ദൈവം വിരുന്നുവന്ന വിരലുകള്‍

ദൈവം വിരുന്നുവന്ന വിരലുകള്‍

കാണുന്ന കല്ലിലെല്ലാം ഒരു കമനീയ ശില്‍പ്പം കാണുകയും ആ ശില്‍പത്തിനു ചേരാത്തതെല്ലാം കൊത്തിക്കളയുക മാത്രമാണ് ഒരു ശില്പിയുടെ ജോലി എന്നു വിശ്വസിക്കുകയും ചെയ്തുകൊണ്ട് 16-ഠം നൂറ്റാണ്ടിലെ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ആദി പ്രതിരൂപമായി മാറിയ മഹദ് വ്യക്തിയാണ് മൈക്കലാഞ്ചലോ. 1475 മാര്‍ച്ച് ആറിന് ഇറ്റലിയില്‍ ഫ്‌ളോറന്‍സിലെ അരേസോയ്ക്കടുത്ത് കാപ്രീസ് എന്ന ദേശത്തു പിറന്ന മൈക്കലാഞ്ചലോ ലോകം കണ്ടിട്ടുള്ള ഏറ്റവും പ്രതിഭാധനനായ ശില്പികളില്‍ ഒരാളാണ്.

മധ്യകാല യൂറോപ്പിന്റെ ദിശ തിരുത്തിയെഴുതിയ റിനൈസന്‍സ് എന്ന നവോത്ഥാനം ഒരു ജനതയുടെ ചിന്തയിലും ദര്‍ശനത്തിലും മാത്രമല്ല, കല, സാഹിത്യം, സംസ്‌കാരം തുടങ്ങി സമസ്ത ജീവത മേഖലകളിലും പൂര്‍ണമായ സ്വാധീനം ചെലുത്തിയ പ്രതിഭാസമായിരുന്നു. പരമ്പരാഗത ചിന്താ രീതികളെ പിളര്‍ന്നു കൊണ്ട് സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ വിശ്വ മാനവിക മൂല്യങ്ങള്‍ മുന്നോട്ടു വച്ചു വളര്‍ന്ന നവോത്ഥാനത്തിന്റെ ഏറ്റവും വലിയ സര്‍ഗാത്മക വ്യക്തിത്വങ്ങളില്‍ ഒരാളാണ് മൈക്കലാഞ്ചലോ.

ചിത്രകാരന്‍, ശില്പി, നിര്‍മാതാവ്, കവി, സാഹിത്യകാരന്‍, എഞ്ചിനീയര്‍ എന്നിങ്ങനെ ദൈവം വിവിധ കഴിവുകള്‍ വിന്യസിച്ച ഒരു വിപുലമായ സര്‍ഗക്ഷേത്രമായിരുന്നു അദ്ദേഹത്തിന്റെ ചേതന. വാത്സല്യ നിധിയായ പിതാവ് വ്യാകരണം പഠിക്കാന്‍ വിട്ട മകന്‍ വഴി വക്കുകളില്‍ വരകള്‍ കോറിയിട്ടും ചിത്രങ്ങള്‍ വരച്ചും നടന്നപ്പോള്‍ ആ പിതാവ് തന്റെ മകനെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ആദ്യമായി കല്‍പ്പടവുകളിലെ മഡോണ, സെഞ്ചൂറിയന്‍ യുദ്ധം തുടങ്ങി അത്ഭുതപ്പെടുത്തുന്ന കലാരൂപങ്ങളുമായി വിശ്വകലാ ലോകത്ത് കൊച്ചു മൈക്കിള്‍ വിളക്കു കൊളുത്തിയപ്പോള്‍ ആ പ്രതിഭയുടെ പ്രായം 15 വയസ് മാത്രമായിരുന്നു.

ഇരുപത്തിയൊന്നാം വയസില്‍ റോമിലെത്തിയ അദ്ദേഹം ബച്ചൂസ് എന്ന റോമന്‍ ദേവന്റെ ശില്പം നിര്‍മ്മിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വളര്‍ച്ച തുടങ്ങുകയായിരുന്നു. പിന്നീടാണ് അത്ഭുതങ്ങള്‍ സംഭവിച്ചത്. ലോക ചരിത്രം ഇന്നോളം കണ്ടിട്ടുള്ളതില്‍ കൃത്യത കൊണ്ടും പൂര്‍ണത കൊണ്ടും അനുപമവും അദ്വതീയവുമായ പിയേത്ത എന്ന അത്ഭുത ശില്‍പം പൂര്‍ത്തിയാക്കുമ്പോള്‍ മൈക്കലാഞ്ചലോയ്ക്ക് 24 വയസ്. പുരുഷ സൗന്ദര്യത്തിന്റെ വിശ്വ വിസ്മയം എന്നു ലോകം വാഴ്ത്തുന്ന ദാവീദ് രാജാവിന്റെ പ്രതിമയില്‍ അവസാനത്തെ കല്ലുളി പതിയുമ്പോള്‍ ഈ സര്‍ഗപ്രതിഭയ്ക്ക് പ്രായം 29. കല്ലില്‍ കൊത്തിയ കദനകാവ്യം എന്ന് കലാലോകം വാഴ്ത്തുന്ന പിയേത്ത, കുരിശില്‍ മരിച്ച ക്രിസ്തുവിന്റെ മൃത ദേഹം പരിശുദ്ധ മറിയം മടിയില്‍ കിടത്തിയിരിക്കുന്ന ദൃശ്യമാണ്. കണ്ടു നില്‍ക്കുന്നവരുടെ കരള്‍ പിളരുന്ന കഠിന പീഡയുറയുന്ന മറിയത്തിന്റെ മുഖം അവര്‍ണനീയമായ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. ''പ്രകൃതിക്കു മനുഷ്യ ശരീരത്തില്‍ നിര്‍മിക്കാന്‍ കഴിയാത്തത്ര കൃത്യതയോടെ മനുഷ്യ ശരീരം കല്ലില്‍കൊത്തിയ അത്ഭുതമാണ് പിയേത്ത'' എന്നു പറഞ്ഞത് മൈക്ക ലാഞ്ചലോയുടെ ജീവചരിത്രകാരനായ ജോര്‍ജിയോവാസരിയാണ്.

ഒരു മനുഷ്യന്റെ സര്‍ഗാത്മക സാധ്യതകളുടെ സമസ്ത വെളിപാടുകളും ഒരു നിമിഷത്തില്‍ ലഭിച്ചതിന്റെ വിശുദ്ധമായ കര്‍മ സാക്ഷ്യമാണ് പിയേത്ത എന്നു കാലം വാഴ്ത്തുന്നു. ഫ്ളോറന്‍സിന്റെ സ്വാതന്ത്ര ശില്പമാണ് ദാവീദ് രാജാവ്. പ്രകൃതിയെ തോല്‍പ്പിക്കുന്ന പുരുഷന്റെ കായിക ശക്തിയുടെ യഥാര്‍ത്ഥ രൂപമാണ് ഡേവിഡ്. ഹ്യൂമന്‍ അനാട്ടമിയുടെ അണുവിട തെറ്റാതെയുള്ള ഈ ആവിഷ്‌കാരം മനുഷ്യ സൃഷ്ടികളിലെ ഒന്നാം നിരയിലുള്ള അത്ഭുതമാണ്. തന്റെ താഴ്വാരങ്ങളില്‍ തളര്‍ന്നു കിടന്ന കല്ലില്‍ നിന്ന് അനുപമമായ പുരുഷ സൗന്ദര്യം ഉയിര്‍ക്കുന്നതു കണ്ട് കറാറയിലെ മാര്‍ബിള്‍ ക്വാറികള്‍പോലും കോരിത്തരിച്ചിട്ടുണ്ടാവും.

1505 മുതല്‍ റോമിലെ പ്രധാന ദേവാലയങ്ങളുടെ രൂപകല്‍പ്പനയും വിവിധ ശില്‍പങ്ങളുടെ നിര്‍മാണവുമായി റോമിന്റെ കലാസ്വാദനത്തില്‍ സ്വന്തം ഇടം അടയാളപ്പെടുത്തിയ മൈക്കലാഞ്ചലോ സിസ്റ്റെയില്‍ ചാപ്പലിന്റെ സീലിംഗില്‍ ചെയ്ത ചിത്രങ്ങളിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തി. ബൈബിള്‍ പഴയ നിയമത്തിലെ ഉല്‍പ്പത്തി, ക്രിസ്തുവിന്റെ പ്രന്തണ്ടു ശ്ലീഹന്‍മാരുടെ ചിത്രങ്ങള്‍ തുടങ്ങി, അദ്ദേഹത്തിന്റെ സൃഷ്ടികളെല്ലാം ദൈവ മഹത്വത്തിന്റെ ചിഹ്നങ്ങളും കത്തോലിക്കാ സഭയുടെ വിശ്വാസ പ്രമാണത്തിന്റെ ചിത്ര ഭാഷ്യവുമായി മാറി.

മാര്‍പ്പാപ്പാമാരുടെ മൃത കുടീരത്തിലെ മോസസിന്റെ പ്രതിമയാണ് മറ്റൊരത്ഭുതം. 1541-ല്‍ സിസ്റ്ററെയിന്‍ ചാപ്പിലിന്റെ ഒരുവശത്ത് അദ്ദേഹം വരച്ച ക്രിസ്തുവിന്റെ അന്ത്യവിധിയുടെ ചിത്രവും സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മിനാരവും അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പുകളില്‍ ദൈവം വിരുന്നു വന്നുവെന്നതിന് തെളിവുകളായി.

ജീവിച്ചിരിക്കുമ്പോള്‍ രണ്ട് ജീവചരിത്രം പ്രസിദ്ധീകരിക്കുന്ന യൂറോപ്പിലെ ആദ്യത്തെയാളാണ് മൈക്കലാഞ്ചലോ. വരയുടെ വരം ലഭിച്ച ഈ ദിവ്യനിലൂടെയാണ് കലയുടെ വില ലോകം അറിഞ്ഞത്. സ്വകാര്യ ജീവിതത്തില്‍ പരുക്കന്‍ പ്രകൃതക്കാരനായിരുന്ന അദ്ദേഹം തന്റെ എല്ലാ സൃഷ്ടികളിലും അതൃപ്തനുമായിരുന്നു. പണി തീര്‍ന്നു കഴിഞ്ഞ മോസസിന്റെ പ്രതിമ ജീവന്‍ തുടിക്കുന്നതുപോലെ നിന്നു തിളങ്ങുമ്പോള്‍ നീ എന്നോടു സംസാരിക്കാത്തതെന്തേ? എന്നു ചോദിച്ചുകൊണ്ട് ചുറ്റികകൊണ്ട് ആ സുന്ദര പ്രതിമയുടെ കാല്‍മുട്ട് അദ്ദേഹം ഇടിച്ചു തകര്‍ത്തുകളഞ്ഞു.

മാര്‍ച്ച് ആറിന് ലോകം കണ്ട ഈ അതുല്യ പ്രതിഭയുടെ ജന്മദിനം ആചരിക്കുമ്പോള്‍ ഓരോ കല്ലിലും ഒരു സുന്ദര ശില്പം തിരയുന്ന ആ കലാകാരന്റെ മനസിനു പിന്നാലെ നമുക്കും യാത്ര പോകാം. ദാവീദിനേയും മോസസിനെയും കണ്ട് കണ്‍മിഴിക്കാം. പിയേത്ത കണ്ട് കണ്ണീരൊഴുക്കാം. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മിനാരങ്ങളെ താണു ചുംബിക്കുന്ന നീല മേഘങ്ങളില്‍ തൊട്ടു നോക്കാന്‍ കൊതിക്കാം. ഒപ്പം കലയുടെ കലവറയുമായി നമ്മുടെ വിര്‍ല്‍ത്തുമ്പുകളിലേക്കും വിരുന്നവരണേ എന്ന് ജഗദീശ്വരനോട് നെടുവീര്‍പ്പിടാം.

(ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും)

ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.