ഉണര്‍ന്നത് സ്ഫോടന ശബ്ദം കേട്ട്; ഭക്ഷണത്തിനും വെള്ളത്തിനും ഉടന്‍ ദൗര്‍ലഭ്യം നേരിടുമെന്ന് വിദ്യാര്‍ഥികള്‍

ഉണര്‍ന്നത് സ്ഫോടന ശബ്ദം കേട്ട്; ഭക്ഷണത്തിനും വെള്ളത്തിനും ഉടന്‍ ദൗര്‍ലഭ്യം നേരിടുമെന്ന് വിദ്യാര്‍ഥികള്‍

കൊച്ചി: സ്ഫോടന ശബ്ദം കേട്ടാണ് രാവിലെ എഴുന്നേറ്റതെന്ന് മലയാളി വിദ്യാര്‍ഥിനി. തൊട്ടടുത്ത നഗരത്തിലാണ് റഷ്യ തൊടുത്ത ബോംബ് വീണതെന്ന് ഭയത്തോടെയാണ് അഞ്ജലി എന്ന മലയാളി വിദ്യാര്‍ഥിനി പറഞ്ഞത്. ഭക്ഷണത്തിനും വെള്ളത്തിനും ഉടന്‍ ദൗര്‍ലഭ്യം നേരിടുമെന്നാണ് തോന്നുന്നത്. ഇപ്പോള്‍ സാഹചര്യം വളരെ മോശമാണ്. മൊബൈല്‍ നെറ്റ്വര്‍ക്കിനും ഇന്റര്‍നെറ്റ് കണക്ഷനും പ്രശ്നങ്ങളുണ്ടെന്നും അഞ്ജലി പറയുന്നു.

മലയാളികള്‍ ഉള്‍പ്പടെ പതിനായിരത്തോളം ഇന്ത്യാക്കാരാണ് ഉക്രെയ്‌നിലുള്ളത്. ഇതിലേറെയും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. രക്ഷാ ദൗദ്യത്തിനായി ഇന്ന് രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളാണ് ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്നതെങ്കിലും നോ ഫ്ളൈ സോണ്‍ ആയതിനാല്‍ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ സുരക്ഷിതരാണെന്നാണ് യുക്രൈനിലെ സാഹചര്യം പങ്കുവെച്ച മലയാളികളില്‍ പലരും പ്രതികരിച്ചത്.

അതിര്‍ത്തിപ്രദേശങ്ങളിലാണ് ആക്രമണം കൂടുതലുള്ളതെന്നും അവര്‍ പറയുന്നു. സുരക്ഷിതനാണെന്ന് ഉക്രെയ്‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥിയായ അഫ്സല്‍ പറഞ്ഞു. പലരും പലയിടത്തായാണുള്ളത്. ഇതുവരെ പ്രശ്നങ്ങളൊന്നും ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എത്രയും പെട്ടന്ന് മടങ്ങിവരാന്‍ ശ്രമിക്കുന്നുണ്ടെന്നും അഫ്സല്‍ വ്യക്തമാക്കി.

രക്ഷാ ദൗത്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി മറ്റൊരു വിദ്യാര്‍ഥി അഭിമന്യു വിജയ് പറഞ്ഞു. ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്നാണ് അഭിമന്യൂ പ്രതികരിച്ചത്. കീവില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണ്. എന്നാല്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് ആളുകള്‍ ഭയപ്പെട്ട് ഭക്ഷണസാധനങ്ങളും മറ്റും വാങ്ങിക്കൂട്ടുകയാണ്. എടിഎമ്മിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും നല്ല തിരക്കാണുള്ളതെന്നും അഭിമന്യൂ വ്യക്തമാക്കുന്നു.

അതേസമയം ഉക്രെയ്‌നിലെ മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി പ്രതികരിച്ചു. വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറിയിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ്.

വിദേശകാര്യമന്ത്രാലയവുമായും എംബസിയുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. സാധ്യമായ എല്ലാ സഹായവും വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.