കാണ്ഡഹാര്‍ വിമാനം റാഞ്ചിയ ഭീകരന്‍ സഹൂര്‍ മിസ്ത്രി പാകിസ്താനില്‍ കൊല്ലപ്പെട്ടു; വെടിവെച്ചത് അജ്ഞാതര്‍

കാണ്ഡഹാര്‍ വിമാനം റാഞ്ചിയ ഭീകരന്‍ സഹൂര്‍ മിസ്ത്രി പാകിസ്താനില്‍ കൊല്ലപ്പെട്ടു; വെടിവെച്ചത് അജ്ഞാതര്‍

കറാച്ചി: 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ തടഞ്ഞുവച്ച സംഘത്തിലെ ഭീകരന്‍ സഹൂര്‍ മിസ്ത്രി പാകിസ്ഥാനില്‍ ഈയിടെ കൊല്ലപ്പെട്ടു. കുറച്ച് വര്‍ഷങ്ങളായി സാഹിദ് അഖുന്ദ് എന്ന വ്യാജ പേരില്‍ ജീവിച്ചിരുന്ന മിസ്ത്രി മാര്‍ച്ച് 1 ന് കറാച്ചിയിലെ അക്തര്‍ കോളനിയില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതായാണ് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തത്.

അക്തര്‍ കോളനിയിലെ ക്രസന്റ് ഫര്‍ണിച്ചറിന്റെ ഉടമയായിരുന്നു മിസ്ത്രി. കറാച്ചിയില്‍ ഒരു 'ബിസിനസ് കാരന്‍' കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടില്‍ വിമാനം റാഞ്ചിയതിനെക്കുറിച്ചോ ഇതര കുറ്റകൃത്യങ്ങളെക്കുറിച്ചോ പരാമര്‍ശമില്ലായിരുന്നു.ആയുധധാരികളായ രണ്ട് പേരാണ് മോട്ടോര്‍സൈക്കിളിലെത്തി വെടിവയ്പ്പ് നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ സഹിതമുള്ള ജിയോ ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.

'കൊലപാതകത്തെക്കുറിച്ച് ഞങ്ങള്‍ക്ക് സ്ഥിരീകരണമുണ്ട്, പക്ഷേ ചില വിചിത്രമായ കാരണങ്ങളാല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്,' പാകിസ്ഥാന്‍ വാര്‍ത്താ ശൃംഖലയിലെ ഒരു ഉറവിടം വിദേശ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ. കറാച്ചിയില്‍ അഖുന്ദിന്റെ ശവസംസ്‌കാര ചടങ്ങില്‍ റൗഫ് അസ്ഗര്‍ പങ്കെടുത്തതായി ന്യൂസ് 18 ലോക്മത്ത് റിപ്പോര്‍ട്ട് ചെയ്തു. ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷന്‍ മേധാവിയും ജെയ്ഷെ തലവനുമായ മസൂദ് അസറിന്റെ സഹോദരനാണ് അസ്ഗര്‍.

ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി-814 വിമാനം 1999 ഡിസംബര്‍ 24-ന് നേപ്പാളില്‍ നിന്ന് അഞ്ച് ഹൈജാക്കര്‍മാര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ ഇറക്കിയത് അമൃത്സര്‍, ലാഹോര്‍, ദുബായ് എന്നിവിടങ്ങളിലേക്ക് നീണ്ട യാത്ര നടത്തിയ ശേഷമായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 178 പേരെയും 11 ജീവനക്കാരെയും ഒരാഴ്ചത്തേക്ക് ബന്ദികളാക്കി. 200 മില്യണ്‍ യുഎസ് ഡോളറിന് പുറമെ മുപ്പത്തിയഞ്ച് ഭീകരരെ ഇന്ത്യന്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഹൈജാക്കര്‍മാര്‍ ആവശ്യപ്പെട്ടു. മസൂദ് അസ്ഹര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ തുടങ്ങിയ മൂന്ന് ജെയ്ഷെ ഇഎം ഭീകരരെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.