വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി; ആശങ്കയും ആകാംക്ഷയുമായി പാര്‍ട്ടികള്‍

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി; ആശങ്കയും ആകാംക്ഷയുമായി പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: 2024ലെ പൊതു തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. നാളെ രാവിലെ ഏഴിന് വോട്ടെണ്ണല്‍ തുടങ്ങാനിരിക്കെ ആശങ്കയും ആകാംക്ഷയുമായി കണക്കുകൂട്ടലിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. എക്‌സിറ്റ് പോളുകള്‍ വിശ്വസിക്കാമെങ്കില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ് നല്കുക. ഭരണമുണ്ടായിരുന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും ആംആദ്മി പാര്‍ട്ടി കേവലഭൂരിപക്ഷം നേടുമെന്നുമാണ് എക്‌സിറ്റ് പോള്‍ പ്രവചനം.

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സംബന്ധിച്ച് വളരെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. അനുകൂലമല്ല കാര്യമെങ്കില്‍ 2024ലേക്കുള്ള യാത്ര കൂടുതല്‍ ദുഷ്‌കരമാകും. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും നല്കും. ഉത്തര്‍പ്രദേശില്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സമാജ് വാദി പാര്‍ട്ടിയും അഖിലേഷ് യാദവും ഭരണത്തിലെത്തിയാല്‍ അത് ബിജെപിക്ക് വലിയ തിരിച്ചടിയാകും. മമത-അഖിലേഷ്-തേജസ്വി കൂട്ടുകെട്ട് പ്രതിപക്ഷത്ത് വലിയ സ്വാധീനമുണ്ടാക്കും. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ബിജെപിക്കെതിരേ പോരാടാനിറങ്ങിയ മമതയ്ക്കും ഈ ഫലങ്ങള്‍ സുപ്രധാനമാണ്.

ഉത്തരാഖണ്ഡിലും ഗോവയിലും തൂക്കുസഭയ്ക്ക് സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കോണ്‍ഗ്രസ് നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേതുപോലെ ഭരണം കൈവിട്ടുപോകാതിരിക്കാന്‍ നിരീക്ഷകരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഗോവയില്‍ കോണ്‍ഗ്രസിന് അധികാരത്തിലേറാന്‍ സാധിച്ചിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.