കൊച്ചി: നാലുമാസം മാത്രം പ്രായമുള്ള ആ പെണ്‍കുഞ്ഞിന് അമ്മിഞ്ഞപ്പാലിന്റെ സ്‌നേഹം നുകരാന്‍ ഇതുവരെ ഭാഗ്യമുണ്ടായിട്ടില്ല. നൊന്തു പെറ്റ മകളെ കണ്‍കുളിര്‍ക്കെയൊന്ന് കാണാന്‍ ഇരുപത്താറുകാരിയായ അനുപ്രിയയെന്ന ആ അമ്മയ്ക്കും കഴിഞ്ഞിട്ടില്ല.
പൂര്‍ണ ഗര്‍ഭിണിയായിരിക്കെ ക്ഷണിക്കാതെ വന്ന അതിഥിയെപ്പോലെ ക്യാന്‍സര്‍ അനുപ്രിയയുടെ ശ്വാസകോശത്തില്‍ കയറിപ്പറ്റുകയായിരുന്നു.
ഇപ്പോള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന ഇടുക്കി മുരിക്കാശേരി പെരിയാര്‍വാലി പൊരുന്നോലില്‍ വീട്ടില്‍ അനുപ്രിയ ടെന്‍സിംഗും കുഞ്ഞും ഏവരുടെയും ഹൃദയത്തില്‍ വിങ്ങലായി മാറുകയാണ്. അനുവിന്റെ ചികിത്സയ്ക്കായി ഇതുവരെ ചിലവായത് 32 ലക്ഷം രൂപയാണ്.
കര്‍ഷകരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ മകളുടെ ജീവന്‍ ചോദ്യചിഹ്നമായി മാറിയപ്പോള്‍ അവര്‍ മറ്റൊന്നും ചിന്തിച്ചില്ല. കിടപ്പാടം വിറ്റു. എന്നിട്ടും തികയാതെ വന്നപ്പോള്‍ നാട്ടുകാരില്‍ നിന്നും കടം വാങ്ങി. ഇനിയുള്ള ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് അനുവിന്റെ മാതാപിതാക്കളും ബന്ധുക്കളും.
ഗര്‍ഭിണിയായിരിക്കെ ഇടയ്ക്കുണ്ടായ ചുമയിലൂടെയാണ് എല്ലാത്തിന്റെയും തുടക്കം. ചുമ കുറയാതെ വന്നതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അവിടെ നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തില്‍ ക്യാന്‍സറാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് നേരെ ആലുവ രാജഗിരിയില്‍ പ്രവേശിപ്പിച്ചു.
എത്രയും പെട്ടെന്ന് കീമോ തെറാപ്പി തുടങ്ങണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും എട്ടുമാസം ഗര്‍ഭിണിയായിരുന്നത് കാര്യങ്ങള്‍ വഷളാക്കി. ഒടുവില്‍ കുട്ടിയെ പുറത്തെടുത്താണ് കീമോ തുടങ്ങിയത്. അഞ്ചോളം കീമോ തെറാപ്പികള്‍ക്കുശേഷം വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് വിധി വീണ്ടും ക്രൂരത കാണിച്ചത്.
ഇടയ്ക്കു ക്ഷീണം തോന്നി ചെക്കപ്പിന് ചെന്നപ്പോള്‍ തലച്ചോറില്‍ ട്യൂമര്‍ വളരുന്നതായി കണ്ടെത്തി. വീണ്ടും രാജഗിരി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് ഇനിയും ലക്ഷങ്ങള്‍ ചിലവ് വരും. ശസ്ത്രക്രീയയ്ക്കും തുടര്‍ ചികിത്സയ്ക്കുമുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് കുടുംബം.
അനുപ്രിയയുടെ ചികിത്സാ ചെലവിനായി കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിക്കാന്‍ ചികിത്സാ സഹായ നിധി രൂപീകരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇടുക്കിയിലെ നാട്ടുകാര്‍. അനുപ്രിയയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍: 423102010027043. IFSC CODE - UBIN0542318. ഗൂഗിള്‍ പേ നമ്പര്‍ 7559920610.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.