എംബസിക്ക് പരിമിതിയുണ്ട്; കേന്ദ്ര സര്‍ക്കാര്‍ ഉന്നത തലത്തില്‍ ഇടപെട്ടാല്‍ മാത്രമേ പ്രശ്‌ന പരിഹാരമുണ്ടാകൂ: വേണു രാജാമണി

എംബസിക്ക് പരിമിതിയുണ്ട്; കേന്ദ്ര സര്‍ക്കാര്‍ ഉന്നത തലത്തില്‍ ഇടപെട്ടാല്‍ മാത്രമേ പ്രശ്‌ന പരിഹാരമുണ്ടാകൂ: വേണു രാജാമണി

ന്യൂഡല്‍ഹി: റഷ്യന്‍ ആക്രമണം രൂക്ഷമായതോടെ കുരുതിക്കളമായി മാറിയ ഉക്രെയ്‌നില്‍ കുടുങ്ങിയപ്പോയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നത തലത്തില്‍ ഇടപെടല്‍ നടത്താതെ പ്രശ്‌ന പരിഹാരം ഉണ്ടാകില്ലെന്ന് ഡല്‍ഹിയിലുള്ള കേരള സര്‍ക്കാര്‍ പ്രതിനിധി വേണു രാജാമണി.

എംബസിയുടെ കൈയില്‍ നില്‍ക്കുന്ന കാര്യമല്ല ഇതെന്ന് വിവിധ രാജ്യങ്ങളില്‍ സ്ഥാനപതിയായി സേവനം ചെയ്തിട്ടുള്ള വേണു രാജാമണി പറഞ്ഞു. വിദേശകാര്യ മന്ത്രാലയം മാത്രം ഇടപെട്ടിട്ടും കാര്യമില്ല. കേന്ദ്ര സര്‍ക്കാര്‍ ഉന്നത തലത്തില്‍ ഇടപെടേണ്ടിവരും. ഏറ്റവും ഉന്നത തലത്തില്‍ ഇടപെടേണ്ട ഘട്ടം അതിക്രമിച്ചുവെന്നും വേണു രാജാമണി വ്യക്തമാക്കി.

കേന്ദ്ര മന്ത്രിമാരെ അതിര്‍ത്തികളിലേക്ക് അയച്ചതുകൊണ്ട് വലിയ കാര്യമില്ല. നമ്മുടെ പ്രതിസന്ധി കീവിലാണ്. കീവില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ സഹായമെത്തിക്കുമെന്നും എങ്ങനെ പുറത്തേക്ക് അവരെ എത്തിക്കാന്‍ കഴിയുമെന്നും ഉള്ളതിനാണ് നമ്മള്‍ ആദ്യ പരിഗണന നല്‍കേണ്ടത്.

എംബസിയില്‍ വളരെ പരിമിതമായ ജീവനക്കാരാണ് ഉള്ളത്. ഇന്നലെ ആയിരത്തോളം വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് കീവില്‍ നിന്ന് കിഴക്കന്‍ ഉക്രെയ്‌നിലേക്ക് മാറ്റി. ഖാര്‍ക്കീവിലെയും സുമിയിലേയും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒന്നും ചെയ്യന്‍ സാധിച്ചിട്ടില്ലെന്നുള്ളത് സത്യമാണ്.

അവരുടെ പരിമിതമായ സൗകര്യങ്ങള്‍ വച്ച് അവരാല്‍ കഴിയുന്നത് ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഉന്നത തലത്തില്‍ ഇടപെട്ടാല്‍ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാകുകയുള്ളുവെന്നും വേണു രാജാമണി പറഞ്ഞു. ഖാര്‍ക്കീവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് വേഗം എത്താന്‍ കഴിയുന്നത് റഷ്യന്‍ അതിര്‍ത്തിയിലേക്കാണ്. പക്ഷേ റഷ്യന്‍ അതിര്‍ത്തി തുറക്കാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കീവില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പരിഹാരം ഉണ്ടാകുന്നത് വരെ വിദ്യാര്‍ത്ഥികളോട് ബങ്കറില്‍ തന്നെ കഴിയണമെന്ന് കേരള സര്‍ക്കാര്‍ പ്രതിനിധി വേണു രാജാമണി അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.