കീവ്: ഉക്രെയ്‌നിലെ യുദ്ധക്കളത്തില്‍ നിന്ന് ഒരു വിവാഹ വാര്‍ത്ത കൂടി. പ്രതിരോധ സേനാംഗങ്ങളായ ലെസിയ ഇവാഷ്ചെങ്കോയ്ക്കും വലേരി ഫൈലിമൊനോവിനും വിവാഹ വേദിയൊരുങ്ങിയത് സൈനിക ക്യാമ്പില്‍ തന്നെ. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന വിവാഹത്തിന് ശേഷം അധിനിവേശത്തിനെതിരെ പോരാടാന്‍ ദമ്പതികള്‍ രണ്ടു ദിശയില്‍ യാത്രയായി.
സൈനിക വേഷത്തിലായിരുന്നു വധൂവരന്മാര്‍. വിവാഹ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി.'റഷ്യന്‍ അധിനിവേശം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ സങ്കടകരമാണ്. ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ തല്‍ക്കാലം കഴിയില്ല,'- വിവാഹ ചടങ്ങിന് ശേഷം അവര്‍ പറഞ്ഞു. 'ഞങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്നതു തന്നെ സന്തോഷകരമായ കാര്യം. നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കറിയാം. അതിനാല്‍ രാജ്യത്തിനും ദൈവത്തിനും മുന്നില്‍ വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.ഞങ്ങള്‍ പരസ്പരം 'അതെ' എന്ന് പറഞ്ഞു.'
'ഞങ്ങള്‍ ഭാവിയില്‍ വിശ്വസിക്കുന്നു;ജീവിതം മുന്നോട്ട് പോകുന്നുവെന്നും.ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി വിവാഹ ചടങ്ങ് നടത്താന്‍ തീരുമാനിച്ചത് സൈനിക സഹോദരരും ഞങ്ങളുടെ കമാന്‍ഡര്‍മാരും അത്ഭുതത്തോടെയാണ് സ്വീകരിച്ചത്. ശത്രുക്കളെ തുരത്താനും ഞങ്ങളുടെ ഭൂമി തിരിച്ചുപിടിക്കാനും പോരാട്ടത്തില്‍ വിജയിക്കാനും ഞങ്ങള്‍ തീരുമാനിച്ചു.' കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോയും മേയറുടെ സഹോദരന്‍ കൂടിയായ ബോക്സര്‍ വ്ളാഡിമിറും നവദമ്പതികളെ അഭിനന്ദിക്കാന്‍ എത്തിയിരുന്നു.
റഷ്യയുമായുള്ള യുദ്ധം കഴിഞ്ഞ മാസം ആരംഭിച്ചപ്പോള്‍ തന്നെ ലെസിയ ജോലി ഉപേക്ഷിച്ച് കീവിന്റെ പ്രാന്തപ്രദേശത്തുള്ള തന്റെ ജില്ലയെ പ്രതിരോധിക്കാന്‍ പ്രദേശിക സേനയില്‍ ചേര്‍ന്നു. വര്‍ഷങ്ങളായി പരസ്പരം ഇഷ്ടപ്പെട്ടിരുന്നവരാണ് ലെസിയയും വലേരിയും. റഷ്യന്‍ അധിനിവേശത്തിന്റെ തുടക്കം മുതല്‍ രണ്ടിടത്തായിരുന്നു ഇരുവരും പോരാട്ടത്തില്‍ പങ്കു ചേര്‍ന്നിരുന്നത്.
അതേസമയം, യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ആക്രമണവും പ്രതിരോധവും കൂടുതല്‍ ശക്തമായി. റഷ്യന്‍ പട്ടാളം വളഞ്ഞ നഗരങ്ങളില്‍ ഷെല്ലാക്രമണം തുടരുകയാണ്. ജനവാസ കേന്ദ്രങ്ങളിലടക്കം റഷ്യ ആക്രമണം നടത്തുമ്പോള്‍ പ്രതിരോധത്തിന് പുതുവഴികള്‍ തേടുകയാണ് ഉക്രെയ്ന്‍. പലായനം ചെയ്ത ഉക്രേനിയക്കാരുടെ എണ്ണം 1.4 ദശലക്ഷമായി വര്‍ദ്ധിച്ചു.
താരതമ്യേന സൈനിക ബലം കുറവാണെങ്കിലും പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കിയുടെ ആത്മവിശ്വാസവും മനക്കരുത്തും സൈനികര്‍ക്ക് പ്രചോദനമാവുകയാണ്. ഓരോ ദിനവും കൂടുതല്‍ കരുത്തോടെയാണ് അവര്‍ യുദ്ധക്കളത്തിലേക്ക് ഇറങ്ങുന്നത്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യം അടിയറവ് വെക്കില്ലെന്നുറപ്പിച്ച് ഉക്രെയ്നും ഏത് വിധേനേയും കീഴടക്കുമെന്ന ആക്രോശവുമായ റഷ്യയും പരസ്പരം ഏറ്റ് മുട്ടുമ്പോള്‍ ചോരപ്പുരയൊഴുകുന്നു ഉക്രെയ്നില്‍.
റഷ്യ ഉക്രെയ്‌നില്‍ ആക്രമണം തുടങ്ങിയ ആദ്യ ദിവസം നടന്ന ഒരു വിവാഹം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 21 കാരി യര്യാന അരീവയാണ് വ്യോമക്രമണങ്ങള്‍ക്കും സൈറണുകള്‍ക്കുമിടയില്‍ വിവാഹതിയായത്. കീവ് സിറ്റി കൗണ്‍സിലില്‍ ഡെപ്യൂട്ടി ആയ യര്യാനയും സിയാറ്റോസ്ലാവ് ഫുര്‍സിനും തമ്മില്‍ മെയ് ആറിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്.'യുദ്ധം ആരംഭിച്ച സ്ഥിതിക്ക് ഞങ്ങള്‍ മരിച്ചേക്കാം. അതിനുമുമ്പ് എന്തുവന്നാലും ഒന്നിക്കണമെന്ന് തീരുമാനിച്ചു'-യര്യാന പറഞ്ഞതിങ്ങനെ. വിവാഹ ശേഷം ഇരുവരും രണ്ടു വഴിക്കും നീങ്ങിയതും പോരാട്ട ഭൂമിയിലേക്കു തന്നെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.