പള്ളിമണി മുഴങ്ങവേ വ്യോമാക്രമണ സൈറണും; വിവാഹ വേദി വിട്ട് പോരാളികളുടെ സംഘത്തിലേക്ക് നവ ദമ്പതികള്‍

പള്ളിമണി മുഴങ്ങവേ വ്യോമാക്രമണ സൈറണും; വിവാഹ വേദി വിട്ട് പോരാളികളുടെ സംഘത്തിലേക്ക് നവ ദമ്പതികള്‍

കീവ്: ഉക്രെയ്നില്‍ പ്രതിരോധത്തിനായി ആയുധമേന്തുന്ന ലക്ഷക്കണക്കിനു ധീരദേശാഭിമാനികളുടെ കൂട്ടായ്മയിലേക്ക് നവ ദമ്പതികളായ യാരിന അര്യേവയും സ്വിയാതോസ്ലാന്‍ ഫുര്‍സിനും;കീവിലെ സെന്റ് മൈക്കിള്‍സ് ആശ്രമദേവാലയത്തില്‍ വിവാഹിതരായതിന് തൊട്ടു പിന്നാലെ.

പള്ളിമണികളെയും വിശുദ്ധ ഗീതങ്ങളെയും നിഷ്പ്രഭമാക്കി സ്ഫോടന ശബ്ദങ്ങളും വ്യോമാക്രമണ സൈറണും മുഴങ്ങുന്നതിനിടെയായിരുന്നു കൈവ് സിറ്റി കൗണ്‍സിലിലെ ഡെപ്യൂട്ടിയായ 21 കാരി അര്യേവയും സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഫുര്‍സിനും (24) അള്‍ത്താരയെ സാക്ഷിയാക്കി കൂദാശയിലൂടെ പ്രണയത്തെ പരിണയത്തിലെത്തിച്ചത്. 2019 ഒക്ടോബറില്‍ കീവിലെ ഒരു ജനകീയ പരിപാടിയില്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ മൊട്ടിട്ട മമത ജീവിതം പങ്കിടാനുള്ള തീരുമാനത്തിലേക്കു വളരുകയായിരുന്നു.

മെയ് 6 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം നേരത്തെയാക്കിയതിനു കാരണം യുദ്ധം മാത്രം. ശാന്തമായൊരു നദിയുടെ അരികില്‍ മനോഹരമായ വിളക്കുകള്‍ മിന്നുന്ന വേദിയിലാകണം വിവാഹ വിരുന്നെന്ന് ഇരുവരും ചേര്‍ന്നു തീരുമാനിച്ചിരുന്നു.അതിനുള്ള ഇടവും കണ്ടെത്തിയിരുന്നു.അതിനിടെയാണ് ജീവിതത്തേക്കാള്‍ മരണത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് ഈ നവദമ്പതികള്‍ മാതൃരാജ്യത്തിനായി പോരാടാനിറങ്ങുന്നത്.

രാജ്യത്തിന് വേണ്ടി പൊരുതേണ്ടത് ഓരോ പൗരന്റേയും കടമയാണെന്നാണ് അര്യേവയും ഫുര്‍സിനും പറയുന്നത്. 'ഞങ്ങള്‍ മരിക്കാനും തയ്യാറാകുകയാണ്. മുമ്പ് ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു,' - യാരിന പറഞ്ഞു. 'നമ്മള്‍ സ്‌നേഹിക്കുന്ന ആളുകളെയും നമ്മള്‍ ജീവിക്കുന്ന ഭൂമിയെയും സംരക്ഷിക്കേണ്ടതുണ്ട്.'

ഉക്രെയ്നികളുടെ ധീരതയ്ക്കു മുന്നില്‍ താന്‍ തലകുനിക്കുകയാണെന്ന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.ഉക്രെയ്നില്‍ യുദ്ധം ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോള്‍ പ്രാണനു വേണ്ടിയുള്ള നിലവിളി ഏറുകയാണെങ്കിലും പ്രായഭേദമെന്യേയാണ് ഉക്രെയ്നികള്‍ മാതൃരാജ്യത്തിനായി ആയുധമേന്തുന്നത്.അവസാന നിമിഷം വരെ രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പൊരുതുമെന്ന
അവരുടെ പ്രതിജ്ഞ ഏറ്റുപറഞ്ഞ് നവദമ്പതികളും പോരാട്ട ഭൂമിയിലേക്കിറങ്ങി, മണിയറയും മധുവിധുവും മാറ്റിനിര്‍ത്തി- സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

https://www.facebook.com/people/%D0%AF%D1%80%D0%B8%D0%BD%D0%B0-%D0%90%D1%80%D1%94%D0%B2%D0%B0/100004887704913/?fref=nf


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.