കടുത്ത നീക്കം തുടര്‍ന്ന് പുടിന്‍: സംയമനം കൈവിടാതെ ജോ ബൈഡന്‍; സഖ്യ രാജ്യങ്ങളുമായി ചര്‍ച്ചാ പരമ്പര

കടുത്ത നീക്കം തുടര്‍ന്ന് പുടിന്‍: സംയമനം കൈവിടാതെ ജോ ബൈഡന്‍; സഖ്യ രാജ്യങ്ങളുമായി ചര്‍ച്ചാ പരമ്പര


വാഷിംഗ്ടണ്‍/ക്രെംലിന്‍:ഉക്രെയ്‌നിലെ വിഘടനവാദ പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിക്കാനുള്ള പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഉത്തരവിനോട് തല്‍ക്കാലം ചടുലമായി പ്രതികരിക്കേണ്ടെന്ന നയമാണ് അമേരിക്ക സ്വീകരിച്ചിട്ടുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോക രാഷ്ട്രങ്ങളോടുള്ള അനാദരവാണ് പുടിന്റെ പ്രഖ്യാപനമെങ്കിലും യുദ്ധം ഒഴിവാക്കാനുള്ള ഏതു സാധ്യതയും മുന്നില്‍ കണ്ടുള്ള നീക്കമാണ് നിലവില്‍ അനിവാര്യമെന്ന ചിന്താഗതിയില്‍ നിന്ന് അമേരിക്കയും സഖ്യ കക്ഷികളും പിന്നോട്ടുപോയിട്ടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

ആതേസമയം, പ്രസിഡന്റ് ജോ ബൈഡനും പുടിനും തമ്മില്‍ നടക്കുമെന്നു പറയപ്പെടുന്ന ഉച്ചകോടിക്ക് എന്തെങ്കിലും പരിഗണന നല്‍കുന്നുണ്ടോ എന്ന ചോദ്യങ്ങളോട് വൈറ്റ് ഹൗസ് ഉടനടി പ്രതികരിച്ചില്ല. സാധ്യമായ ഉച്ചകോടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ഈ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ അനിശ്ചിത്വം ബാക്കിയായി.

പുടിന്റെ പ്രസംഗത്തെത്തുടര്‍ന്ന്, ഉക്രേനിയന്‍ പരമാധികാരത്തോടുള്ള യുഎസ് പ്രതിബദ്ധത 'വീണ്ടും ഉറപ്പിക്കുന്നതിനായി' ബൈഡന്‍ ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ 35 മിനിറ്റ് സംസാരിച്ചുവെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ഉപരോധത്തിനുള്ള പദ്ധതിയും അദ്ദേഹം വിശദമാക്കി.

രണ്ട് പ്രധാന യൂറോപ്യന്‍ സഖ്യകക്ഷികളായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവരുമായി ബൈഡന്‍ അരമണിക്കൂറോളം സംസാരിച്ചുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്ന് നേതാക്കളും പുടിന്റെ തീരുമാനത്തെ ശക്തമായി അപലപിക്കുകയും അവരുടെ പ്രതികരണം എങ്ങനെ ഏകോപിപ്പിക്കണമെന്ന് പരസ്പരം ചര്‍ച്ച നടത്തുകയും ചെയ്തു.

'പുടിന് നയതന്ത്രത്തോട് കൂറില്ല'

പുടിന് നയതന്ത്രത്തില്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് വിഘടനവാദി മേഖലകള്‍ റഷ്യ അംഗീകരിച്ചതെന്ന് ആന്റണി ബ്ലിങ്കന്‍ കുറ്റപ്പെടുത്തി.ഇതിനിടെ, എപ്പോള്‍ വേണമെങ്കിലും റഷ്യക്കെതിരെ കനത്ത ഉപരോധം ഏര്‍പ്പെടുത്തിയേക്കുമെന്ന് യു എസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.എങ്കിലും കാത്തിരിക്കാനുള്ള മനോഭാവമാണ് അമേരിക്ക സ്വീകരിക്കുന്നത്. 'ടാങ്കുകള്‍ ഉരുളുന്നത് വരെ' ചര്‍ച്ചകള്‍ സാധ്യമാണെന്ന് ബൈഡന്‍ ടീം കരുതുന്നു. അതേസമയം, ടീമിലെ ചിലരെങ്കിലും കര്‍ശനമായ സമീപനം സ്വീകരിക്കണമെന്ന അഭിപ്രായക്കാരുമാണ്.
.

പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രെയ്നെ റഷ്യന്‍ വിരുദ്ധ കോട്ടയാക്കി മാറ്റുന്നുവെന്ന് ആരോപിച്ച് നടത്തിയ പ്രസംഗത്തിലാണ് സ്വയം പ്രഖ്യാപിത ഡൊനെറ്റ്സ്‌ക്, ലുഗാന്‍സ്‌ക് പ്രവിശ്യകളുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നതായി പുടിന്‍ പറഞ്ഞത്. സൈനിക നീക്കങ്ങളുടെ കാര്യത്തില്‍ ഈ പ്രഖ്യാപനം എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതിനെക്കുറിച്ച് വിശദമാക്കിയിട്ടില്ലെങ്കിലും, പ്രദേശത്ത് 'സമാധാനപാലനം' ചെയ്യാന്‍ അദ്ദേഹം റഷ്യയെ ചുമതലപ്പെടുത്തിയത് സുപ്രധാന സൂചനയായി.

അതേസമയം, ഈ രണ്ട് പ്രദേശങ്ങള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ ഉപരോധം ബാധകമാക്കി. എന്നാല്‍ റഷ്യയ്ക്കെതിരെ വിശാലമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനം ഉടന്‍ വേണ്ടെന്നു വച്ചു. നയതന്ത്രത്തെ കൈവിടാതിരിക്കാനാണിതെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ റഷ്യന്‍ സായുധ സേനയ്ക്ക് അവിടെ 'സമാധാനപാലനം' നടത്താനുള്ള പുടിന്റെ ഉത്തരവ് ഒരു അധിനിവേശമായി കണക്കാക്കുന്നുണ്ടോ എന്ന് വിശദീകരിക്കാന്‍ ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ വിസമ്മതിച്ചു.'റഷ്യ എന്താണ് ചെയ്തതെന്ന് ഞങ്ങള്‍ വിലയിരുത്താന്‍ പോകുന്നു,' ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എട്ട് വര്‍ഷമായി റഷ്യന്‍ സേന വിഘടനവാദി മേഖലകളില്‍ രഹസ്യമായി വിന്യസിക്കപ്പെട്ടിരുന്നതായി അവര്‍ ഊന്നിപ്പറഞ്ഞു. 'വരാനിരിക്കുന്ന മണിക്കൂറുകളിലും ദിവസങ്ങളിലും അവര്‍ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങള്‍ വളരെ സൂക്ഷ്മമായി പരിശോധിക്കാന്‍ പോകുന്നു, ഞങ്ങളുടെ പ്രതികരണം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് ആയിരിക്കും.'

ഡോണ്‍ബാസിലേക്ക് കവചിത വാഹന നിരകള്‍ നീങ്ങുന്നുവെന്ന റഷ്യന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ യുഎസിന് കഴിയില്ലെന്നും എന്നാല്‍ ഇത് മൂലം ഇപ്പോഴത്തെ നയത്തില്‍ മാറ്റം വരില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.'റഷ്യന്‍ സൈന്യം ഡോണ്‍ബാസിലേക്ക് നീങ്ങുന്നത് ഒരു പുതിയ ചുവടുവയ്പായിരിക്കില്ല'. നേരത്തെ തന്നെ റഷ്യന്‍ സൈന്യം അവിടെയുണ്ടായിരുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.


റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് യുഎസ് വിട്ടുനിന്നത് ഇക്കാരണത്താല്‍ കൂടിയാണെന്ന് മറ്റൊരു യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. 'ഇത് പുതിയ അധിനിവേശമല്ല. കാരണം അവര്‍ ഇതിനകം കൈവശപ്പെടുത്തിയ പ്രദേശമാണിത്'- ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. അതേസമയം, 'ഉക്രെയ്‌നിലെ ഈ മേഖലകളിലേക്ക് യു. എസില്‍ നിന്നുള്ള വ്യക്തികളുടെ പുതിയ നിക്ഷേപം, വ്യാപാരം, ധനസഹായം എന്നിവ നിരോധിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ബൈഡന്‍ ഒപ്പുവച്ചു.'- വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി അറിയിച്ചു.ഡൊനെറ്റ്സ്‌കിനും ലുഗാന്‍സ്‌കിനും ഇതിനകം യുഎസ് പൗരന്മാരുമായി വളരെ പരിമിതമായ ഇടപാടുകള്‍ മാത്രമേ ഉള്ളൂ.

'അധിനിവേശത്തിന്റെ ആദ്യ ചുവട്'

അതേസമയം, പുടിന്റെ നീക്കം വിശാലമായ അധിനിവേശത്തിന്റെ ആദ്യ ചുവടുകളാണെന്ന് പല നിരീക്ഷകരും പറയുന്നു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം ട്വീറ്റ് ചെയ്തു: റൂബിളിനെ നശിപ്പിക്കാനും റഷ്യന്‍ എണ്ണ-വാതക മേഖലയെ തകര്‍ക്കാനും ശക്തമായ ഉപരോധം ഉടനടി വേണം.'ഉക്രെയ്‌നിലെ മുന്‍ യുഎസ് അംബാസഡര്‍ വില്യം ടെയ്ലര്‍ സിഎന്‍എന്നിനോട് പറഞ്ഞു: 'ഇതൊരു അധിനിവേശമാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഞാന്‍ കരുതുന്നു.' യൂറോപ്യന്‍ സഖ്യകക്ഷികളുമായി കൂടിയാലോചിച്ച് യുഎസ് 'പിന്നോട്ട് പോകുകയാണെ'ന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം രൂക്ഷമായ സാമ്പത്തിക ഉപരോധത്തിന് കാരണമാകുമെന്ന് അമേരിക്കയും പാശ്ചാത്യ സഖ്യകക്ഷികളും മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ഉപരോധം പരിമിതമായ സ്വാധീനമേ ചെലുത്തൂ എന്ന് റഷ്യന്‍ കാര്യ വിദഗ്ധനായ മുന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ തോമസ് ഗ്രഹാം എബിസിയോട് പറഞ്ഞു.'ഉക്രെയ്‌നെ ആക്രമിക്കാനുള്ള പദ്ധതികള്‍ ഇല്ലെന്ന് ക്രെംലിന്‍ ആഴ്ചകളോളമായി ാവര്‍ത്തിക്കുന്നു. അതേസമയം രാജ്യത്തിന്റെ മൂന്ന് വശത്തും വലിയ സൈനിക സന്നാഹം കെട്ടിപ്പടുക്കുന്നു.'

ഡൊനെറ്റ്സ്‌കിനും ലുഗാന്‍സ്‌കിനും സ്വാതന്ത്ര്യം അംഗീകരിക്കുന്നത് 'നയതന്ത്രത്തോടുള്ള റഷ്യയുടെ അവകാശവാദത്തിന് നേരിട്ട് വിരുദ്ധമാണെന്നും ഉക്രെയ്‌നിന്റെ പരമാധികാരത്തിന് നേരെയുള്ള വ്യക്തമായ ആക്രമണമാണെന്നും' ബ്ലിങ്കെന്‍ പ്രസ്താവനയില്‍ പറഞ്ഞു.
'അന്താരാഷ്ട്ര നിയമങ്ങളോടും മാനദണ്ഡങ്ങളോടും പ്രസിഡന്റ് പുടിന്റെ കടുത്ത അനാദരവിന്റെ മറ്റൊരു ഉദാഹരണമാണ് റഷ്യയുടെ തീരുമാനം,'' അദ്ദേഹം പറഞ്ഞു, 'പങ്കാളികളുമായി ഏകോപിപ്പിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഉചിതമായ നടപടികള്‍ കൈക്കൊള്ളും' എന്ന് പ്രത്യേക ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെയും അധിക നടപടികളില്‍ നിന്ന് റഷ്യ വിട്ടുനിന്നാല്‍ ആസൂത്രിതമായ ഉന്നതതല യോഗങ്ങള്‍ ഇനിയും നടക്കുമെന്ന് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ഫിനര്‍ സൂചിപ്പിച്ചു. 'റഷ്യ ഉക്രെയ്നില്‍ കൂടുതല്‍ സൈനിക നടപടി സ്വീകരിക്കുകയാണെങ്കില്‍ വിദേശകാര്യ മന്ത്രിമാരുമായോ സ്റ്റേറ്റ് സെക്രട്ടറിയുമായോ വിദേശകാര്യ മന്ത്രി ലാവ്റോവുമായോ പ്രസിഡന്റുമായോ നയതന്ത്ര കൂടിക്കാഴ്ച നടത്താന്‍ കഴിയില്ല,'-അദ്ദേഹം സിഎന്‍എന്നിനോട് പറഞ്ഞു.അതേസമയം, ഉപരോധത്തിനുള്ള മുഴുവന്‍ രൂപരേഖയും തയ്യാറാണെന്ന് അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്ര കാര്യങ്ങളുടെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ് വ്യക്തമാക്കി.


https://twitter.com/LindseyGrahamSC?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1495889329155186688%7Ctwgr%5E%7Ctwcon%5Es2_&ref_url=https%3A%2F%2Fwww.timesofisrael.com%2Fholding-out-for-talks-us-reluctant-to-call-russian-move-into-ukraine-an-invasion%2F


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.