ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരുടെ ലിസ്റ്റിലേക്ക് തള്ളിവിടുന്ന വ്യാജ സന്ദേശങ്ങള്‍ പെരുകുമ്പോള്‍

ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരുടെ ലിസ്റ്റിലേക്ക് തള്ളിവിടുന്ന വ്യാജ സന്ദേശങ്ങള്‍ പെരുകുമ്പോള്‍

മനുഷ്യര്‍ ഒരുപാട് മാറയിരിക്കുന്നു, മനുഷ്യത്വവും. അതിനൂതന ആശയ വിനിമയ മാര്‍ഗങ്ങള്‍ ജനപ്രിയമായപ്പോഴേക്കും മനുഷ്യന്‍ മാറി. എല്ലാക്കാര്യങ്ങളിലും ഈ മാറ്റങ്ങള്‍ പ്രകടമാണ് എന്നു വേണം പറയാന്‍. ഈ നവയുഗ സംസ്‌കാരത്തില്‍ ഡൂപ്ലിക്കേറ്റ് എന്ന വാക്ക് മനുഷ്യര്‍ക്ക് അപരിചിതമല്ല. കാരണം എന്തിനും ഏതിനും വ്യാജന്മാര്‍ ഇറങ്ങുന്ന കാലമാണ് ഇത്. കൈയില്‍ കിട്ടുന്ന എന്തും രണ്ടു തവണ സൂക്ഷിച്ചു നോക്കണം, ഏതാണ് ഒര്‍ജിനല്‍ എന്ന് അറിയാന്‍.

പ്രത്യേകിച്ച് നമ്മുടെ ഒക്കെ ഫോണിലേക്ക് എത്തുന്ന ചില സന്ദേശങ്ങള്‍ പോലും കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. അത്രയധികമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട് വ്യാജ സന്ദേശങ്ങള്‍. വാട്‌സ്ആപ്പിലൂടേയും ഫേസ്ബുക്കിലൂടേയുമെല്ലാം നമുക്ക് മുന്നിലേക്കെത്തുന്ന വ്യാജ സന്ദേശങ്ങള്‍ നിരവധിയാണ്. പലപ്പോഴും സന്ദേശങ്ങളുടെ നിചസ്ഥിതി വിലയിരുത്താതെ നാമും അവ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്നു.

ജീവിച്ചിരിക്കുന്നവരെ പോലും മരണപ്പെട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പല വ്യാജ സന്ദേശങ്ങളും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. വ്യാജ സന്ദേശങ്ങളുടെ ഈ പ്രചരണം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. വര്‍ഷങ്ങളുടെ പഴക്കമുണ്ട് അവയ്ക്ക്. 'ഞാനിന്നും ഓര്‍ക്കുന്നു, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം എന്റെ ഫോണിലേക്ക് ഒരു സന്ദേശമെത്തി, ഒരു സീരിയല്‍ താരം മരണപ്പെട്ടു എന്ന വാര്‍ത്ത ആയിരുന്നു ആ സന്ദേശത്തില്‍. എന്റെ നാട്ടുകാരി കൂടിയായ താരത്തിന്റെ മരണ വാര്‍ത്തയില്‍ ഞാനും ഞെട്ടി. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എനിക്ക് ലഭിച്ചത് ഒരു വ്യാജ സന്ദേശമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു'. സ്വന്തം നാട്ടില്‍ താമസിക്കുന്ന ഒരാളുടെ മരണവാര്‍ത്ത ആയതുകൊണ്ട് മാത്രമാണ് ആ സന്ദേശത്തിലെ തെറ്റ് എനിക്ക് തിരിച്ചറിയാന്‍ സാധിച്ചത്.

എന്നാല്‍ എപ്പോഴും ഇത്തരത്തില്‍ സന്ദേശങ്ങളിലെ വ്യാജന്മാരെ നമുക്ക് തിരിച്ചറിയാന്‍ സാധിച്ചെന്നു വരില്ല. വ്യാജ സന്ദേശങ്ങളേയും വാര്‍ത്തകളേയുമൊക്കെ എങ്ങനെ തിരച്ചറിയാം എന്നത് സംബന്ധിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ഫോണിലേക്കും മറ്റും വരുന്ന ചില വ്യാജ സന്ദേശങ്ങളടങ്ങിയ വാര്‍ത്തകളുടെ സത്യസന്ധത തിരിച്ചറിയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

വാര്‍ത്തയുടെ ഉറവിടം

നമുക്ക് മുന്നിലേക്കെത്തുന്ന വാര്‍ത്തയുടെ ഉറവിടെ കൃത്യമായി പരിശോധിക്കുന്നത് നല്ലതാണ്. കാരണം തികച്ചും അപരിചിതമായ നമ്പറുകളില്‍ നിന്നോ കേട്ടറിവ് പോലും ഇല്ലാത്ത വെബ്‌സൈറ്റുകളില്‍ നിന്നോ ലഭിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും വ്യാജ സന്ദേശങ്ങളായിരിക്കും നമ്മിലേക്ക് എത്തിക്കുക

തലക്കെട്ടുകള്‍

വാര്‍ത്തയുടെ ഉറവിടം പോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വാര്‍ത്തയുടെ തലക്കെട്ടും. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്കിലുമൊക്കെ പങ്കുവെയ്ക്കപ്പെടുന്ന വാര്‍ത്തകളുടെ തലക്കെട്ട് പ്രത്യേകം ശ്രദ്ധിക്കുക. വളരെ പെട്ടെന്ന് ആകര്‍ഷിക്കുന്ന തരത്തിലുള്ള തലവാചകങ്ങളാണ് നല്‍കിയിരിക്കുന്നതെങ്കിലും ആ സന്ദേശവും വ്യാജമായിരിക്കാനുള്ള സാധ്യത കൂടുതലാണ്.

മറ്റ് മാധ്യമങ്ങളെ ആശ്രയിക്കുക

മറ്റ് മാധ്യമങ്ങളെ ആശ്രയിക്കുക എന്നത് വ്യാജ വാര്‍ത്തകളെ തിരിച്ചറിയാന്‍ സാധിക്കുന്ന മറ്റൊരു മാര്‍ഗമാണ്. ഫോണിലേക്ക് സന്ദേശമായി ഒരു വാര്‍ത്ത ലഭിക്കുമ്പോള്‍ അതേ വാര്‍ത്ത മറ്റ് മാധ്യമങ്ങളിലും വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ശ്രമിക്കുക. നല്ല രീതിയില്‍ പ്രചാരത്തിലുള്ള മാധ്യമങ്ങള്‍ അത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു പരിധി വരെ അത്തരം വാര്‍ത്തകളെ വിശ്വസിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.