗുമുസ് മേഖലയിൽ നിർമ്മിച്ച അണക്കെട്ട് 2011 ൽ നിർമ്മാണം ആരംഭിച്ചതുമുതൽ എത്യോപ്യ, ഈജിപ്ത്, സുഡാൻ എന്നീ രാജ്യങ്ങൾക്കിടയിലുള്ള തർക്കകാരണമാണ്.
ഈ പദ്ധതി നൈൽ നദിയിലെ ജലമൊഴുക്കിനെ തടസ്സപ്പെടുത്തുമെന്ന് സുഡാനും ഈജിപ്തും ഭയപ്പെടുന്നു. പക്ഷെ തങ്ങളുടെ വികസനത്തിന് അണക്കെട്ട് അത്യാവശ്യമാണെന്ന് എത്യോപ്യയും വാദിക്കുന്നു. ഗ്രാൻഡ് എത്യോപ്യൻ നവോത്ഥാന ഡാം (GERD) എന്ന് വിളിക്കപ്പെടുന്ന അണക്കെട്ട് ആഫ്രിക്കയിലെതന്നെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ്.
പദ്ധതി പൂർണ്ണ പ്രവർത്തനസജ്ജമാകുമ്പോൾ വൈദ്യുത ഉത്പാദന മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നു കരുതുന്നു. 5,000 മെഗാവാട്ട് വൈദ്യുതിയാണ് ഇതിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്. നിലവിൽ 83.9 ശതമാനം നിർമ്മാണം പൂർത്തിയായതായി സർക്കാർ ഞായറാഴ്ച അറിയിച്ചു.
കഠിനമായ വരൾച്ചയും യുദ്ധവും മൂലം സാരമായി തകർന്ന ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഉത്തേജനമാകുകയാണ് പുതിയ പദ്ധതി. “ഞങ്ങളുടെ ഭൂഖണ്ഡത്തിനും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന നൈൽ തീരത്തുള്ള രാജ്യങ്ങൾക്കും ഇതൊരു നല്ല വാർത്തയാണ്. എത്യോപ്യ ഒരു പുതിയ യുഗത്തിന്റെ പിറവിയെ അടയാളപ്പെടുത്തുമ്പോൾ, എല്ലാ എത്യോപ്യക്കാരെയും ഞാൻ അഭിനന്ദിക്കുന്നു!” എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി ട്വിറ്ററിൽ കുറിച്ചു.
എത്യോപ്യ അണക്കെട്ടിൽ വെള്ളം സംഭരിക്കുമ്പോൾ ജലസേചനത്തിനും കുടിവെള്ളത്തിനും നൈൽ നദിയെ പൂർണ്ണമായും ആശ്രയിക്കുന്ന ഈജിപ്തിനെ ബാധിക്കുമെന്നതിനാൽ ഈജിപ്തിലേക്ക് ഒരു നിശ്ചിത അളവിലുള്ള ജലലഭ്യത എത്യോപ്യ ഉറപ്പു നൽകണമെന്ന് അവർ ആവശ്യപ്പെടുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു ഉറപ്പു നൽകുന്നതിന് അവർ വിമുഖത കാണിക്കുന്നു
കഴിഞ്ഞ വർഷം എത്യോപ്യ, അണക്കെട്ടിലെ ഔട്ട്‌ലെറ്റുകളിൽ മൂന്നെണ്ണം അടച്ചുപൂട്ടിയപ്പോൾ സുഡാനിലെ പമ്പിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു. ഈജിപ്തും സുഡാനും എത്യോപ്യയുമായി കരാറിനായി പരിശ്രമിക്കുന്നു, എങ്കിലും ഒത്തുതീർപ്പിൽ എത്തുന്നതിൽ പരാജയപ്പെടുകയാണുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.