സ്‌പെയിനെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ടു വരാന്‍ പ്രയത്‌നിച്ച വിശുദ്ധ ലിയാണ്ടര്‍

സ്‌പെയിനെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ടു വരാന്‍ പ്രയത്‌നിച്ച  വിശുദ്ധ ലിയാണ്ടര്‍

അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 27

സ്‌പെയിനിലെ  സെവില്ലേയിലെ  ഒരു കുലീന കുടുംബത്തിലായിരുന്നു ലിയാണ്ടര്‍ ജനിച്ചത്. വിശുദ്ധരായ ഇസിദോറും ഫുള്‍ജെന്‍സിയൂസും ഫ്‌ളൊരെന്തീനായും അദ്ദേഹത്തിന്റെ സഹോദരങ്ങളാണ്. അഞ്ച് മക്കളില്‍ ഏറ്റവും മൂത്തവനായിരുന്നു ലിയാണ്ടര്‍.

വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധന്‍ ആശ്രമ ജീവിതം സ്വീകരിച്ചു. വര്‍ഷങ്ങള്‍ ആശ്രമത്തില്‍ ചിലവഴിച്ച അദ്ദേഹം പഠനത്തില്‍ ഉന്നത ബിരുദവും വിശുദ്ധ ലിഖിതങ്ങളില്‍ അഗാധ പാണ്ഡിത്യവും നേടി. ഈ ഗുണങ്ങള്‍ വിശുദ്ധനെ സെവില്ലേയിലെ സഭയുടെ തലപ്പത്തെത്തിച്ചു. എന്നാല്‍ തന്റെ ജീവിതത്തിലെ ഈ മാറ്റം വിശുദ്ധന്റെ ജീവിത രീതിയില്‍ ഒരു വ്യതിയാനവും വരുത്തിയില്ല.

ഏകാന്ത വാസത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം വര്‍ധിച്ചു വന്നു. ആ കാലഘട്ടത്തില്‍ സ്‌പെയിന്‍, വിസിഗോത്തുകളുടെ നിയന്ത്രണത്തിലായിരുന്നു. കത്തോലിക്കാ വിശ്വാസികളല്ലാതിരുന്ന ഇവര്‍ പോകുന്നിടത്തെല്ലാം തങ്ങളുടെ വിശ്വാസ സമ്പ്രദായം പ്രചരിപ്പിച്ചിരുന്നു.

നൂറു വര്‍ഷമായി സ്‌പെയിനില്‍ ഈ സമ്പ്രദായം നിലനില്‍ക്കുമ്പോളായിരുന്നു ലിയാണ്ടര്‍ അവിടത്തെ മെത്രാനായത്. അതുകൊണ്ട് തന്നെ അദ്ദേഹം ഏറെ ദുഖിതനായിരുന്നു. എന്നിരുന്നാലും തന്റെ പ്രാര്‍ത്ഥനകളും കഠിന പ്രയത്‌നവും വഴിയായി രാഷ്ട്രത്തെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ട് വരുന്നതിനും അതിനുള്ള ഒരു പ്രധാന ഉപകരണമായി വര്‍ത്തിക്കുവാനും വിശുദ്ധന് സാധിച്ചു.

ലിയോവിജില്‍ഡ് രാജാവിന്റെ മൂത്ത മകനായ ഹെര്‍മന്‍ഗില്‍ഡിനെ മതപരിവര്‍ത്തനം ചെയ്തു എന്ന കാരണത്താല്‍ രാജാവ് ലിയാണ്ടറിനെ രാജ്യത്ത് നിന്നും പുറത്താക്കി. അടുത്ത വര്‍ഷം അധികാരത്തിലേറിയ ആര്യന്‍ വിശ്വാസിയായ മെത്രാനില്‍ നിന്നും ദിവ്യകാരുണ്യം സ്വകരിച്ചില്ല എന്ന കാരണത്താല്‍ രാജാവ് തന്റെ ഹെര്‍മന്‍ഗില്‍ഡിനെ വധിച്ചു.

എന്നാല്‍ പിന്നീട് പശ്ചാത്താപ വിവശനായ രാജാവ് അധികം താമസിയാതെ അസുഖ ബാധിതനാവുകയും രോഗം ഭേദമാകുവാനുള്ള എല്ലാ പ്രതീക്ഷയും നശിച്ച രാജാവ് വിശുദ്ധനെ തിരികെ വിളിക്കുകയും ചെയ്തു. തന്റെ മറ്റൊരു മകനെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുവാനുള്ള ചുമതല രാജാവ് വിശുദ്ധനെ ഏല്‍പ്പിക്കുകയും ചെയ്തു.

അധികം താമസിയാതെ ഈ മകനും കത്തോലിക്കാ വിശ്വാസിയാവുകയും അവസാനം വിസിഗോത്തുകളുടെ രാഷ്ട്രം മുഴുവനും കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. നവോത്ഥാനം കൈവരുത്തുന്നതിനും വിശുദ്ധിയെ പോഷിപ്പിക്കുന്നതിനും ഒരേപോലെ ഉത്സാഹവാനായിരുന്നു വിശുദ്ധ ലിയാണ്ടര്‍.

അദ്ദേഹം വിതച്ച പ്രോത്സാഹനത്തിന്റേയും ഉത്സാഹത്തിന്റേയും വിത്തില്‍ നിന്നുമാണ് പില്‍ക്കാലത്ത് ധാരാളം രക്തസാക്ഷികളും വിശുദ്ധരും ഉണ്ടായത്. ഏതാണ്ട് 596 ഫെബ്രുവരി 27നാണ് വിശുദ്ധ ലിയാണ്ടര്‍ മരണപ്പെട്ടത് എന്നാണ് ശവകുടീരത്തിലെ ശിലാ ലിഖിതത്തില്‍ നിന്നും ലഭിക്കുന്ന സൂചന.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഗോര്‍സിലെ ജോണ്‍

2. അസീസിയിലെ ഗബ്രിയേല്‍

3. ലിയോണ്‍സിലെ ഗാര്‍മിയെര്‍

4. അലക്‌സാണ്ട്രിയായിലെ ജൂലിയനും ക്രോണിയോനും

5. അബുന്തിയൂസും അലക്‌സാണ്ടറും ആന്റിഗോഞ്ഞൂസും ഫോര്‍ത്തുനാത്തൂസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26