ജപ്പാന്‍ ജ്വരം ബാധിച്ച് ആദ്യ മരണം വിക്‌ടോറിയയില്‍
കാന്‍ബറ: ഓസ്‌ട്രേലിയയിലെ രണ്ടു സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച മഴയും വെള്ളപ്പൊക്കവും ദേശീയ അടിയന്തരാവസ്ഥയായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചു. ന്യൂ സൗത്ത് വെയില്‍സിലും ക്വീന്‍സ് ലാന്‍ഡിലും ഒരാഴ്ച്ചയിലധികമായി തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും നിരവധി പേരുടെ ജീവനെടുക്കുകയും ജനജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രഖ്യാപനം.
അതിനിടെ ജപ്പാന്‍ ജ്വരവും രാജ്യത്ത് പടരുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനകം നാലു സംസ്ഥാനങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തു. വിക്‌ടോറിയ സംസ്ഥാനത്ത് രോഗം ബാധിച്ച് 60 വയസുകാരന്‍ മരിച്ചു. ഇയാള്‍ ഉള്‍പ്പെടെ 14 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.
ചുവപ്പുനാട ഒഴിവാക്കി വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ധനസഹായം ഉള്‍പ്പെടെ കൂടുതല്‍ പിന്തുണ അടിയന്തരമായി നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ദേശീയ അടിയന്തരാവസ്ഥാ പ്രഖ്യാപനം. ദുരിത ബാധിത മേഖലകളില്‍ സൈന്യത്തെ കൂടുതലായി വിന്യസിക്കാനും കഴിയും. ഇതിനു മുന്‍പ് 2019-2020 ലാണ് രാജ്യത്ത് വന്‍ നാശം വിതച്ച കാട്ടുതീയെതുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ലിസ്മോറിലെ ജനങ്ങള്‍ പ്രതിഷേധവുമായി അണിനിരന്നപ്പോള്‍
ഇരു സംസ്ഥാനങ്ങളിലെയും പ്രീമിയര്‍മാരുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒറ്റപ്പെട്ട പല മേഖലകളിലും ആളുകള്‍ക്ക് ജോലിക്കു പോകാന്‍ കഴിയുന്നില്ല. അവരുടെ വീടുകളും ബിസിനസ് സ്ഥാപനങ്ങളും ശുചീകരിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ജീവിതം സാധാരണനിലയിലേക്കു തിരിച്ചു കൊണ്ടുവരാനാവശ്യമായ സാമ്പത്തിക പിന്തുണ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 21 പേരുടെ ജീവനാണ് നഷ്ടമായത്. നിരവധി വീടുകള്‍ വാസയോഗ്യമല്ലാതായി. വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാനാകാതെ പ്രതിസന്ധിയിലാണ്. വാഹനങ്ങള്‍ വെള്ളം കയറി നശിച്ചു. റോഡുകള്‍ തകര്‍ന്നതിനാല്‍ ഒറ്റപ്പെട്ട മേഖലകളില്‍ ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നിയില്‍ ഇന്നലെ പതിനായിരക്കണക്കിന് ആളുകളോട് വീടുകള്‍ ഒഴിയാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
മഴക്കെടുതി ഏറ്റവും രൂക്ഷമായ തദ്ദേശസ്വയംഭരണ പ്രദേശങ്ങളായ റിച്ച്മണ്ട് വാലി, ലിസ്‌മോര്‍, ക്ലാരന്‍സ് വാലി എന്നിവിടങ്ങളിലെ താമസക്കാരില്‍ മുതിര്‍ന്നവര്‍ക്ക് 2,000 ഡോളറും കുട്ടികള്‍ക്ക് 800 ഡോളറും ദുരിതാശ്വാസമായി അനുവദിച്ചു.
അതിനിടെ വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ച ന്യൂ സൗത്ത് വെയില്‍സിലെ ലിസ്മോറില്‍ സന്ദര്‍ശനം നടത്താനെത്തിയ പ്രധാനമന്ത്രിയെ പ്രദേശവാസികള്‍ തടയാന്‍ ശ്രമിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധമുയര്‍ന്നത്. വെള്ളപ്പൊക്കം ബാധിച്ച വീടുകള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത് ചിത്രീകരിക്കുന്നതില്‍നിന്നു മാധ്യമങ്ങളെ സര്‍ക്കാര്‍ വിലക്കി. കനത്ത പോലീസ് കാവല്‍ ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു.
ജനജീവിതം ദുസഹമാക്കിയ വെള്ളപ്പൊക്കത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ വേണ്ടി വിധം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നു ദുരിത ബാധിത മേഖലകളിലെ ജനങ്ങളില്‍ നിന്നും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി അംഗങ്ങളില്‍നിന്നും സ്‌കോട്ട് മോറിസണ് വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഓസ്ട്രേലിയന്‍ പ്രതിരോധ സേനയുടെ സഹായം വളരെ മന്ദഗതിയിലാണെന്നും കുറ്റപ്പെടത്തലുണ്ടായി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ വ്യോമ പിന്തുണ ലഭിക്കുന്നതിനുപകരം, രക്ഷാപ്രവര്‍ത്തനത്തിനായി ജനങ്ങള്‍ സ്വന്തം നിലയില്‍ ഹെലികോപ്റ്ററുകളെ ആശ്രയിക്കേണ്ടി വന്നതായും ആരോപമണമുയര്‍ന്നിട്ടുണ്ട്.
ജപ്പാന്‍ ജ്വരം നാലു സംസ്ഥാനങ്ങളില്‍
അതിനിടെ ഓസ്ട്രേലിയയില്‍ കണ്ടെത്തിയ ജപ്പാന്‍ ജ്വരം രാജ്യത്തെ നാലു സംസ്ഥാനങ്ങളിലേക്കു വ്യാപിച്ചു. ന്യൂ സൗത്ത് വെയില്‍സിനും വിക്ടോറിയയ്ക്കും ക്വീന്‍സ് ലാന്‍ഡിനും പുറമേ, സൗത്ത് ഓസ്ട്രേലിയയിലും രോഗം റിപ്പോര്‍ട്ട് ചെയ്തു. കൊതുകു വഴി പകരുന്ന ജപ്പാന്‍ ജ്വരം കഴിഞ്ഞയാഴ്ചയാണ് ആദ്യം കണ്ടെത്തിയത്. ന്യൂ സൗത്ത് വെയില്‍സ്-വിക്ടോറിയ അതിര്‍ത്തിയിലെ ഒരു പന്നി വളര്‍ത്തല്‍ ഫാമിലായിരുന്നു ഇത് സ്ഥിരീകരിച്ചത്.
സൗത്ത് ഓസ്ട്രേലിയയില്‍ നാല്, വിക്ടോറിയയില്‍ ഏഴ്, ക്വീന്‍സ് ലാന്‍ഡില്‍ ഒന്ന്, ന്യൂ സൗത്ത് വെയില്‍സില്‍ രണ്ട് എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ കണക്ക്. രാജ്യത്ത് 14 പേര്‍ക്കും 21ലേറെ പന്നി ഫാമുകളിലും രോഗബാധ സ്ഥിരീകരിച്ചതായി ഓസ്ട്രേലിയന്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ മാര്‍ക്ക് ഷിപ്പ് അറിയിച്ചു.
ന്യൂ സൗത്ത് വെയില്‍സിലും ക്വീന്‍സ് ലാന്‍ഡിലും രോഗം ബാധിച്ച് ഓരോ സ്ത്രീകള്‍ ഗുരുതരാവസ്ഥയിലാണ്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇവരെ ചികിത്സിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.