വത്തിക്കാന്‍ സിറ്റി: യുദ്ധം വിഴുങ്ങിയ ഉക്രെയ്‌നിലെ ജനകീയ സന്നദ്ധ സേവകര്‍ക്ക് പിന്തുണയേകാനും ദുരിത ബാധിതര്‍ക്കിടയില്‍ ഫ്രാന്‍സിസ് പാപ്പായുടെ ആത്മീയ സാന്നിധ്യം പകരാനുമുള്ള ദൗത്യവുമായി പോളിഷ് കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രയേവ്‌സ്‌കി. 'എവിടെ വരെ എനിക്കെത്താന്‍ കഴിയുമെന്ന് നിശ്ചയമില്ല എങ്കിലും കണ്ടുമുട്ടുന്ന എല്ലാവര്‍ക്കും പരിശുദ്ധ പിതാവിന്റെ സാമീപ്യവും പ്രോല്‍സാഹനവും ലഭ്യമാക്കാന്‍ ഞാന്‍ പരിശ്രമിക്കും. എനിക്കു ഭയമില്ല; ഞാന്‍ സുവിശേഷത്തെക്കുറിച്ചാണ് ചിന്തിക്കുന്നത് ' അദ്ദേഹം വത്തിക്കാന്‍ മാധ്യമവിഭാഗത്തോടു പറഞ്ഞു.
പോളണ്ടിലെത്തിയ കര്‍ദ്ദിനാള്‍ ക്രയേവ്‌സ്‌കി ഉക്രെയ്‌നിലേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ്. വത്തിക്കാനില്‍ പരിശുദ്ധ സിംഹാസനത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചുപോന്നിരുന്നു കര്‍ദ്ദിനാളിന്റെ യാത്രാ മാര്‍ഗ്ഗരേഖയില്‍ അനിശ്ചിതത്വമുണ്ടെങ്കിലും ലക്ഷ്യം വ്യക്തമാണ് :'സഹിക്കുന്ന ജനതയുടെ അടുത്തെത്തുക, അവര്‍ക്ക് പാപ്പായുടെ സാമിപ്യം അനുഭവവേദ്യമാക്കുക, പാപ്പാ അവരെ സ്‌നേഹിക്കുന്നുവെന്ന് അവരോടു പറയുക, അവരോടൊപ്പം പ്രാര്‍ത്ഥിക്കുക കാരണം പ്രാര്‍ത്ഥനയ്ക്ക് യുദ്ധം അവസാനിപ്പിക്കാനും കഴിയും.'
കര്‍ദ്ദിനാള്‍ ക്രയേവ്‌സ്‌കി ഉക്രെയ്ന്‍ സമൂഹത്തിനുള്ള സഹായ സമാഹരണത്തിനായി റോമിലെ സാന്താ സോഫിയ ബസിലിക്കയില്‍ എത്തിയിരുന്നു. പരിശുദ്ധ സിംഹാസനത്തിന്റെ സമഗ്രമാനവ വികസനത്തിനായുള്ള ഡിക്കാസ്ട്രിയുടെ ഇടക്കാല പ്രീഫെക്ട് ആയ കാനഡ സ്വദേശി കര്‍ദ്ദിനാള്‍ മൈക്കള്‍ ചെര്‍ണിയും കര്‍ദ്ദിനാള്‍ ക്രയേവ്‌സ്‌കിയോടൊപ്പം യാത്ര തിരിച്ചിട്ടുണ്ട്.
ഞായറാഴ്ടത്തെ മദ്ധ്യാഹ്ന പ്രാര്‍ത്ഥനാ മദ്ധ്യേ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു:പരിശുദ്ധ സിംഹാസനം സമാധാനത്തിന്റെ സേവനത്തിനായി എന്തും ചെയ്യാന്‍ തയ്യാറാണ്' എന്ന് കാണിക്കുന്ന ഒരു യഥാര്‍ത്ഥ പ്രേഷിത ദൗത്യമാണ് ഇത്. അവിടെ രണ്ടു കര്‍ദ്ദിനാള്‍മാരുടെ സാന്നിധ്യം പാപ്പായുടെ സാന്നിധ്യം മാത്രമല്ല മറിച്ച് 'യുദ്ധം ഒരു ഭ്രാന്താണ്, ഈ ക്രൂരത അവസാനിപ്പിക്കുക ' എന്ന് അവിടെ എത്തി പറയാന്‍ ആഗ്രഹിക്കുന്ന എല്ലാ ക്രൈസ്തവരുടേയും കൂടിയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
വത്തിക്കാന്‍ മാധ്യമവിഭാഗത്തോടു തന്റെ ദൗത്യത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ ക്രയേവ്‌സ്‌കി സംസാരിച്ചു. മുറിവേറ്റ ഉക്രെയ്‌നിലേക്ക് പാപ്പായുടെ പ്രതിനിധിയായി ദൗത്യമേറ്റെടുത്ത് യാത്ര ചെയ്യുന്ന അദ്ദേഹത്തിന്റെ വികാരമെന്തെന്ന ചോദ്യത്തിന് പാപ്പായുടെ പ്രവൃത്തിയുടെ യുക്തിയെ വിവരിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ഉത്തരം നല്‍കിയത്. രോഗികളോടും, മൃതരായവരോടും, സ്വന്തം രാജ്യത്തില്‍ നിന്നും കുടിയൊഴിക്കപ്പെട്ടവരോടും പാപ്പാ കാണിക്കുന്നത് സുവിശേഷത്തിന്റെ യുക്തിയാണിത്.
താന്‍ പോളണ്ടിലേക്ക് പോകുന്നത് അവിടെ നിന്നും ഉക്രെയ്‌നിലേക്ക് കടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. പിന്നീട് പാപ്പായുടെ സാമിപ്യവും, സ്‌നേഹവും, പ്രാര്‍ത്ഥനയും പാപ്പായുടെ പ്രോല്‍സാഹനവും എത്രമാത്രം അവിടത്തെ ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്ന് നോക്കും. പാപ്പായുടെ ജപമാലയും നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നു, കാരണം പ്രാര്‍ത്ഥന കൊണ്ട് നമുക്ക് മലകള്‍ നീക്കാനും യുദ്ധം അവസാനിപ്പിക്കാനും കഴിയും- അദ്ദേഹം പറഞ്ഞു.
സന്നദ്ധ സേവകരോടു ചേരണം
ആര്‍ക്കായിരിക്കും അദ്ദേഹത്തിന്റെ സഹായം പ്രധാനമായും നല്‍കുക എന്നു ചോദിച്ച മാധ്യമ പ്രവര്‍ത്തകനോടു തനിക്കറിയില്ല എന്നായിരുന്നു കര്‍ദ്ദിനാള്‍ ക്രയേവ്‌സ്‌കി മറുപടി നല്‍കിയത്. ഒരു യുദ്ധസാഹചര്യമാണവിടെയെന്നും അതിനാല്‍ ആരുടെയടുത്താണ് തനിക്കെത്താന്‍ കഴിയുകയെന്ന് അറിയില്ലായെന്നും അറിയിച്ച അദ്ദേഹം ഓരോ മണിക്കൂര്‍ തോറും എല്ലാം വ്യത്യാസപ്പെടുകയും എല്ലാം മാറുകയും ചെയ്യുന്നതാണ് അറിയാന്‍ കഴിയുന്നതെന്നും കൂട്ടിച്ചേര്‍ത്തു. തീര്‍ച്ചയായും എത്രയും അധികം പേരെ കാണാന്‍ കഴിയുമോ അത്രയും പേരെ കാണാനും പരിശുദ്ധ പിതാവിന്റെ അനുഗ്രഹം നല്‍കാനും താന്‍ പരിശ്രമിക്കും. അതേപോലെ സന്നദ്ധ സേവകരോടും, അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നവരോടു ചേരാനും ആഗ്രഹിക്കുന്നു.
പോളണ്ടില്‍ നിന്ന് കീവിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അതിര്‍ത്തിയില്‍ എത്തുമ്പോള്‍, എന്തൊക്കെയാണ് സാധ്യതകളെന്ന് നോക്കുമെന്നായിരുന്നു മറുപടി. കീവിലെ മേയര്‍ എല്ലാ മതവിശ്വാസികളോടും അവിടെ എത്താന്‍ കഴിയുമെങ്കില്‍ എത്തണമെന്നഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവരോടൊപ്പം നിന്ന് പ്രാര്‍ത്ഥിക്കാനും പ്രാര്‍ത്ഥനയിലൂടെ നഗരത്തെ രക്ഷിക്കാനും മേയര്‍ അഭ്യര്‍ത്ഥിച്ചത് തനിക്കറിയാമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഭയമുണ്ടോ എന്ന ചോദ്യത്തിന്, ഒട്ടുമില്ല എന്ന് പറഞ്ഞ കര്‍ദ്ദിനാള്‍ ക്രയേവ്‌സ്‌കി താന്‍ സുവിശേഷത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും, പാപ്പായെപ്പോലെ സുവിശേഷത്തിന്റെ യുക്തി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഉത്തരം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.