ന്യൂയോര്‍ക്ക്: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനെതിരായ യു.എസ് ഉപരോധം തുടരുന്നത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ തകര്‍ച്ചയ്്ക്കിടയാക്കാമെന്ന റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ നിരീക്ഷണം തള്ളി യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ. ഐഎസ്എസിന്റെ സുരക്ഷിതമായ പ്രവര്‍ത്തനങ്ങള്‍ക്കായി റോസ്‌കോസ്‌മോസ് ഉള്‍പ്പെടെ എല്ലാ അന്താരാഷ്ട്ര പങ്കാളികളുമായും പ്രവര്‍ത്തിക്കുന്നത് തുടരുകയാണെന്നും അതിനു മാറ്റം വരാനുള്ള സാധ്യതയില്ലെന്നും യു.എസ് ബഹിരാകാശ ഏജന്‍സി അറിയിച്ചു.
ഉപരോധം തുടരുന്നപക്ഷം ചൈന അഥവാ ഇന്ത്യ പോലെ വന്‍ ജനവാസ കേന്ദ്രങ്ങളില്‍ ബഹിരാകാശ നിലയം വീണ് വന്‍ ദുരന്തമുണ്ടാകാമെന്നായിരുന്നു റോസ്‌കോസ്‌മോസിന്റെ തലവന്‍ ദിമിത്രി റോഗോസ് പുറപ്പെടുവിച്ച മുന്നറിയിപ്പ്. ' ഞങ്ങളുമായുള്ള സഹകരണം നിങ്ങള്‍ തടഞ്ഞാല്‍, ആരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ, അനിയന്ത്രിതമായ ഭ്രമണപഥത്തില്‍ നിന്ന് , അത് അമേരിക്കയിലോ യൂറോപ്പിലോ വീഴുന്നതില്‍ നിന്ന് രക്ഷിക്കുക ?' എന്ന് ദിമിത്രി ട്വീറ്റ് ചെയ്തിരുന്നു.
മറ്റൊരു ട്വീറ്റില്‍ ഇന്ത്യയിലോ ചൈനയിലോ 500 ടണ്‍ ഭാരമുള്ള ഈ ഘടന ഉപേക്ഷിക്കപ്പെടാനുള്ള സാധ്യതയും ദിമിത്രി ചൂണ്ടിക്കാട്ടി. ' ഇത്തരമൊരു സാധ്യത ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഐഎസ്എസ് റഷ്യയ്ക്ക് മുകളിലൂടെ പറക്കുന്നില്ല, അതിനാല്‍ എല്ലാ അപകടസാധ്യതകളും നിങ്ങളുടേതാണ്. '- ട്വീറ്റില്‍ പറയുന്നു.
യു. എസ് ഉപരോധം ഐഎസ്എസിലെ ഇരു രാജ്യങ്ങളുടെയും ടീം വര്‍ക്കിനെ 'നശിപ്പിച്ചേക്കാം' എന്ന റോഗോസിന്റെ അഭിപ്രായം നാസ തള്ളിക്കളഞ്ഞതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു.യുഎസ്-റഷ്യ സിവില്‍ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇന്‍-ഓര്‍ബിറ്റ്, ഗ്രൗണ്ട്-സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏജന്‍സിയുടെ പിന്തുണയില്‍ മാറ്റങ്ങളൊന്നും ആസൂത്രണം ചെയ്തിട്ടില്ലെന്നും നാസ കൂട്ടിച്ചേര്‍ത്തു. ഇന്‍-ഓര്‍ബിറ്റ് റിസര്‍ച്ച് പ്ലാറ്റ്‌ഫോമില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സഹകരണം ഉറച്ച അടിത്തറയില്‍ തുടരുന്നു. ഐഎസ്എസിലേക്കുള്ള ബഹിരാകാശ പേടകങ്ങള്‍ സൗജന്യമായി പങ്കിടുന്ന 'ക്രൂ എക്സ്ചേഞ്ച്' കരാറില്‍ റോസ്‌കോസ്‌മോസും നാസയും കഴിഞ്ഞ ദിവസമാണ് ഒപ്പിട്ടത്.
ഇതിനിടെ, റോസ്‌കോസ്‌മോസ് യൂറോപ്പിലെ എല്ലാ രാജ്യങ്ങളുമായി ഏര്‍പ്പെട്ട കരാറുകള്‍ റദ്ദാക്കുന്നതായി അറിയിച്ചു. കൊയ്‌റൂ കോസ്‌മോഡ്രോമില്‍ നിന്നുള്ള റഷ്യയുടെ ഉപഗ്രഹങ്ങള്‍ ഇനി വിക്ഷേപിക്കില്ല. ഫ്രഞ്ച് ഗ്വയാനയില്‍ നിന്നുള്ള വിക്ഷേപണവും ഇനി നടത്തില്ല. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള സാങ്കേതിക സഹായങ്ങളും നിര്‍ത്തലാക്കുകയാണ് എന്നും നേരത്തേ അറിയിച്ചിരുന്നു.
യുഎസ്, റഷ്യ, യൂറോപ്പ്, കാനഡ, ജപ്പാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഐഎസ്എസ്, രാജ്യങ്ങളുടെ ബഹിരാകാശ സഹകരണത്തിന്റെ ഉദാഹരണമാണ്. ഈ ബഹിരാകാശ നിലയത്തിന് ഒരു ഫുട്ബോള്‍ മൈതാനത്തിന്റെ വലിപ്പം വരും. ഭൂമിയില്‍ നിന്ന് ഏകദേശം 250 മൈല്‍ (400 കി.മീ) ഉയരത്തിലാണ് ഐഎസ്എസ് പരിക്രമണം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.