രണ്ട് പതിറ്റാണ്ടിനു ശേഷം ആദ്യമായി ക്വീന്‍സ് ലാന്‍ഡില്‍ ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തു

രണ്ട് പതിറ്റാണ്ടിനു ശേഷം ആദ്യമായി ക്വീന്‍സ് ലാന്‍ഡില്‍ ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തു

ബ്രിസ്ബന്‍: മഴക്കെടുതിക്കു പിന്നാലെ രണ്ട് പതിറ്റാണ്ടിനു ശേഷം ആദ്യമായി ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ ജപ്പാന്‍ ജ്വരം (Japanese encephalitis) റിപ്പോര്‍ട്ട് ചെയ്തു. 60 വയസുള്ള സ്ത്രീയിലാണ് രോഗം സ്ഥിരീകരിച്ചത്. വയോധിക ബ്രിസ്ബനിലെ പ്രിന്‍സ് ചാള്‍സ് ഹോസ്പിറ്റലില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗത്തുള്ള ഗൂണ്ടിവിണ്ടി മേഖലയിലെ പന്നിവളര്‍ത്തല്‍ കേന്ദ്രത്തില്‍നിന്ന് എടുത്ത മൃഗങ്ങളുടെ സാമ്പിളുകളില്‍ ജപ്പാന്‍ ജ്വരം കണ്ടെത്തിയതിനു പിന്നാലൊണ് സ്ത്രീയുടെയും രോഗനിര്‍ണയം.

ജനജീവിതത്തെ ബാധിച്ച വെള്ളപ്പൊക്കത്തിനു പിന്നാലെ ഏറെ നാളായി ഇല്ലാതിരുന്ന ജപ്പാന്‍ ജ്വരവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് ആരോഗ്യ പ്രവര്‍ത്തകരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ജാപ്പനീസ് എന്‍സഫലൈറ്റിസ് എന്നത് ഒരുതരം മസ്തിഷ്‌ക ജ്വരമാണ്. തലച്ചോറിനെ ബാധിക്കുന്ന പനിയാണിത്. തലച്ചോറില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുന്ന ഈ രോഗം മരണകാരണമായേക്കാം. വൈറസ് വഴിയാണ് രോഗം പിടിപെടുന്നത്. കൊതുകുകള്‍ കടിക്കുമ്പോഴാണ് രോഗകാരിയായ വൈറസ് ശരീരത്തില്‍ എത്തുന്നത്. മനുഷ്യര്‍ തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പകരില്ല. വിക്ടോറിയയിലെയും ന്യൂ സൗത്ത് വെയില്‍സിലെയും ക്വീന്‍സ് ലാന്‍ഡ് ബോര്‍ഡറിനടുത്തുള്ള ടെന്റര്‍ഫീല്‍ഡിലെ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളിലും അടുത്തിടെ വൈറസിനെ കണ്ടെത്തിയിരുന്നു.

വിക്ടോറിയ സംസ്ഥാനത്തും ഈ ആഴ്ച ആദ്യം നാല് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

വെള്ളപ്പൊക്കം ബാധിച്ച ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്തിന്റെ തെക്ക്-കിഴക്കന്‍ പ്രദേശങ്ങളില്‍ ശുചീകരണ ജോലികള്‍ നടക്കുകയാണ്. പ്രാണികള്‍ കടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ജനങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പെട്ടെന്നുള്ള പനി, കഠിനമായ തലവേദന, ഛര്‍ദ്ദി, തളര്‍ച്ച, പ്രകാശത്തോടുള്ള സംവേദനക്ഷമത എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങളെന്ന് ബ്രിസ്ബന്‍ ആസ്ഥാനമായുള്ള സാംക്രമിക രോഗ വിദഗ്ധനും ക്വീന്‍സ് ലാന്‍ഡ് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. പോള്‍ ഗ്രിഫിന്‍ പറഞ്ഞു.

അതേസമയം വൈറസ് ബാധിച്ച എല്ലാവര്‍ക്കും രോഗം ഗുരുതരമായി മാറില്ല; മിക്ക ആളുകളും സുഖം പ്രാപിക്കും. എന്നാല്‍ ചെറിയ ശതമാനത്തിന് ഗുരുതരമായേക്കാം.

കൊതുകുകടി തടയാന്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഡോ. ഗ്രിഫിന്‍ പറഞ്ഞു. ഷൂവും കൈകളും കാലുകളും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിനോടൊപ്പം കൊതുക് പെരുകാതിരിക്കാന്‍ മോസ്‌കിറ്റോ റിപ്പല്ലന്റുകളും ഉപയോഗിക്കണം.

കനത്ത മഴയെതുടര്‍ന്ന് പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നിനാല്‍ വരും ദിവസങ്ങളില്‍ കൊതുക് പെരുകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ചെടിച്ചട്ടികളിലും പാത്രങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം ഉള്‍പ്പെടെ കൊതുകുകളുടെ വളര്‍ച്ചയെ സുഗമമാക്കുന്ന ഒന്നും പരിസരങ്ങളില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഡോ. ഗ്രിഫിന്‍ പറഞ്ഞു.

രോഗസാധ്യത കുറയ്ക്കുന്നതിന് കൊതുകിനെ തുരത്താനുള്ള മാര്‍ഗങ്ങള്‍ പ്രാദേശിക സര്‍ക്കാരുകള്‍ സ്വീകരിക്കുമെന്ന് ക്വീന്‍സ് ലാന്‍ഡ് ആരോഗ്യ മന്ത്രി യെവെറ്റ് ഡി ആത്ത് പറഞ്ഞു.

1998-ലാണ് ക്വീന്‍സ്ലാന്‍ഡില്‍ ജപ്പാന്‍ ജ്വരം അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.