'പിന്തുണയ്ക്കണം'; നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ്

'പിന്തുണയ്ക്കണം'; നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി: റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണില്‍ സംസാരിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സെലന്‍സ്‌കി മോഡിയെ ധരിപ്പിച്ചു. യുഎന്നില്‍ തങ്ങളെ രാഷ്ട്രീയമായി പിന്തുണയ്ക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഒരു ലക്ഷത്തിലധികം ആക്രമണകാരികളാണ് രാജ്യത്ത് അതിക്രമിച്ചു കയറിയത്. ഇവരെ തുരുത്താന്‍ ഒരുമിച്ചു നില്‍ക്കണം-സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.

യു.എന്‍. രക്ഷാസമിതിയില്‍ ഇന്ത്യയുടെ നിഷ്പക്ഷ നിലപാട് റഷ്യ സ്വാഗതം ചെയ്തതിനു പിന്നാലെയാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി മോഡിയെ വിളിച്ചത്. ഉക്രെയ്നിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നു റഷ്യ അറിയിച്ചിരുന്നു.

യുഎന്നില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടെടുത്തതില്‍ സന്തോഷമുണ്ടെന്നും റഷ്യ വ്യക്തമാക്കി.

ഉക്രെയ്ന്‍ അധിനിവേശത്തെ അപലപിക്കുന്ന യു.എന്‍ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തിരുന്നു. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യ, ചൈന, യു.എ.ഇ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഉക്രെയ്‌നിലെ സമീപകാല സംഭവ വികാസങ്ങളില്‍ രാജ്യം കടുത്ത അസ്വസ്ഥതയിലാണെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. മനുഷ്യന്റെ ജീവന്‍ പണയപ്പെടുത്തി ഒരു പരിഹാരവും ഒരിക്കലും കണ്ടെത്താനാവില്ല. ഭിന്നതകളും തര്‍ക്കങ്ങളും പരിഹരിക്കാനുള്ള ഒരേയൊരു ഉത്തരം ചര്‍ച്ച മാത്രമാണെന്നും തിരുമൂര്‍ത്തി വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.