ഭൂഗര്‍ഭ അറകളില്‍ ദിവ്യബലി; ബോംബിംഗിനിടയിലും വിശ്വാസ തീവ്രതയോടെ ഉക്രെയ്‌നിലെ കത്തോലിക്കര്‍

 ഭൂഗര്‍ഭ അറകളില്‍ ദിവ്യബലി; ബോംബിംഗിനിടയിലും വിശ്വാസ തീവ്രതയോടെ ഉക്രെയ്‌നിലെ കത്തോലിക്കര്‍

കീവ്: കനത്ത ഷെല്‍ വര്‍ഷവും റോക്കറ്റാക്രമണവും ബോംബിംഗുമായി റഷ്യന്‍ സൈന്യം നാശം വിതയ്ക്കുമ്പോഴും വിശ്വാസ തീക്ഷ്ണത കൈവിടാതെ ഉക്രെയ്‌നിലെ കത്തോലിക്കാ സമൂഹം.' നമ്മുടെ വൈദികര്‍ അണ്ടര്‍ഗ്രൗണ്ടിലേക്ക് ഇറങ്ങും. അവര്‍ ബോംബ് ഷെല്‍ട്ടറുകളില്‍ ദിവ്യ ബലി അര്‍പ്പിക്കും. സഭ ജനങ്ങള്‍ക്കൊപ്പമാണ്!'- ഉക്രെയ്‌നിലെ ഗ്രീക്ക് കത്തോലിക്കാ സഭാ തലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്വിയോതോസ്‌ളാവ് ഷെവ്ചുക് പറഞ്ഞു.

'ഉക്രേനിയയിലെ കീവില്‍ നിന്നുള്ള ആശംസകള്‍! ഇന്ന് 2022 ഫെബ്രുവരി 27 ഞായറാഴ്ച. മറ്റൊരു ഭയാനകമായ രാത്രിയെ ഞങ്ങള്‍ അതിജീവിച്ചു,'. മേജര്‍ ആര്‍ച്ച്ബിഷപ്പ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 'പകല്‍ വരുന്നു, പ്രഭാതമുണ്ട്. ഇരുട്ടിനു ശേഷം, വെളിച്ചം വരുന്നു. മരണശേഷം പുനരുത്ഥാനം വരുന്നതുപോലെ. നാമെല്ലാവരും ഇന്ന് പ്രസന്നമായി ആഘോഷിക്കുന്നു.' ജീവന് ഭീഷണിയുള്ളതിനാല്‍ എല്ലാവരും വീട്ടില്‍ തന്നെ തുടരാന്‍ ഉത്തരവുള്ളതിനാല്‍ കീവ് നിവാസികള്‍ക്ക് പള്ളിയില്‍ പോകാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

പുനരുത്ഥാനത്തിന്റെ ശക്തിയും പ്രത്യാശയും ആവശ്യമുള്ള ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളില്‍ ക്രിസ്തുവിന്റെ സഭ ദിവ്യകാരുണ്യ രക്ഷകനെ എത്തിക്കുന്നു.'അതേസമയം,നമ്മുടെ പുരോഹിതന്മാര്‍ ഭൂമിക്കടിയിലേക്ക് ഇറങ്ങിച്ചെന്നു ദിവ്യബലിയര്‍പ്പിക്കും.സഭ ജനങ്ങളിലേക്ക് വരും.'മേജര്‍ ആര്‍ച്ച്ബിഷപ്പ് തുടര്‍ന്നു: 'പള്ളിയില്‍ പോകാന്‍ അവസരമുള്ള എല്ലാവരും ദിവ്യകാരുണ്യ ആരാധനയ്ക്ക് പോകുക! കുമ്പസാരിക്കുക. എല്ലാവര്‍ക്കും കുര്‍ബാന ലഭിക്കും.'

പള്ളിയില്‍ പോകാന്‍ കഴിയാത്തവര്‍ക്കായി ദിവ്യബലിയില്‍ പങ്കെടുക്കാനും 'നമ്മുടെ സൈനികര്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനും' മേജര്‍ ആര്‍ച്ച്ബിഷപ്പ് എല്ലാ വിശ്വാസികളെയും ക്ഷണിച്ചു. 'ഇന്ന് നമ്മുടെ ജീവിതം ഈ സൈനികരുടെ കൈകളിലാണ്. ഉക്രെയ്‌നിലെ ഈ അന്യായ യുദ്ധത്തില്‍ മുറിവേറ്റവര്‍ക്കുവേണ്ടി, ആശയറ്റവര്‍ക്കുവേണ്ടി, റോഡിലിറങ്ങിയ അഭയാര്‍ഥികള്‍ക്കുവേണ്ടി അവര്‍ ത്യാഗം ചെയ്യുന്നു.' ഉക്രെയ്‌നിനെ വിവിധ തരത്തില്‍ പ്രതിരോധിക്കുന്ന എല്ലാവര്‍ക്കും മേജര്‍ ആര്‍ച്ച്ബിഷപ്പ് ഷെവ്ചുക് നന്ദി പറഞ്ഞു.പ്രത്യേകിച്ച്കീവില്‍, സര്‍ക്കാര്‍ സേവനങ്ങള്‍, ഏറ്റവും ഉയര്‍ന്ന തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.


'ഞങ്ങളുടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ശക്തമാണോ എന്ന് ഞങ്ങള്‍ നേരത്തെ സംശയിച്ചു. എന്നാല്‍ ഗവണ്‍മെന്റ് അതിന്റെ ശക്തി പരീക്ഷണത്തില്‍ വിജയിച്ചുവെന്നും അത് വിജയിക്കുന്നത് തുടരുകയാണെന്നും ഞങ്ങള്‍ കാണുന്നു, ' മേജര്‍ ആര്‍ച്ച്ബിഷപ്പ് പറഞ്ഞു. സൈന്യത്തോടൊപ്പം, തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ രക്ഷിക്കുന്ന ഉക്രെയ്‌നിലെ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ്, ജീവന്‍ രക്ഷിക്കുന്ന ഉക്രേനിയന്‍ മെഡിക്കുകള്‍, ഉക്രെയ്‌നിലുടനീളം നൂറുകണക്കിന് തീപിടിത്തങ്ങള്‍ കെടുത്തുന്ന അഗ്‌നിശമന സേനാംഗങ്ങള്‍ തുടങ്ങിയവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

'ഉക്രെയ്‌നെക്കുറിച്ചുള്ള സത്യം ലോകത്തോട് പറയാന്‍ ശ്രമിക്കുന്ന, മാനുഷിക സഹായവും മരുന്നും ശേഖരിക്കുന്ന അല്ലെങ്കില്‍ രാജ്യത്തിനായി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും' നന്ദി പറഞ്ഞതോടൊപ്പം ലോകമെമ്പാടുമുള്ള വിശ്വാസികളില്‍ നിന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പ് പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.