ഹോങ്കോംഗ് /ന്യൂഡല്‍ഹി: ഉക്രെയ്നില്‍ നിന്നുള്ള റഷ്യന്‍ അധിനിവേശ ഭീഷണിയുടെ വാര്‍ത്തകള്‍ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. ഏഷ്യന്‍ ഓഹരി സൂചികകളിലെല്ലാം ഭീതി പ്രകടമാണ്. ബോംബെ ഓഹരി സൂചികയില്‍ സെന്‍സെക്സ് 1000 പോയിന്റോളം ഇടിഞ്ഞു. നിഫ്റ്റി 1.68 ശതമാനം ഇടിവോടെ 17000 ത്തില്‍ താഴെയെത്തി.
രാവിലെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെയാണ് സെന്‍സെക്സ് 984.66 പോയിന്റുകള്‍ ഇടിഞ്ഞ് 56,698. 93 ലെത്തിയത്. 1.71 ശതമാനമായിരുന്നു ഇടിവ്. നിഫ്റ്റി 16,918 ലേക്കാണ് താഴ്ന്നത്.
ഓസ്ട്രേലിയന്‍ ഓഹരിസൂചികയില്‍ കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിര്‍ത്താനായില്ല. 7200 ല്‍ താഴെയാണ് സൂചിക. സ്വര്‍ണ ഖനന കമ്പനികളുടെ ഓഹരികളിലും ഊര്‍ജ്ജ കമ്പനികളുടെ ഓഹരികളിലും മാത്രമാണ് നേട്ടമുളളത്.
ജപ്പാന്‍ ഓഹരിസൂചികയിലും ഇടിവ് നേരിട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സെഷനുകളിലും തുടരുന്ന നഷ്ടത്തിന് ഇന്നും മാറ്റമുണ്ടായില്ല. നിക്കി സൂചിക 26,400 ല്‍ താഴെയാണ്. സോഫ്റ്റ് ബാങ്കിന്റെയും വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ്, ടൊയോട്ട തുടങ്ങിയവയുടെയും ഓഹരികള്‍ക്ക് ഇടിവ് നേരിട്ടു.
ഹോങ്കോംഗ് ഓഹരി വിപണിയില്‍ 3.1 ശതമാനവും ദക്ഷിണകൊറിയന്‍ വിപണിയില്‍ 1.8 ശതമാനവും തായ് വാനില്‍ 1.7 ശതമാനവും ഇടിവുണ്ടായി. ചൈനയുടെ ഓഹരിസൂചികയും ഒരു ശതമാനം നഷ്ടത്തിലാണ്. ന്യൂസിലാന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍, ഇന്‍ഡോനേഷ്യന്‍ സൂചികകളിലും 0.2 ശതമാനം മുതല്‍ 0.7 വരെ ഇടിവ് നേരിട്ടു.അമേരിക്കയിലെ ഓഹരി വിപണിക്ക് പ്രസിഡന്റ്‌സ് ഡേ പ്രമാണിച്ച ഇന്നലെ അവധിയായിരുന്നു. വിപണി തുറക്കുമ്പോള്‍ ശുഭ സൂചനകളല്ല ഉള്ളതെന്ന നിരീക്ഷകര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.