ചർച്ചക്ക് തയ്യാർ ; വേദി ബെലാറസ് വേണ്ട : ഉക്രെയ്ൻ പ്രസിഡന്റ്

ചർച്ചക്ക് തയ്യാർ ; വേദി ബെലാറസ് വേണ്ട : ഉക്രെയ്ൻ പ്രസിഡന്റ്

മിൻസ്‌ക്: യുദ്ധം കൊടുമ്പിരി കൊള്ളുന്ന അവസരത്തിൽ ഉക്രെയ്നുമായി ചർച്ചക്ക് തയ്യാറാണെന്ന് റഷ്യ അറിയിച്ചു. എന്നാൽ  തന്റെ രാജ്യത്തിനെതിരായ സൈനിക നടപടികളിൽ പങ്കെടുക്കാത്ത ഒരു രാജ്യത്ത് ഒരുക്കുന്ന വേദി വേണമെന്ന് ഉക്രെയ്‌ൻ നിർബന്ധം പിടിക്കുകയാണ്. അതിർത്തി രാജ്യമായ ബെലാറസിലെ ഗോമലാണ് ഉക്രെയ്‌നുമായി ചർച്ച നടത്താൻ റഷ്യ തിരഞ്ഞെടുത്തിരിക്കുന്നത്.

ചർച്ചക്ക്  മുന്നോടിയായി വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, പ്രസിഡൻഷ്യൽ അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെയുള്ള മറ്റ് ഏജൻസികൾ എന്നിവരടങ്ങുന്ന റഷ്യൻ പ്രതിനിധി സംഘം  ബെലാറസിലെത്തിയതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

ബെലാറസ് അല്ലാതെ മറ്റേതൊരു രാജ്യത്തും റഷ്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി തന്റെ ടെലിഗ്രാം ചാനലിൽ പുറത്തിറക്കിയ വീഡിയോയിൽ പറഞ്ഞു. പൂർണമായും റഷ്യൻ പക്ഷത്തു നിൽക്കുന്ന അയൽ രാജ്യമാണ് ബെലാറസ്. വാർസോ, ബ്രാറ്റിസ്ലാവ, ബുഡാപെസ്റ്റ്, ഇസ്താംബുൾ, ബാക്കു എന്നിങ്ങനെയുള്ള സ്ഥലങ്ങൾ ചർച്ചക്കായി ഉക്രെയ്ൻ റഷ്യയോട് നിർദ്ദേശിച്ചു.ബെലാറസിൽ നിന്നും റഷ്യ ആക്രമണം നടത്തുന്ന അവസരത്തിൽ ചർച്ചകൾ സത്യസന്ധമായിരിക്കാനും യുദ്ധം അവസാനിപ്പിക്കാനും കഴിയുന്ന ഒരേയൊരു മാർഗ്ഗമാണിതെന്ന് സെലെൻസ്‌കി പറഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തിങ്കളാഴ്ച ഉക്രെയ്‌നിന്റെ വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്‌സ്‌കിനെയും ലുഹാൻസ്‌കിനെയും സ്വതന്ത്ര പ്രവിശ്യകളായി  അംഗീകരിച്ചിരുന്നു. പിന്നീട്, ഡോൺബാസ് മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാൻ പ്രത്യേക സൈനിക പ്രവർത്തനങ്ങൾക്കും പുടിൻ ഉത്തരവിട്ടിരുന്നു. യുഎസ്, യുകെ, ജർമ്മനി എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രയോഗിച്ചു തുടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.