ബിജെപിയ്ക്ക് ബദല്‍ നില്‍ക്കുന്നത് കേരളം; ഉക്രെയ്‌നെ 'ഫോട്ടോ ഓപ്പര്‍ച്യൂണിറ്റി'ക്ക് വേണ്ടി കേന്ദ്രം ഉപയോഗിക്കുന്നു: സീതാറാം യെച്ചൂരി

ബിജെപിയ്ക്ക് ബദല്‍ നില്‍ക്കുന്നത് കേരളം; ഉക്രെയ്‌നെ 'ഫോട്ടോ ഓപ്പര്‍ച്യൂണിറ്റി'ക്ക് വേണ്ടി കേന്ദ്രം ഉപയോഗിക്കുന്നു: സീതാറാം യെച്ചൂരി

കൊച്ചി: ബിജെപിയുടെ അപകടകരമായ പ്രത്യയ ശാസ്ത്രത്തിന് ബദല്‍ നില്‍ക്കുന്നത് കേരളമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം ശക്തമായി പ്രതികരിക്കുന്നത് കൊണ്ടാണ് സിപിഎമ്മിനെ ബിജെപിയും പ്രധാനമന്ത്രിയും അപകടകരമായി കാണുന്നതെന്നും യെച്ചൂരി വ്യക്തമാക്കി. സിപിഎം സംസ്ഥാന സമ്മേളം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷ ഭാഷയിലാണ് യെച്ചൂരി വിമര്‍ശിച്ചത്. കേന്ദ്രം ഭരണ ഘടനയുടെ അടിസ്ഥാന ശിലകളെ സംഘടിതമായി അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷം പിടിക്കുന്നു. വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്ത് ഉയര്‍ന്ന ഹിജാബ് വിവാദം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ ഒറ്റപ്പെടുത്തുക എന്നതാണ് പ്രധാനം. ഇതിന് സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തമാക്കണം. ദേശീയ തലത്തില രാഷ്ട്രീയ ഇടപെടല്‍ ശേഷി വര്‍ദ്ധിക്കണം. ബിജെപിയെ ഒറ്റപ്പെടുത്താന്‍ ഇടത് പക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ രാജ്യത്ത് കോവിഡ് വ്യാപിക്കാന്‍ കാരണം വാക്‌സിന്‍ അസമത്വമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. കോവിഡ് മരണം കൂടുന്നതിനും ഇത് കാരണമായി. പ്രതിസന്ധി കാലത്തും ഓഹരി കുതിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പണമിറക്കുന്നത് കൊണ്ടാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

അതേസമയം ഉക്രെയ്ന്‍ അധിനിവേശം റഷ്യ അടിയന്തരമായി അവസാനിപ്പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ഉക്രെയ്‌നിലെ സാഹചര്യത്തിന് അമേരിക്കയ്ക്ക് പങ്കുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാറ്റോ ഇടപെടലുണ്ടാകില്ലെന്ന ഉറപ്പ് പാലിച്ചില്ല. നാറ്റോ കിഴക്കന്‍ യുറോപിലേക്ക് വ്യാപിക്കില്ല എന്ന ഉറപ്പും അമേരിക്ക ലംഘിച്ചു. പുടിന്‍ സങ്കുചിതമായ ദേശീയ വാദം ശക്തിപ്പെടുത്തി. ഉക്രെയ്ന്‍ റഷ്യയുടെ ഭാഗമാകേണ്ടതായിരുന്നു എന്ന പ്രചാരണം പുടിന്‍ നടത്തിയെന്നും യെച്ചൂരി പറഞ്ഞു.

നരേന്ദ്രമോഡിയേയും കേന്ദ്ര സര്‍ക്കാരിനെയും പരിഹസിച്ച യെച്ചൂരി, ഉക്രെയ്‌നില്‍ ഇന്ത്യക്കാര്‍ കുടുങ്ങിയ സ്ഥിതിയെ 'ഫോട്ടോ ഓപ്പര്‍ച്യൂണിറ്റി'ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുകയാണെന്നും കുറ്റപ്പെടുത്തുകയുണ്ടായി. സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുദ്ധ്യം വര്‍ധിക്കുന്നു. ഇന്ത്യ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പാര്‍ട്‌നര്‍ ആയി മാറിയിരിക്കുന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.