സിഡ്‌നി: ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ ഉപയോഗിച്ചിരുന്ന മെഴ്സിഡസ് ബെന്‍സ് സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ശതകോടീശ്വരനും രാഷ്ട്രീയ നേതാവുമായ ക്ലൈവ് പാമര്‍ വിവാദത്തില്‍. യുണൈറ്റഡ് ഓസ്ട്രേലിയ പാര്‍ട്ടി (യു.എ.പി) നേതാവ് ക്ലൈവ് പാമര്‍ ഒരു ലേലത്തിലൂടെയാണ് ഹിറ്റ്ലറുടെ കാര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്നതാണ് 1939 മോഡല്‍ മെഴ്സിഡസ് ബെന്‍സ് 770 ഗ്രോസര്‍ ഓഫനര്‍ ടൂറന്‍വാഗണ്‍. 1940-ല്‍ ജര്‍മ്മന്‍ പട ഫ്രാന്‍സ് കീഴടക്കിയപ്പോള്‍ ബെര്‍ലിനില്‍ നടന്ന ഗ്രാന്‍ഡ് പരേഡില്‍ ഹിറ്റ്ലര്‍ പങ്കെടുത്തതും ഇതേ കാറിലായിരുന്നു. ഈ ബുള്ളറ്റ് പ്രൂഫ് വാഹനമാണ് പേര് വെളിപ്പെടുത്താത്ത ഒരു റഷ്യന്‍ കോടീശ്വരനില്‍ നിന്ന് ക്ലൈവ് പാമര്‍ വാങ്ങിയത്.
അതേസമയം, രാഷ്ട്രീയ നേതാവായ ക്ലൈവ് പാമറിന്റെ ഈ നടപടി ഓസ്‌ട്രേലിയയില്‍ വന്‍ വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ഉക്രെയ്ന്‍ അധിനിവേശത്തെതുടര്‍ന്ന് റഷ്യക്കെതിരേ ഓസ്‌ട്രേലിയ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ സമയത്തുതന്നെ റഷ്യന്‍ കോടീശ്വരനില്‍നിന്ന് കാര്‍ വാങ്ങിയത് കടുത്ത വിമര്‍ശങ്ങള്‍ക്കു വഴിവച്ചിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഒരു നേതാവിന്റെ വാഹനം ഉപരോധങ്ങള്‍ മറികടന്ന് വാങ്ങിയത് ഭരണ പ്രതിപക്ഷ അംഗങ്ങളെ ഒരു പോലെ ചൊടിപ്പിച്ചിട്ടുണ്ട്.
അതേസമയം കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെ പാമറിന്റെ വക്താവ് വ്യാജ വാര്‍ത്തയെന്നാണ് വിശേഷിപ്പിച്ചത്. ഹിറ്റ്ലറുടെ കാര്‍ ക്ലൈവ് പാമര്‍ വാങ്ങിയിട്ടില്ലെന്ന് വക്താവ് അറിയിച്ചു.
മെഴ്സിഡസ് ബെന്‍സില്‍ ഹിറ്റ്‌ലര്‍
ഇറക്കുമതി, കസ്റ്റംസ്, ഉപരോധ നിയമങ്ങള്‍ ലംഘിച്ചാണ് കാര്‍ വാങ്ങിയതും ഇറക്കുമതി ചെയ്തതും എങ്കില്‍ ഓസ്ട്രേലിയന്‍ നിയമപ്രകാരം ക്ലൈവ് പാമര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് മുന്നറിയിപ്പ് നല്‍കി.
ചരിത്രത്തിലെ ഏറ്റവും നിര്‍ണായസ്ഥാനമുള്ള വാഹനം വില്‍പ്പനയ്ക്ക് എന്നു വിശേഷിപ്പിച്ചാണ് 2018-ല്‍ യു.എസിലെ ഒരു ലേല സ്ഥാപനം ഈ കാര്‍ ലേലത്തിനായി വച്ചത്. 1945-ല്‍ യു.എസ് സൈന്യം ഈ വാഹനം പിടിച്ചെടുത്തിരുന്നു. 'തിന്മയുടെ മേലുള്ള വിജയത്തിന്റെ സ്മാരകമായി ഈ വാഹനത്തെ നിലനിര്‍ത്തുകയായിരുന്നു.
ഉപരോധങ്ങള്‍ മറികടന്ന് ഹിറ്റ്‌ലറുടെ കാര്‍ ക്ലൈവ് പാമര്‍ വാങ്ങിയത് ഫെഡറല്‍ സര്‍ക്കാര്‍ അടിയന്തരമായി അന്വേഷിക്കണമെന്ന് പശ്ചിമ ഓസ്ട്രേലിയന്‍ ലേബര്‍ എംപി പാട്രിക് ഗോര്‍മാന്‍ ആഭ്യന്തര മന്ത്രിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.
'തന്റെ പാര്‍ട്ടിയിലെ പല അംഗങ്ങളും പാമറിന്റെ ഈ നടപടിയിലും അത് സമൂഹത്തിന് നല്‍കുന്ന സന്ദേശത്തിലും ആശങ്കാകുലരാണെന്ന് പാട്രിക് ഗോര്‍മാന്‍ അദ്ദേഹം പറയുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കുന്ന ഒരാള്‍ ഏറ്റവും ക്രൂരമായ ഒരു ചരിത്രത്തിന്റെ ദുര്‍ഗന്ധം പേറുന്ന വാഹനം സ്വന്തമാക്കുന്നത് അനുചിതമാണെന്നാണ് തന്റെ വിശ്വസമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പാമറിന് കാര്‍ വില്‍പന നടത്തിയ വ്യക്തിയുടെ പേരു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വാഹനം വാങ്ങുന്നതു സംബന്ധിച്ച് രണ്ട് വര്‍ഷത്തിലേറെയായി ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും കാര്‍ പാമറിന്റെ കൈയില്‍ എപ്പോഴാണ് എത്തിയതെന്നും വ്യക്തമല്ല.
ആരോപണവിധേയമായ കാര്‍ വാങ്ങല്‍ സംബന്ധിച്ച് പാമര്‍ തന്നെയാന്ന് വിശദീകരിക്കേണ്ടതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം ഒരു വ്യക്തി ലംഘിച്ചാല്‍, ഓസ്ട്രേലിയന്‍ നിയമപ്രകാരം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് കാരെന്‍ ആന്‍ഡ്രൂസ് മുന്നറിയിപ്പു നല്‍കി.
മനുഷ്യ രാശിക്കെതിരെ ചരിത്രത്തില്‍ സമാനതകളില്ലാത്ത കൊടുംപാതകങ്ങള്‍ അഴിച്ചുവിട്ട നാസിസത്തെ മഹത്വവല്‍ക്കരിക്കുന്നതിനെയും ഓസ്ട്രേലിയയിലെ നവ-നാസി തീവ്രവാദ പ്രവര്‍ത്തനങ്ങളെയും സര്‍ക്കാര്‍ പൂര്‍ണ്ണമായും അപലപിക്കുന്നു. ക്ലൈവ് പാമറിന്റെ ഈ നടപടി ആളുകള്‍ക്ക് കുറ്റകരമായി തോന്നുന്നതില്‍ അത്ഭുതമില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം പാമര്‍ നാസി പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന ആളാണെന്നതിന്റെ യാതൊരു സൂചനയും സര്‍ക്കാരിനു ലഭിച്ചിട്ടില്ല. പ്രശസ്ത ക്ലാസിക് കാറുകള്‍ ശേഖരിക്കുന്നയാളാണ് പാമര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.