തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്കുള്ള ഇന്ധനവില വര്‍ധിപ്പിച്ച എണ്ണക്കമ്പനിയുടെ നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍. അനുകൂല നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് നിയമനടപടി. പ്രതിസന്ധി പരിഹരിക്കാന്‍ ഐ.ഒ.സിയുമായി ചര്‍ച്ച നടക്കുന്നുണ്ട്. സമാന്തരമായാണ് നിയമനടപടി. ഒപ്പം മറ്റ് സംസ്ഥാനങ്ങളിലെ ആര്‍.ടി.സികളുമായി ബന്ധപ്പെട്ട് യോജിച്ച നടപടി സാധ്യമാണോയെന്നും പരിശോധിക്കുന്നുണ്ട്. ഉയര്‍ന്ന നിരക്കില്‍ ഡീസല്‍ വാങ്ങേണ്ടെന്നാണ് കോര്‍പറേഷന്റെ തീരുമാനം.
ബള്‍ക്ക് പര്‍ച്ചേസ് വിഭാഗങ്ങള്‍ക്കുള്ള ഡീസല്‍ വില ഒറ്റയടിക്ക് ആറു രൂപ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പ്രതിദിനം 12 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് കെ.എസ്.ആര്‍.ടി.സിക്കുണ്ടാകുക. കോവിഡ് പ്രതിസന്ധിക്കിടെ ഇരുട്ടടിയായി മാറിയിരിക്കുകയാണ് ഇന്ധനവില വര്‍ധന.
നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഔട്ട്‌ലെറ്റുകള്‍ക്കൊപ്പം മാര്‍ക്കറ്റ് വിലയ്ക്ക് സ്വകാര്യ പമ്പുകളില്‍നിന്ന് ഇന്ധനം വാങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി. കോര്‍പറേഷന്റെ റീട്ടെയില്‍ പമ്പായ 'യാത്ര ഫ്യൂവല്‍സി'ന് ലഭിക്കുന്ന സ്റ്റോക്ക് മറ്റു ഡിപ്പോകളിലേക്കെത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. 'യാത്ര ഫ്യൂവല്‍' പദ്ധതി എല്ലാ ഡിപ്പോകളിലേക്കും വ്യാപിപ്പിച്ചാല്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാകും. എന്നാല്‍, നടപടിക്രമങ്ങള്‍ നീണ്ടതായതിനാല്‍ മറ്റു ഡിപ്പോകളില്‍ റീട്ടെയില്‍ പമ്പുകള്‍ തുടങ്ങാന്‍ സമയമെടുക്കും.
പ്രതിദിനം 50,000 ലിറ്ററിന് മുകളില്‍ ഡീസല്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളാണ് ബള്‍ക്ക് പര്‍ച്ചേസര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. പൊതുപമ്പുകളിലേതുപോലെ ബള്‍ക്ക് പര്‍ച്ചേസര്‍ വിഭാഗത്തില്‍ സാധാരണ നിരക്ക് വര്‍ധിപ്പിക്കാറില്ല. എന്നാല്‍, ഈ പതിവ് തെറ്റിച്ചാണ് ഒറ്റയടിക്ക് 6.73 രൂപ വര്‍ധിപ്പിച്ചത്. ഇതോടെ, കെ.എസ്.ആര്‍.ടി.സിക്ക് ഒരു ലിറ്റര്‍ ഡീസലിന് പൊതുപമ്പുകളിലേതിനെക്കാള്‍ 4.50 രൂപ അധികം നല്‍കണം. ഡീലര്‍ കമ്മിഷന്‍ കൂടിയാകുന്നതോടെ ആറു രൂപയാകും. വിവിധ സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പൊതുപമ്പുകളെ ഒഴിവാക്കി ബള്‍ക്ക് പര്‍ച്ചേസര്‍ വിഭാഗങ്ങളില്‍ കൈവെച്ചതെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.