ഡെസ് മോയിന്‍സ്: യു.എസിലെ അയോവ സംസ്ഥാനത്തുടനീളം വീശിയടിച്ച ചുഴലിക്കാറ്റില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. മണിക്കൂറില്‍ 135 മൈലിലധികം വേഗതയില്‍ ആഞ്ഞടിച്ച കാറ്റില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി വിതരണം തകരാറിലാവുകയും ചെയ്തു. ഒരു ദശാബ്ദത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിത്.
തലസ്ഥാനമായ ഡെസ് മോയിന്‍സിന്റെ തെക്കുപടിഞ്ഞാറുള്ള മാഡിസണ്‍ കൗണ്ടിയിലാണ് ആറു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലൂക്കാസ് കൗണ്ടിയിലെ ഗ്രാമപ്രദേശമായ ചാരിറ്റണിലാണ് ഒരു മരണമുണ്ടായത്. ശനിയാഴ്ച സംസ്ഥാനത്ത് മൂന്ന് ചുഴലിക്കാറ്റുകള്‍ ഉണ്ടായതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മാഡിസണ്‍ കൗണ്ടിയില്‍ ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി ഡയറക്ടര്‍ ഡയോജെനസ് അയാല പറഞ്ഞു.
ചുഴലിക്കാറ്റില്‍ മരിച്ചവരില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ക്ക് 72 വയസുണ്ട്. അഞ്ച് വയസിന് താഴെയുള്ള രണ്ട് കുഞ്ഞുങ്ങളും മരിച്ചവരില്‍ ഉള്‍പ്പെടുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ ഡയോജെനസ് അയല പറഞ്ഞു.
ചുഴലിക്കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. കാറ്റില്‍ പറന്നുനീങ്ങിയ അവശിഷ്ടങ്ങള്‍ റോഡുകളില്‍ കൂടിക്കിടക്കുകയാണ്. മരങ്ങളും വൈദ്യുതി ലൈനുകളും വീണ് റോഡില്‍ ഗതാഗതവും സ്തംഭിച്ചു. പതിനായിരത്തോളം വീടുകളില്‍ വൈദ്യുതി നിലച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരുന്നതേയുള്ളൂ.
2008 മേയില്‍ അയോവ നഗരമായ പാര്‍ക്കേഴ്സ്ബര്‍ഗില്‍ വീശിയ ചുഴലിക്കാറ്റില്‍ ഒന്‍പതു പേര്‍ മരിക്കുകയും മുന്നൂറോളം വീടുകള്‍ നശിക്കുകയും ചെയ്തിരുന്നു. അതിനുശേഷം അയോവയിലുണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.