ഒരു കുപ്പി കോളയ്ക്ക് 2780 രൂപ; ഏറ്റവും ചെലവേറിയ ടൂറിസം സാധ്യതകളുമായി അന്റാര്‍ട്ടിക്ക

ഒരു കുപ്പി കോളയ്ക്ക് 2780 രൂപ;  ഏറ്റവും ചെലവേറിയ ടൂറിസം സാധ്യതകളുമായി അന്റാര്‍ട്ടിക്ക

സിഡ്‌നി: പണം മുടക്കാന്‍ തയാറുണ്ടോ? എന്നാല്‍ ലോകത്തെ ഏറ്റവും ചെലവേറിയ വിനോദ സഞ്ചാര സ്ഥലമായ അന്റാര്‍ട്ടിക്കയിലേക്കു പോകാം. ലോകത്ത് ഒരിടത്തും കിട്ടാത്ത യാത്രാനുഭവങ്ങള്‍ ആണ് ലോകത്തിന്റെ തെക്കേയറ്റത്തെ കാഴ്ച്ചാ മുനമ്പില്‍ കാത്തിരിക്കുന്നത്. അന്റാര്‍ട്ടിക്കയിലെ വേനല്‍ക്കാല ടൂറിസം പദ്ധതികളുടെ ഭാഗമായാണ് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍നിന്ന് സഞ്ചാരികളെ കൊണ്ടുപോകുന്നത്. ഒരു യാത്രികന് 68000 ഓസ്‌ട്രേലിയന്‍ ഡോളറാണു (ഏകദേശം 37 ലക്ഷം ഇന്ത്യന്‍ രൂപ) ചെലവു വരുന്നത്. അന്റാര്‍ട്ടിക്കയിലെ ധ്രുവ മേഖലയില്‍ സഞ്ചാരികള്‍ക്ക് ആറു ദിവസം തങ്ങാം. നീലനിറം പ്രതിഫലിപ്പിക്കുന്ന മഞ്ഞുപാളികളിലൂടെ വിവിധ സാഹസിക വിനോദ പരിപാടികളിലും പങ്കെടുക്കാന്‍ അവസരമുണ്ട്. പെന്‍ഗ്വിനുകളെയും ധ്രുവക്കരടികളെയും അടുത്തു കാണാം. കൂടുതല്‍ കാശ് മുടക്കുന്നവര്‍ക്കു ഈ വെളുത്ത ഭൂഖണ്ഡത്തിന്റെ കൂടുതല്‍ മേഖലകളിലേക്കു സഞ്ചരിക്കാനും അവസരമുണ്ട്.


അന്റാര്‍ട്ടിക്കയില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയ ടെന്റുകള്‍

അന്റാര്‍ട്ടിക്കയെക്കുറിച്ച് ഗവേഷണം നടത്താന്‍ ശാസ്ത്രജ്ഞരും പര്യവേഷകരുമാണ് കൂടൂതലായും എത്തുന്നത്. പ്രതികൂല കാലാവസ്ഥയില്‍ ഏറെ കഠിനമാണ് ഇവരുടെ ജീവിതം. എന്നാല്‍ ഇവിടുത്തെ അനന്തവും സാഹസികവുമായ ടൂറിസം സാധ്യതകള്‍ കൂടി കണ്ടറിഞ്ഞാണ് സഞ്ചാരികളെ മാടിവിളിക്കുന്നത്. അതേസമയം കൂടുതല്‍ സഞ്ചാരികള്‍ എത്തുമ്പോള്‍ പാരിസ്ഥിതികമായി മേഖലയിലുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് ഗവേഷകര്‍ ആശങ്കയും പങ്കുവയ്ക്കുന്നുണ്ട്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അന്റാര്‍ട്ടിക്കയില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് സഞ്ചാരികളുമായി കൂറ്റന്‍ യാത്രാവിമാനമായ എയര്‍ബസ് എ 340 അന്റാര്‍ട്ടിക്കയിലെ സ്വകാര്യ റണ്‍വേയില്‍ ചരിത്രത്തില്‍ ആദ്യമായി ഇറങ്ങിയത്. പ്രത്യേകം ഉപകരണങ്ങളുപയോഗിച്ച് മൂവായിരം മീറ്റര്‍ നീളത്തില്‍ മഞ്ഞുപാളി ചെത്തിയെടുത്താണ് റണ്‍വേ സജ്ജമാക്കിയത്.

254 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന വിമാനത്തില്‍ എത്തിയത് 23 യാത്രക്കാര്‍ മാത്രം. അന്റാര്‍ട്ടിക്കയിലെ മുന്‍നിര ടൂര്‍ കമ്പനിയായ വൈറ്റ് ഡെസേര്‍ട്ടിന്റെ േനതൃത്വത്തിലാണ് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍നിന്ന് അന്റാര്‍ട്ടിക്കയിലെ ക്വീന്‍ മൗഡ് ലാന്‍ഡ് എന്ന മേഖലയിലേക്ക് സഞ്ചാരികളെ എത്തിച്ചത്. വൂള്‍ഫ്സ് ഫാങ് (Wolf's Fang) എന്ന് പേരുള്ള സാഹസിക വിനോദസഞ്ചാര ക്യാമ്പിലേക്ക് വേണ്ട അവശ്യ സാധനങ്ങളുമായിട്ടായിരുന്നു എ 340 എത്തിയത്. വൈറ്റ് ഡെസര്‍ട്ടിന്റെ പുതിയ ടൂറിസം പദ്ധതിയാണ് വൂള്‍ഫ്സ് ഫാങ്.

സാധാരണയായി 12 അതിഥികളുമായിട്ടാണ് ഇവര്‍ അന്റാര്‍ട്ടിക്കയില്‍ വിവിധ മേഖലകള്‍ സഞ്ചരിക്കുന്നത്. ലോകത്തെ ഏറ്റവും ചെലവേറിയ ടൂറിസം ഡെസ്റ്റിനേഷന്‍ കൂടിയാണ് അന്റാര്‍ട്ടിക്ക.

37 ലക്ഷം രൂപയോളം മുടക്കിയെന്നു കരുതി നക്ഷത്ര സൗകര്യമൊന്നും കിട്ടുമെന്നും കരുതേണ്ട. ലോകത്തിന്റെ അങ്ങേയറ്റത്ത് ആളുകളെ എത്തിക്കാനും സാധനങ്ങള്‍ എത്തിക്കാനും വലിയ ചെലവു വരും. ഒരു കുപ്പി കൊക്ക കോളയ്ക്ക് അന്റാര്‍ട്ടിക്കയില്‍ എത്തുമ്പോള്‍ 53 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 2780 ഇന്ത്യന്‍ രൂപ) ആകുമെന്നാണ് ടൂര്‍ കമ്പനിയായ വൈറ്റ് ഡെസേര്‍ട്ടിന്റെ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി മിന്റി റോബര്‍ട്ട്‌സ് പറയുന്നത്.



സഞ്ചാരികള്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ മുന്‍കൂട്ടി ഒരുക്കിയാണ് അന്റാര്‍ട്ടിക്കയിലെത്തിക്കുന്നത്. ഉരുളക്കിഴങ്ങും കാരറ്റും കറിപ്പാകത്തില്‍ മുറിച്ച് വൃത്തിയാക്കി കൊണ്ടുപോകും. മഞ്ഞിലെത്തുന്നവര്‍ക്ക് കൈയില്‍ കരുതേണ്ട സാധനസാമഗ്രികളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ട് ഏറ്റവും അത്യാവശ്യം സാധനങ്ങള്‍ മാത്രമേ കരുതാനാകൂ.

നിരവധി ടൂര്‍ കമ്പനികള്‍ അന്റാര്‍ട്ടിക്കയിലേക്ക് പലവഴിക്കായാണ് സഞ്ചാരികളെ എത്തിക്കുന്നത്. സ്വകാര്യ ക്യാമ്പ് സൈറ്റുകളും ക്രൂയിസുകളും സ്‌കൈ ഡൈവിംഗ് നടത്തുന്നുമുണ്ട്.

അന്റാര്‍ട്ടിക്കയിലേക്കുള്ള വിനോദ സഞ്ചാരം നിയന്ത്രിക്കുന്നത് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അന്റാര്‍ട്ടിക്ക ടൂര്‍ ഓപ്പറേറ്റേഴ്‌സ് (ഐ.എ.എ.ടി.ഒ) എന്ന സ്ഥാപനമാണ്. ഇവിടേക്കുള്ള എല്ലാ ടൂര്‍ കമ്പനികളും ഐ.എ.എ.ടി.ഒയുടെ കര്‍ശനമായ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഐ.എ.എ.ടി.ഒയുടെ കണക്കനുസരിച്ച് 2019-20 സീസണില്‍ 74,401 യാത്രക്കാര്‍ ഇവിടേക്കെത്തി. മുന്‍ വര്‍ഷം ഇത് 56,168 ആയിരുന്നു.

കടല്‍ മാര്‍ഗമാണ് കൂടുതല്‍ യാത്രക്കാരും അന്റാര്‍ട്ടിക്കയിലെത്തിയത്. കഴിഞ്ഞ വര്‍ഷം 731 പേര്‍ മാത്രമാണ് വിമാനമാര്‍ഗം എത്തിയത്.

ഇവിടെയെത്തുന്ന ടൂര്‍ കമ്പനികളും സന്ദര്‍ശകരും കര്‍ശനമായ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഇതിനായി ഒരു വര്‍ഷത്തിന് മുന്നേ തന്നെ ഐ.എ.എ.ടി.ഒ എല്ലാ ടൂര്‍ കമ്പനികള്‍ക്കും വരുന്ന വര്‍ഷത്തെ ടൂര്‍ ഷെഡ്യൂള്‍ അനുവദിക്കും. ഇതുപ്രകാരം മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ.


സഞ്ചാരികള്‍ പെന്‍ഗ്വിനുകളുടെ ചിത്രമെടുക്കുന്നു.

എന്നാല്‍ അന്റാര്‍ട്ടിക്ക പോലുള്ള അതീവ പരിസ്ഥിതി ലോല മേഖലയില്‍ സഞ്ചാരികള്‍ കൂടുതല്‍ എത്തുന്നത് ഇവിടുത്തെ പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുമെന്നാണ് ഗവേഷകരുടെ ഭയം. ലോകത്തെ തന്നെ അപൂര്‍വമായ സസ്യലതാതികളുടെ മേഖല കൂടിയാണ് അന്റാര്‍ട്ടിക്ക. നിലവില്‍ ധ്രുവ മേഖലയിലെ ചെറിയൊരു ഭാഗത്തു മാത്രമാണ് സഞ്ചാരികളെത്തുന്നതെന്നാണ് അന്റാര്‍ട്ടിക് ആന്‍ഡ് സതേണ്‍ ഓഷ്യന്‍ സഖ്യത്തിന്റെ സീനിയര്‍ അഡൈ്വസറായ റിക്കാര്‍ഡോ റൗറ പറയുന്നത്.


സഞ്ചാരികള്‍ കൂടുതായി എത്തുന്നതിനാല്‍ മാലിന്യപ്രശ്‌നവും തുടങ്ങിയിട്ടുണ്ട്. ഇവ നീക്കം ചെയ്യുക എന്നതാണ് പ്രധാന വെല്ലുവിളി. 2007-ല്‍ പര്യവേഷകരുമായി എത്തിയ കപ്പല്‍ മഞ്ഞില്‍ ഉറച്ച് മുങ്ങിയതിനെ തുടര്‍ന്ന് ഇന്ധന ചോര്‍ച്ചയുണ്ടായിരുന്നു. പെന്‍ഗ്വിനുകളുടെ ആവാസത്തിന് വലിയ തോതില്‍ ഭീഷണിയാവുകയും ചെയ്തു. യാത്രികരായി എത്തിയ 154 പേരെയാണ് അന്നു മറ്റു കപ്പലുകള്‍ രക്ഷപ്പെടുത്തിയത്. ഇതോടെ 2011-ല്‍ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ ഇവിടെെയത്തുന്ന കപ്പലുകള്‍ക്ക് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തി. പോളാര്‍ വാട്ടേഴ്‌സിലേക്ക് വലിയ ഇന്ധന ടാങ്കുകള്‍ വഹിക്കുന്ന കപ്പലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും മറ്റു കപ്പലുകള്‍ക്കായി പെരുമാറ്റ ചട്ടം കൊണ്ടുവരുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.