മാക്രോണിന്റെ മധ്യസ്ഥതയില്‍ മഞ്ഞുരുക്കം ; ഉച്ചകോടിക്ക് തത്വത്തില്‍ സമ്മതം അറിയിച്ച് ജോ ബൈഡനും പുടിനും

മാക്രോണിന്റെ മധ്യസ്ഥതയില്‍ മഞ്ഞുരുക്കം ; ഉച്ചകോടിക്ക് തത്വത്തില്‍ സമ്മതം അറിയിച്ച് ജോ ബൈഡനും പുടിനും

പാരിസ് /വാഷിംഗ്ടണ്‍: മഹായുദ്ധമൊഴിവാക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിവരുന്ന നീക്കം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. യു.എസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഉക്രെയ്നുമായി ബന്ധപ്പെട്ട ഉച്ചകോടിക്ക് തത്വത്തില്‍ സമ്മതിച്ചു. പതിറ്റാണ്ടുകളിലെ ഏറ്റവും അപകടകരമായ യൂറോപ്യന്‍ പ്രതിസന്ധികളിലൊന്നില്‍ നിന്ന് സാധ്യമായ രക്ഷാ പാത ഇതുവഴി തെളിഞ്ഞുവരുന്നതായി യു.എസ്, ഫ്രഞ്ച് നേതാക്കള്‍ സൂചിപ്പിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു:'യൂറോപ്പിലെ സുരക്ഷയും തന്ത്രപരമായ സ്ഥിരതയും' എന്ന വിഷയത്തിലുള്ള ആശയവിനിമയത്തിനാണ് രണ്ട് നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധ്യത തെളിഞ്ഞിട്ടുള്ളത്.മാക്രോണ്‍, ബൈഡന്‍, പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവര്‍ തമ്മില്‍ നിരവധി ഫോണ്‍ കോളുകള്‍ക്ക് ശേഷം പ്രഖ്യാപിച്ച നിര്‍ദ്ദിഷ്ട ഉച്ചകോടിയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല.

ഒരാഴ്ചയായി ഉക്രെയ്ന്‍ മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധസമാന അന്തരീക്ഷത്തിന് ഇതോടെ അയവ് വരുമെന്നാണ് പ്രതീക്ഷ. സൈനികരെ പിന്‍വലിച്ചിട്ടില്ലെന്നതിനാല്‍ നാറ്റോ സഖ്യവും പോളണ്ടില്‍ തമ്പടിച്ച അമേരിക്കന്‍ സൈന്യവും ജാഗ്രതയില്‍ തന്നെയാണ്.

അതേസമയം, ബൈഡന്‍ കൂടിക്കാഴ്ചയെ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒരു അധിനിവേശം നടന്നിട്ടില്ലെങ്കില്‍ മാത്രമേ അതിനു സാംഗത്യമുള്ളൂ എന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. 'നയതന്ത്രത്തിന് ഞങ്ങള്‍ എപ്പോഴും തയ്യാറാണ്് '- വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി അറിയിച്ചു.എന്നാല്‍, 'റഷ്യ യുദ്ധം തിരഞ്ഞെടുത്താല്‍ വേഗമേറിയതും കഠിനവുമായ പ്രത്യാഘാതങ്ങള്‍ നല്‍കാനും ഞങ്ങള്‍ തയ്യാറാകും.'


'ഞങ്ങളെന്നും നയതന്ത്രപരമായ ഒരു പരിഹാരത്തിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലോകരാജ്യങ്ങളുടെ നിരന്തരമായ അഭ്യര്‍ത്ഥന തള്ളിയത് പുടിന്‍ ആയിരുന്നു. ഒരു യുദ്ധത്തിലേക്കാണ് നീങ്ങുന്നതെങ്കില്‍ കടുത്ത ഉപരോധമല്ലാതെ മറ്റൊരു വഴിയും തങ്ങള്‍ക്ക് മുന്നിലില്ല. എന്നാല്‍ ഇത്രയൊക്കെ സമ്മര്‍ദ്ദമുണ്ടായിട്ടും റഷ്യ സൈനിക നീക്കം ശക്തമാക്കിയെന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു'- ജെന്‍ സാകി പറഞ്ഞു.

റഷ്യന്‍ സൈന്യത്തെ ഉക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് പല ഘട്ടങ്ങളിലായിട്ടാണ് പുടിന്‍ നീക്കിയത്. ഇതിനിടെ തുടര്‍ച്ചയായ സൈനിക പരിശീലനവും റഷ്യ അതിര്‍ത്തിയില്‍ ഒരു മാസത്തോളം നടത്തിയിരുന്നു. രാജ്യ അതിര്‍ത്തിയില്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ വിമത സേനകളെ ഉപയോഗിക്കുന്ന രീതികളും കഴിഞ്ഞയാഴ്ച മേഖലയെ അസ്വസ്ഥമാക്കി. രണ്ടിടങ്ങളിലായി വിമത സേന ഷെല്ലാക്രമണം നടത്തിയതില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. 20 ലേറെ തവണ ഷെല്ലാക്രമണം നടന്നതായാണ് ഉക്രെയ്ന്‍ ആരോപിക്കുന്നത്.

https://twitter.com/WhiteHouse?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1495497262029541386%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fzeenews.india.com%2Fworld%2Fjoe-biden-agrees-in-principle-to-ukraine-summit-with-vladimir-putin-2438384.html


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.