ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം: യുദ്ധ ഭൂമിയിലെ സ്ത്രീകളെ ഓര്‍ക്കാം; ഒപ്പം മാര്‍ത്ത വാസ്യുതയെയും

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം: യുദ്ധ ഭൂമിയിലെ സ്ത്രീകളെ ഓര്‍ക്കാം; ഒപ്പം മാര്‍ത്ത വാസ്യുതയെയും

ലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കോവിഡും യുദ്ധവും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മുതല്‍ പ്രകൃതി ദുരന്തങ്ങള്‍ വരെ... ഇതിനിടെ ഒരു വനിതാദിനം കൂടി. 'ലിംഗ സമത്വം സുസ്ഥിരമായ നാളേക്കായി ' എന്ന പ്രമേയത്തിന് കീഴിലാണ് ഐക്യരാഷ്ട്ര സഭ ഇക്കൊല്ലം അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്.

ന്യുയോര്‍ക്കിലെ സ്ത്രീകളുടെ ഐതിഹാസിക സമര ദിനമാണ് മാര്‍ച്ച് എട്ട് എന്ന അന്താരാഷ്ട്ര വനിതാ ദിനം. 1908 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കിലെ തുണിമില്ലുകളില്‍ ജോലി ചെയ്തിരുന്ന സ്ത്രീകള്‍ മുതലാളിത്വത്തിനെതിരെ സമരം ചെയ്തു. വോട്ട് ചെയ്യാനുള്ള അവകാശത്തിന് വേണ്ടിയും ജോലി സമയം കുറക്കാനും കുറഞ്ഞ വേതനത്തിനുമെതിരായിരുന്നു ആ പ്രക്ഷോഭം. ആദ്യമായിട്ടായിരുന്നു, സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംഘടിതമായി പ്രക്ഷോഭത്തിനിറങ്ങുന്നത്.

1975ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. ആദ്യ കാലങ്ങളില്‍ സോഷ്യലിസ്റ്റുകളുടെ പരിപാടിയായി മാത്രം കണ്ടിരുന്ന വനിതാ ദിനം കാലക്രമേണ ആഗോള തലത്തില്‍ സ്ത്രീകളുടെ ദിനമായി ആചരിക്കുകയായിരുന്നു. ഇതാണ് വനിത ദിനത്തിന്റെ ഔദ്യോഗിക ചരിത്രം.

പ്രതിസന്ധികളുടെ ഈ കാലത്ത് വനിത ദിനത്തേയും അതിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തെപ്പറ്റിയും ഒക്കെ വലിയ വാക്കുകളില്‍ എഴുതുന്നതില്‍ അത്ര പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല. കാരണം രാജ്യം യുദ്ധ ഭീഷണിയില്‍ അകപ്പെട്ടപ്പോള്‍ തോക്കും പെട്രോള്‍ ബോംബുമായി പടനയിക്കാന്‍ പുറപ്പെട്ട ഉക്രെയ്ന്‍ വനിതകള്‍ കണ്‍മുന്നില്‍ ഉളളപ്പോള്‍ എന്താണ് ഇനി വിശദമാക്കേണ്ടത്...?

'സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ സമത്വം'- പറഞ്ഞും കേട്ടും മടുത്ത പദങ്ങള്‍...വര്‍ഷത്തില്‍ ഒരിക്കല്‍ എത്തുന്ന വനിത സ്‌പെഷ്യല്‍ പദങ്ങള്‍ എന്ന തരത്തില്‍ ഇവയെ മാറ്റിവെയ്ക്കാം. എന്നിട്ട് യാഥാര്‍ത്ഥ്യത്തിലേയ്ക്ക് കടക്കാം...

സ്വന്തം രാജ്യത്തിന്റെ വേദനിക്കുന്ന ചിത്രങ്ങള്‍ ലോകത്തിന് മുന്നില്‍ എത്തിച്ച ഒരു 20 കാരിയെപ്പറ്റി ഓര്‍ത്തു പോകുകയാണ്. റഷ്യ ഉക്രെയ്‌നു നേരെ ആക്രമണം ആരംഭിച്ച ഫെബ്രുവരി 23 വരെ, ഒരു സാധാരണ ഉക്രെനിയന്‍ പെണ്‍കുട്ടി മാത്രമായിരുന്നു മാര്‍ത്ത വാസ്യുത. എന്നാല്‍ 23ന് രാത്രി ഉറങ്ങി 24ന് പകല്‍ ഉണര്‍ന്നപ്പേഴേക്കും സോഷ്യല്‍ മീഡിയാ താരമായി.


അതിന് കാരണം റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം തന്നെയാണ്. തെളിച്ചു പറഞ്ഞാല്‍ ആ കഥ ഇങ്ങനെയാണ്. ഫെബ്രുവരി 23 ന് രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് മാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നത് വെറും പത്തോ അഞ്ഞൂറോ ഫോളോവേഴ്സ് മാത്രമായിരുന്നു. എന്നാല്‍, ഒന്നുറങ്ങി വെളുത്തപ്പോഴേക്കും അവളുടെ അക്കൗണ്ടില്‍ വന്നത് മില്യന്‍ കണക്കിന് ഫോളോവേഴ്സ്. ഒറ്റരാത്രി കൊണ്ട് മാര്‍ത്ത സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സറായി മാറിയ നിമിഷം.

സത്യത്തില്‍ മാറിയത് മാര്‍ത്ത മാത്രമായിരുന്നില്ല. അവളുടെ രാജ്യം കൂടിയായിരുന്നു. അതുവരെ അതിസാധാരണമായി ജീവിച്ചു പോന്ന ആ രാജ്യം ഒരൊറ്റ ദിവസം കൊണ്ട് യുദ്ധ ഭൂമിയായി. ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി. ആ രാജ്യത്തെ അനേകം മനുഷ്യര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. പലര്‍ക്കും മിസൈല്‍ ആക്രമണങ്ങളിലും വ്യോമാക്രമണങ്ങളിലും ജീവിതം തന്നെ ഇല്ലാതായി. ആയിരക്കണക്കിന് ആളുകള്‍ സര്‍വ്വതും ഉപേക്ഷിച്ച് വിദേശത്തേക്ക് രക്ഷപ്പെട്ടു.

ആ മാറ്റങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള മാര്‍ഗമായി സ്വന്തം മൊബൈല്‍ ഫോണിനെ ഉപയോഗിക്കുകയായിരുന്നു മാര്‍ത്ത. അവളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് അതിന് വേദിയായി. അതിനുള്ള വഴിയൊരുക്കിയത് അതിനു തൊട്ടുമുമ്പായി അവള്‍ നടത്തിയ ഒരു വിദേശ യാത്രയാണ്. സുഹൃത്തുക്കളെ കാണാന്‍ വേണ്ടി അവള്‍ നടത്തിയ ഒരു യു.കെ യാത്ര.

സുഹൃത്തുക്കളെ കണ്ട് അവര്‍ക്കൊപ്പം സന്തോഷത്തോടെ ചിലവഴിച്ച നേരത്താണ് കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞത്. അവളുടെ രാജ്യം ആക്രമിക്കപ്പെട്ടു. കരയിലൂടെയും ആകാശത്തിലൂടെയും കടലിലൂടെയും റഷ്യന്‍ സൈന്യം അവളുടെ രാജ്യമായ ഉക്രെയ്‌നിനെ ആക്രമിച്ചു. യു.കെയിലെ താമസസ്ഥലത്തു നിന്നും അതിന്റെ ദൃശ്യങ്ങള്‍ ചാനലുകളിലൂടെ, സോഷ്യല്‍ മീഡിയയിലൂടെ അവളുടെ മുന്നിലെത്തി.

ഹൃദയം പൊട്ടുന്ന വേദനയോടെയും ഭീതിയോടെയും അവളാ ദൃശ്യങ്ങള്‍ കണ്ടു. ഉക്രെയ്‌നില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ മീഡിയയാണ് ടെലിഗ്രാം. അതില്‍ ആയിരക്കണക്കിനാളുകളാണ് തങ്ങള്‍ക്കു മുന്നില്‍ നടക്കുന്ന ആക്രമണ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. അത് കണ്ട് അമ്പരന്ന അവള്‍ ആ വീഡിയോകള്‍ പുറത്ത് എത്തിക്കാന്‍ തീരുമാനിച്ചു.

ഫെബ്രുവരി 23ന് രാത്രി അവള്‍ ടെലിഗ്രാമില്‍നിന്നും പല തരത്തില്‍ പരിശോധിച്ച് ആധികാരികത ഉറപ്പു വരുത്തിയ വീഡിയോകള്‍ സേവ് ചെയ്തു വെച്ചു. ഉറങ്ങുന്നതിനു മുമ്പ് അവിടെ എന്താണ് നടക്കുന്നതെന്ന വിവരണത്തിനൊപ്പം ആ വീഡിയോകള്‍ അവള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ശേഷം ഉള്ളു നുറുങ്ങുന്ന സങ്കടത്തോടെ അവള്‍ ഉറങ്ങാന്‍ കിടന്നു.

രാവിലെ ഉണര്‍ന്നപ്പോള്‍ ആദ്യമേ അവളുടെ കൈ പോയത് ശരീരത്തിന്റെ ഭാഗം പോലായി മാറിയ മൊബൈല്‍ ഫോണിലേക്കാണ്. അവള്‍ ഞെട്ടി! തലേന്നിട്ട വീഡിയോകളുടെ വ്യൂ മില്യന്‍സ്! തീരെ കുറഞ്ഞ ഫോളോവേഴ്സ് ഉണ്ടായിരുന്ന മാര്‍ത്തയുടെ ഫോളോവര്‍മാരുടെ എണ്ണവും മില്യനുകളായി മാറിയിരുന്നു.

''എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. എന്താണീ സംഭവിക്കുന്നതെന്ന് ഞാന്‍ അമ്പരന്നു പോയി. പക്ഷെ, എല്ലാം സത്യമായിരുന്നു. എന്റെ രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള ആളായി ഞാന്‍ മാറിയെന്ന് എനിക്കപ്പോള്‍ മനസിലായി.''-അവള്‍ വേദനയോടെ പറഞ്ഞു.

പിന്നീട് അവള്‍ തുടര്‍ച്ചയായി വീഡിയോകള്‍ പോസ്റ്റ് ചെയ്തു. ടെലിഗ്രാമിലും വാട്സാപ്പിലും വരുന്ന വീഡിയോകളും സുഹൃത്തുക്കള്‍ അയക്കുന്ന വീഡിയോകളുമെല്ലാം അവര്‍ പോസ്റ്റ് ചെയ്തു. ഇവയുടെ ആധികാരികത ഉറപ്പു വരുത്തുകയായിരുന്നു ഏറ്റവും വലിയ പാട്. 2014 ല്‍ റഷ്യ നടത്തിയ ആക്രമണത്തിന്റെ വീഡിയോകള്‍ പുതിയതെന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്ന സമയമായിരുന്നു അത്.


ആവുന്നത്ര ശ്രമിച്ച് ആധികാരികത ഉറപ്പു വരുത്തിയാണ് അവള്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. അതില്‍ പലതും ആധികാരിക വീഡിയോകള്‍ തന്നെയായിരുന്നുവെന്ന് ബിബിസി അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ പിന്നീട് സാക്ഷ്യപ്പെടുത്തി. അവ ലോക മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു. ഉക്രെയ്‌നില്‍ നടക്കുന്ന ഭീകരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അവളിലൂടെ ലോകം കണ്ടു.

20 വയസുള്ള സാധാരണ ഉക്രെനിയന്‍ പെണ്‍കുട്ടിയില്‍ നിന്നും മാര്‍ത്ത ഇപ്പോള്‍ ഏറെ മാറിപ്പോയി. ആളുകള്‍ അവളില്‍ നിന്നും യുദ്ധ ഭൂമിയിലെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്നു എന്നവള്‍ക്ക് അറിയാം. ഉക്രെയ്‌നിലെ യുദ്ധത്തില്‍ ആളുകള്‍ക്ക് താല്‍പ്പര്യം കൂടിയതോടെ അവരെല്ലാം കാണുന്ന വീഡിയോ ആയി മാര്‍ത്തയുടെ വീഡിയോകള്‍ മാറി.

'ലിംഗസമത്വം സുസ്ഥിരമായ നാളേക്കായി ' എന്ന പ്രമേയത്തിന് കീഴില്‍ പുതുതായി എന്താണ് അവതരിപ്പിക്കാന്‍ ഉള്ളത്. അവതരിപ്പിച്ച പ്രമേയങ്ങളില്‍ ഇതുവരെ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായി...? ചോദ്യങ്ങള്‍ ഒരുപാട് ചോദിക്കേണ്ടി വരും...

സ്ത്രീകളേ നിങ്ങള്‍ കണ്ടും കേട്ടും പഠിക്കുക...വളരുക ...പ്രവര്‍ത്തിക്കുക...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.