വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രം: ശാസ്ത്രത്തെ വളര്‍ത്തുന്നതില്‍ സഭയുടെ സംഭാവനയ്ക്ക് വലിയ ഉദാഹരണം

വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രം: ശാസ്ത്രത്തെ വളര്‍ത്തുന്നതില്‍ സഭയുടെ സംഭാവനയ്ക്ക് വലിയ ഉദാഹരണം

ശാസ്ത്ര വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ ഇരുപത്തൊന്നാം ഭാഗം.

ഭ എന്നും ശാസ്ത്രത്തിനു വിരുദ്ധമാണ് എന്ന് ചിലര്‍ ഒരു അടിസ്ഥാനവുമില്ലാതെ പറയാറുണ്ട്. സഭ ശാസ്ത്രത്തെ വളര്‍ത്താന്‍ ഒന്നും ചെയ്യുന്നില്ല, മാത്രമല്ല തളര്‍ത്താന്‍ ശ്രമിക്കുന്നു എന്നാണ് ഇക്കൂട്ടരുടെ പരാതി. എന്നാല്‍ ഇത് ശരിയാണെങ്കില്‍ കത്തോലിക്കാ സഭ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാനനിരീക്ഷണ കേന്ദ്രങ്ങളില്‍ ഒന്ന് പരിപാലിക്കേണ്ട കാര്യമുണ്ടോ? വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വളരെ മതിപ്പുള്ള ഒന്നാണ്.

ലോകത്തിലെ തന്നെ ഏറ്റവും പഴയ വാനനിരീക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് വത്തിക്കാന്റെ വാനനിരീക്ഷണ കേന്ദ്രം. ഗ്രിഗോറിയന്‍ കലണ്ടര്‍ ശരിയാക്കാനുള്ള വത്തിക്കാന്റെ പരിശ്രമം നടന്ന 1582 വത്തിക്കാന്റെ വാനനിരീക്ഷണ കേന്ദ്രത്തിന്റെ ആരംഭ വര്‍ഷമായി കണക്കാക്കാം. മാര്‍പാപ്പയുടെ വേനല്‍ക്കാല വസതിയായ കസ്‌തെല്‍ ഗണ്ടോള്‍ഫോയിലാണ് വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

ലോകത്തിലെ ഉദ്ദേശം നാലു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള വൈദികരും സന്യസ്തരും അത്യാധുനിക ശാസ്ത്ര സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇവിടെ നിന്ന് പ്രപഞ്ചത്തെ പഠിക്കുന്നു. ലോകത്തിലെ പല പ്രമുഖ ശാസ്ത്ര പീഠങ്ങളില്‍ നിന്നും ശാസ്ത്രജ്ഞര്‍ ഇവിടെ നിരീക്ഷണത്തിനായി എത്താറുണ്ട്. പ്രപഞ്ചത്തിന്റെ ഉത്ഭവം മുതല്‍ വിദൂരതയിലെ ചെറുകണികകള്‍ വരെയുള്ള കാര്യങ്ങള്‍ ഇവിടെ വിശകലനത്തിനും പഠനത്തിനും വിധേയമാക്കുന്നുണ്ട്.

The Vatican Advanced Technology Telescope (VATT) എന്നത് വളരെയേറെ പണം മുടക്കി അമേരിക്കയിലെ അരിസോണ യൂണിവേഴ്‌സിറ്റിയോട് ചേര്‍ന്ന് വത്തിക്കാന്‍ സംരക്ഷിക്കുന്ന നിരീക്ഷണ കേന്ദ്രമാണ്. ലോകത്തില്‍ തന്നെ വാനനിരീക്ഷണത്തിന് ഏറ്റവും മികച്ച അരിസോണയില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. വത്തിക്കാന്റെ വാനനിരീക്ഷണ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നവര്‍ ഓരോ വര്‍ഷവും ലോകത്തിലെ 90 വിദ്യാഭ്യാസ-സാമൂഹിക സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്ക് ജ്യോതിശാസ്ത്രത്തിന്റെ വെളിച്ചം പകരുന്നു.

ശാസ്ത്രവും മതവും തമ്മിലുള്ള പാരസ്പര്യം മനസിലാക്കാനും അതുപോലെ കത്തോലിക്കാ സഭ ശാസ്ത്രത്തിന്റെ വളര്‍ച്ചക്കായി എത്രത്തോളം പരിശ്രമിക്കുന്നു എന്നതും മനസിലാക്കാനും വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് നോക്കിയാല്‍ മതി.
1850-1878 കാലയളവില്‍ വത്തിക്കാന്‍ റോമാ നഗരത്തില്‍ മൂന്ന് വാനനിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഒന്ന് റോമന്‍ കോളജില്‍, രണ്ട് ക്യാപിറ്റോളിന്‍ കുന്നില്‍, മൂന്നാമത്തേത് വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന Specola Vaticana.

1870 ലെ ഇറ്റലിയുടെ ഏകീകരണത്തിന് ശേഷം വത്തിക്കാന്റെ വാനനിരീക്ഷണ കേന്ദ്രം ഇറ്റാലിയന്‍ ഗവണ്മെന്റ് ഉടമസ്ഥതയിലായി. എങ്കിലും വത്തിക്കാന്‍ വാനനിരീക്ഷണത്തിനുള്ള സഹായം തുടര്‍ന്നുകൊണ്ടിരുന്നു. സഭ ശാസ്ത്രത്തിനു വിരുദ്ധമാണ് എന്ന ആശയം പൊതുസമൂഹത്തില്‍ വീണ്ടും വ്യാപിച്ചപ്പോള്‍ പതിമൂന്നാം ലിയോ മാര്‍പാപ്പ 1891 ല്‍ വീണ്ടും വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പിന്നിലായിരുന്നു ഇത്.

എന്നാല്‍ റോമാ നഗരത്തിലെ പ്രകാശം വാനനിരീക്ഷണ കേന്ദ്രത്തിനു ബുദ്ധിമുട്ടായപ്പോള്‍ നഗരത്തിന് പുറത്തുള്ള മാര്‍പാപ്പയുടെ വേനല്‍ക്കാല വസതിയായ കസ്‌തെല്‍ ഗണ്ടോള്‍ഫോയിലേക്ക് 1935 ല്‍ ഇത് മാറ്റി സ്ഥാപിച്ചു. 1980 ല്‍ റോമാ നഗരത്തിലെ പ്രകാശം വര്‍ദ്ധിച്ചപ്പോള്‍ വത്തിക്കാനിലെ ശാസ്ത്രജ്ഞര്‍ വാനനിരീക്ഷണ കേന്ദ്രത്തിന്റെ ഒരു വിഭാഗം അമേരിക്കയിലെ അരിസോണയിലെക്ക് മാറ്റി സ്ഥാപിച്ചു.

1980 കളുടെ അവസാനത്തില്‍ കൂടുതല്‍ ശക്തിയുള്ള ടെലിസ്‌കോപ്പുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികത വളര്‍ന്നു വന്നു. വത്തിക്കാനും ഇത്തരത്തില്‍ ഒരെണ്ണം നിര്‍മിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ സാമ്പത്തിക ചെലവ് വത്തിക്കാന് ഒറ്റക്ക് വഹിക്കാന്‍ പറ്റില്ലാതിരുന്നതിനാല്‍ Vatican Observatory Foundation സ്ഥാപിക്കുകയും വ്യക്തികളില്‍ നിന്നുകൂടി സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്തു. 1987 ലാണ് ഇപ്രകാരം Vatican Advanced Technology Telescope സ്ഥാപിക്കപ്പെട്ടത്. VATT ആദ്യം നടത്തിയ പ്രൊജക്ടുകളില്‍ ഒന്ന് ആന്‍ഡ്രോമിഡ ഗാലക്‌സിയുടെ അടുത്തുള്ള Massive Compact Halo Objects (MACHOs) നിരീക്ഷിക്കുക എന്നതായിരുന്നു.

ഈ നിരീക്ഷണങ്ങളുടെ ഫലമായി MACHO ഇരുണ്ട ദ്രവ്യ തിയറി (ഡാര്‍ക്ക് മാറ്റര്‍ തിയറി) തെറ്റാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. 1996 ല്‍ Guy Consolmagno, Bob Macke എന്നീ രണ്ട് ജെസ്യുട് സഹോദരങ്ങള്‍ ഉള്‍ക്കകളുടെ ചൂട്, സാന്ദ്രത തുടങ്ങിയ പ്രത്യേകതകള്‍ നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കി. ഇതുപയോഗിച്ച് അന്ന് അറിവുണ്ടായിരുന്ന ഉള്‍ക്കകളുടെ ഒരു സമഗ്ര പഠനം അവര്‍ നടത്തി. ഇന്ന് അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ചിന്ന ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ വളരെ സഹായകരമായി.

ചരിത്രത്തില്‍ പലവട്ടം ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധത്തെപ്പറ്റി കോണ്‍ഫെറന്‍സുകള്‍ നടത്തിയിട്ടുണ്ട് വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രം. പ്രത്യേകിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്ത് പ്രപഞ്ചത്തിലെ ദൈവിക പ്രവര്‍ത്തിയെപ്പറ്റി ശാസ്ത്രജ്ഞരും ദൈവ ശാസ്ത്രഞ്ജരും ഒന്നു ചേര്‍ന്ന് സിമ്പോസിയം നടത്തുകയും അനന്തരം ഈടുറ്റ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

1986 മുതല്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന അവധിക്കാല ക്ലാസുകളില്‍ 400 അധികം പോസ്റ്റ് ഗ്രാജുവീറ്റ് കുട്ടികള്‍ക്ക് ആസ്‌ട്രോ ഫിസിക്‌സ് പഠിക്കാനുള്ള അവസരം ഒരുക്കി. നാലാഴ്ചയോളം നീളുന്ന ഈ ക്ലാസുകള്‍ പങ്കെടുത്ത ഇവരില്‍ ഭൂരിഭാഗവും ഇന്ന് യൂറോപ്പിലെ പ്രശസ്ത വാനനിരീക്ഷണ കേന്ദ്രങ്ങളിലാണ്. ഇത്തരത്തില്‍ പല പ്രവര്‍ത്തനങ്ങളിലൂടെയും ശാസ്ത്രത്തെ വളര്‍ത്താന്‍ വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രം പരിശ്രമിക്കുന്നു.

ശാസ്ത്രത്തെ തളര്‍ത്താന്‍ സഭ ശ്രമിക്കുന്നു എന്ന് ആക്ഷേപിക്കുന്നവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നതാണ് വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രത്തിന്റെ വലിയ സംഭാവനകള്‍. സഭ ശാസ്ത്രത്തെ വളര്‍ത്താന്‍ എത്രത്തോളം ശ്രമിക്കുന്നു എന്നതിന്റെ നല്ല ഉദാഹരണമാണ് വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.