ചൈനയുടെ ഭീഷണി; അന്റാര്‍ട്ടിക്കയില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ വന്‍ പദ്ധതിയുമായി ഓസ്‌ട്രേലിയ

ചൈനയുടെ ഭീഷണി; അന്റാര്‍ട്ടിക്കയില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ വന്‍ പദ്ധതിയുമായി ഓസ്‌ട്രേലിയ

അന്റാര്‍ട്ടിക്കയിലെ ഓസ്ട്രേലിയയുടെ ഡേവിസ് റിസര്‍ച്ച് സ്റ്റേഷന്‍

കാന്‍ബറ: അന്റാര്‍ട്ടിക്കയിലെ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ. സ്‌കോട്ട് മോറിസണ്‍ സര്‍ക്കാര്‍ ഇതിനായി 800 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ വകയിരുത്തി. ധ്രുവപ്രദേശങ്ങളില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഓസ്‌ട്രേലിയയുടെ നീക്കം.


ശാസ്ത്ര ഗവേഷണ പദ്ധതികളിലൂടെ അന്റാര്‍ട്ടിയില്‍ ഓസ്‌ട്രേലിയയ്ക്കുള്ള മേല്‍കോയ്മ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തേടെയാണ് സര്‍ക്കാര്‍ വന്‍ നിക്ഷേപമിറക്കുന്നത്. ഇതിന്റെ ഭാഗമായി അത്യാധുനിക ഡ്രോണുകളും താല്‍ക്കാലിക സ്റ്റേഷനുകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കും. കാമറകളും സെന്‍സറുകളും മേഖലയെ നീരീക്ഷണ വിധേയമാക്കും.

മനുഷ്യന് എത്തിച്ചേരാന്‍ ഏറെ ബുദ്ധിമുട്ടുള്ള അന്റാര്‍ട്ടിക്കിന്റെ ഉള്‍പ്രദേശങ്ങളില്‍ പോലും ചൈന തങ്ങളുടെ സാന്നിധ്യം വിപുലപ്പെടുത്തുന്നത് ഓസ്‌ട്രേലിയയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഈ വെളുത്ത ഭൂഖണ്ഡത്തിന്റെ 42 ശതമാനമാണ് ഓസ്ട്രേലിയ അവകാശപ്പെടുന്നത്. അതേസമയം അന്താരാഷ്ട്ര ഉടമ്പടി പ്രകാരം അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കാനാവില്ല. ഓസ്ട്രേലിയ കൂടാതെ അര്‍ജന്റീന, ചിലി, യു.എസ്., ന്യൂസിലന്‍ഡ്, ഫ്രാന്‍സ്, നോര്‍വേ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും അന്റാര്‍ട്ടിക്കയുടെ വിവിധ ഭാഗങ്ങളില്‍ അവകാശമുന്നയിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശം നിയന്ത്രിക്കുന്നത് 1959-ല്‍ ഇവരൊപ്പിട്ട അന്റാര്‍ട്ടിക്ക ഉടമ്പടി പ്രകാരമാണ്. ഉടമ്പടി പ്രകാരം അന്റാര്‍ട്ടിക്കയില്‍ സൈനിക പ്രവര്‍ത്തനവും ഖനനവും നിരോധിച്ചിട്ടുണ്ട്.

കാലാവസ്ഥാ ഗവേഷണത്തിലും പരിസ്ഥിതി മാനേജ്‌മെന്റിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മേഖലയില്‍ സാന്നിധ്യം വിപുലപ്പെടുത്താനാണ് ഓസ്ട്രേലിയ ശ്രമിക്കുന്നത്. അടുത്ത പത്തു വര്‍ഷത്തേക്കാണ് 800 മില്യണ്‍ ഡോളര്‍ വകയിരുത്തിയിട്ടുള്ളത്.

ഗവേഷണത്തിനായി മേഖലയില്‍ ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍, മറ്റ് വാഹനങ്ങള്‍, മൊബൈല്‍ സ്‌റ്റേഷനുകള്‍ എന്നിവ സജ്ജീകരിക്കുന്നതിനു വേണ്ടിയാണ് പണം നിക്ഷേപിക്കുന്നത്. ഈ വന്‍ പദ്ധതി മറ്റു രാജ്യങ്ങള്‍ ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത അന്റാര്‍ട്ടിക്കയുടെ ഉള്‍പ്രദേശങ്ങളില്‍ പോലും പര്യവേക്ഷണം നടത്താന്‍ ഓസ്‌ട്രേലിയയെ പര്യാപ്തമാക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. പുതിയ മേഖലകള്‍ ഗവേഷണം ചെയ്യുന്നതിലൂടെ ഓസ്ട്രേലിയയുടെ സ്വാധീനം വര്‍ധിപ്പിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ചൈനയുടെ അധിനിവേശ ഭീഷണിയില്‍നിന്ന് ധ്രുവമേഖലയെ എങ്കിലും രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.


അന്റാര്‍ട്ടിക്കയുടെ ഐസ് ബ്രേക്കര്‍ ഗവേഷണ കപ്പല്‍ നുയിന

ഇനിയും വെളിച്ചത്തുവരാത്ത ഒരായിരം രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഇടമാണ് അന്റാര്‍ട്ടിക്ക. അതിനാല്‍ തന്നെ വന്‍ ഗവേഷണ പദ്ധതികള്‍ക്ക് എപ്പോഴും ഇവിടെ സാധ്യതയുണ്ട്.

'അന്റാര്‍ട്ടിക്ക ശാസ്ത്ര ഗവേഷണങ്ങള്‍ക്കുള്ള ഒരു സ്ഥലമായും സംഘര്‍ഷങ്ങളില്‍ നിന്നും ചൂഷണത്തില്‍നിന്നും സംരക്ഷിച്ചും നിലനിര്‍ത്തേണ്ടതുണ്ട്-പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നിര്‍ണായക പഠനങ്ങളും ഇവിടെയാണു നടക്കുന്നത്.

550 കിലോമീറ്റര്‍ ദൂരപരിധിയുള്ള നാല് ഹെലികോപ്റ്ററുകളാണു വാങ്ങുന്നത്. അത് ഓസ്ട്രേലിയയുടെ പുതിയ ഐസ് ബ്രേക്കര്‍ ഗവേഷണ കപ്പലായ നുയിനയില്‍നിന്ന് പറത്താനാകും. അന്റാര്‍ട്ടിക്കയുടെ ഇതുവരെ ചെന്നില്ലാത്ത മേഖലകളിലേക്കു പോകാന്‍ ഗവേഷകരെ പ്രാപ്തരാക്കും. പുതിയ മേഖലകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് ഇതൊരു സുവര്‍ണാവസരമാണ്.

ഓസ്ട്രേലിയയുടെ മൂന്ന് ഗവേഷണ കേന്ദ്രങ്ങള്‍ അന്റാര്‍ട്ടിക്കയിലുണ്ട്. അതേസമയം ചൈനയ്ക്ക് കൂടുതല്‍ സ്റ്റേഷനുകള്‍ ഉള്‍പ്രദേശത്തുണ്ട്.

അന്റാര്‍ട്ടിക്കയുമായി ബന്ധപ്പെട്ട കൂടുതല്‍ വായനയ്ക്ക്:

ഒരു കുപ്പി കോളയ്ക്ക് 2780 രൂപ; ഏറ്റവും ചെലവേറിയ ടൂറിസം സാധ്യതകളുമായി അന്റാര്‍ട്ടിക്ക

മഞ്ഞുപാളികള്‍ കീറിമുറിക്കും; അന്റാര്‍ട്ടിക്കയിലെ ഓസ്‌ട്രേലിയന്‍ പര്യവേഷണങ്ങള്‍ക്ക് അത്യാധുനിക ഐസ് ബ്രേക്കര്‍ കപ്പല്‍

ഓസ്‌ട്രേലിയയുടെ അത്യാധുനിക ഐസ് ബ്രേക്കര്‍ കപ്പലിന് കന്നിയോട്ടത്തില്‍ തകരാര്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.