ഓസ്ട്രേലിയയില്‍ മഴക്കെടുതിയില്‍ മരിച്ചവര്‍ 14; അഞ്ചു ലക്ഷം ജനങ്ങള്‍ക്ക് വീടൊഴിയാന്‍ നിര്‍ദേശം

ഓസ്ട്രേലിയയില്‍ മഴക്കെടുതിയില്‍ മരിച്ചവര്‍ 14; അഞ്ചു ലക്ഷം ജനങ്ങള്‍ക്ക് വീടൊഴിയാന്‍ നിര്‍ദേശം

സിഡ്‌നി: കിഴക്കന്‍ ഓസ്ട്രേലിയയില്‍ കനത്ത നാശം വിതച്ച് ഒരാഴ്ചയോളമായി പെയ്യുന്ന കനത്ത മഴയെതുടര്‍ന്ന് ന്യൂ സൗത്ത് വെയില്‍സില്‍ അഞ്ചു ലക്ഷത്തോളം ജനങ്ങളോട് വീടുകള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി. വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സിഡ്നി മേഖലയില്‍നിന്ന് ഉള്‍പ്പെടെ വീടുകളില്‍നിന്നു മാറാനുള്ള മുന്നറിയിപ്പ് സര്‍ക്കാര്‍ നല്‍കിയത്. അതിനിടെ, മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനാലായി ഉയര്‍ന്നു.

മഴ തുടരുന്നതിനാല്‍ സംസ്ഥാനത്ത് 500,000-ത്തിലധികം ആളുകളോട് സുരക്ഷിത സ്ഥാനത്തേക്കു മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയതായി ന്യൂ സൗത്ത് വെയില്‍സ് എമര്‍ജന്‍സി സര്‍വീസ് മന്ത്രി സ്റ്റെഫ് കുക്ക് പറഞ്ഞു.


ന്യൂ സൗത്ത് വെയിൽസിലെ റിച്ച്മണ്ട് നദിക്കു സമീപം വെള്ളപ്പൊക്കത്തില്‍ മുങ്ങിയ കൃഷിയിടം

വെള്ളപ്പൊക്കം ഇതിനകം നാശം വിതച്ച ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും ഇടിമിന്നലും പേമാരിയും ശക്തമായ കാറ്റും തുടരുകയാണ്. നിരവധി പേരാണ് സഹായാഭ്യര്‍ഥനയുമായി സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിനെ വിളിക്കുന്നത്. മേരിബറോയിലും സണ്‍ഷൈന്‍ കോസ്റ്റിലും ജിംപിയിലും കൊടുങ്കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതൊരു ഗുരുതരമായ സാഹചര്യമാണെന്നും ആളുകള്‍ റോഡിലേക്കിറങ്ങാതെ വീട്ടില്‍ പരമാവധി കഴിയാനും ക്വീന്‍സ് ലാന്‍ഡ് പ്രീമിയര്‍ പറഞ്ഞു. 

ന്യൂ സൗത്ത് വെയില്‍സിന്റെ വടക്കന്‍ പ്രദേശങ്ങളിലും ഗ്രേറ്റര്‍ സിഡ്നി, ഇല്ലവാര എന്നിവിടങ്ങളിലും താമസിക്കുന്നവര്‍ക്കാണ് വീടൊഴിയാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മഴയുടെ തോത് വര്‍ധിക്കുന്നതനുസരിച്ച് കൂടുതല്‍ മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കുമെന്നു സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് കമ്മിഷണര്‍ കാര്‍ലിന്‍ യോര്‍ക്ക് പറഞ്ഞു.

വാരഗംബ അണക്കെട്ട് തുറന്നതോടെ സിഡ്‌നിക്കു സമീപമുള്ള ഹോക്സ്ബറി-നേപ്പിയന്‍ നദികളില്‍ അപകടകരമാംവിധം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സമീപാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ സാധനങ്ങളുമായി വീടൊഴിയാനും ഇന്നലെത്തന്നെ നിര്‍ദേശം നല്‍കിയിരുന്നു. വില്‍സണ്‍സ്, റിച്ച്മണ്ട്, ക്ലാരന്‍സ് നദികളിലും റെക്കോര്‍ഡ് വെള്ളപ്പൊക്കമാണ് ഇക്കുറി ഉണ്ടായത്.

ദിവസങ്ങളായി തുടരുന്ന മഴ ന്യൂ സൗത്ത് വെയില്‍സിലെ ജനജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. ആയിരത്തിലധികം വീടുകളും വ്യാപാരസ്ഥാപനങ്ങളും വെള്ളത്തിനടിയിലാണ്. പേമാരിയില്‍ 12 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വൈദ്യുതി വിതരണം പൂര്‍ണതോതിലായിട്ടില്ല. റോഡുകളിലും വെള്ളം ഉയര്‍ന്നതിനാല്‍ പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വെള്ളം കയറി സാധനങ്ങളെല്ലാം നശിച്ചു. നിരവധി വാഹനങ്ങളും ചെളി കയറി തകരാറിലായി. ശക്തമായ കാറ്റ് വീശുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ റോഡരുകിലും മറ്റും കൂടിക്കിടക്കുന്ന പ്രളയാവശിഷ്ടങ്ങള്‍ പറന്ന് അപകടമുണ്ടാക്കാതെ ശ്രദ്ധിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

മഴ തുടങ്ങിയതു മുതല്‍ സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിന് സഹായത്തിനായി മൊത്തം 11,747 അഭ്യര്‍ത്ഥനകള്‍ ലഭിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞു മാത്രം 1,462 കോളുകള്‍ വന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്ന മുന്നറിയിപ്പുമുണ്ട്. പലയിടങ്ങളിലും റെക്കോര്‍ഡ് വെള്ളപ്പൊക്കമാണ് ഇക്കുറി രേഖപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.