വാഷിംഗ്ടണ്‍: യു.എസ് വ്യോമതാവളം വഴി ഉക്രെയ്‌നിലേക്ക് മിഗ്-29 യുദ്ധവിമാനങ്ങള്‍ അയക്കാനുള്ള പോളണ്ടിന്റെ  വാഗ്ദാനം  നിരസിച്ച് അമേരിക്ക. മുഴുവന്‍ നാറ്റോ സഖ്യത്തെയും ഗുരുതരമായ ആശങ്കയിലാഴ്ത്തുന്നതാണ്  ഈ നിര്‍ദ്ദേശമെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
സോവിയറ്റ് കാലഘട്ടത്തിലെ വിമാനങ്ങള്‍ ജര്‍മ്മനിയിലെ റാംസ്റ്റീനിലുള്ള യു.എസ് താവളത്തില്‍ എത്തിക്കാമെന്നായിരുന്നു വാഗ്ദാനം.നിര്‍ദ്ദിഷ്ട പദ്ധതി വഴി, ആ ജെറ്റുകള്‍ പിന്നീട് ഉക്രെയ്‌നിലേക്ക് വിന്യസിക്കുക, പകരമായി  പോളിഷ് വ്യോമസേനയ്ക്ക് എ 16 യുദ്ധവിമാനങ്ങള്‍ അമേരിക്ക നല്‍കുക എന്നിങ്ങനെയായിരുന്നു നിര്‍ദ്ദേശം.
ഉക്രെയ്നും റഷ്യയുമായി മത്സരിക്കുന്ന വ്യോമാതിര്‍ത്തിയിലേക്ക് യുഎസ്-നാറ്റോ താവളത്തില്‍ നിന്ന് അമേരിക്കയുടെ കൈവശം വച്ചിരിക്കുന്ന ജെറ്റ് വിമാനങ്ങളെത്തുന്നത് മുഴുവന്‍ നാറ്റോ സഖ്യത്തിനും ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തും- പെന്റഗണ്‍ വക്താവ് അഭിപ്രായപ്പെട്ടു.
അതേസമയം, 'ഞങ്ങള്‍ പോളണ്ടുമായും ഞങ്ങളുടെ മറ്റ് നാറ്റോ സഖ്യകക്ഷികളുമായും ഈ പ്രശ്‌നത്തെക്കുറിച്ചും ബന്ധപ്പെട്ട ലോജിസ്റ്റിക് വെല്ലുവിളികളെക്കുറിച്ചും കൂടിയാലോചിക്കുന്നത് തുടരും, എന്നാല്‍ പോളണ്ടിന്റെ നിര്‍ദ്ദേശം സ്വീകാര്യമായ ഒന്നാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല,' കിര്‍ബി പറഞ്ഞു.'അതിന് കാര്യമായ യുക്തി രാഹിത്യമുണ്ട്'.
'പോളണ്ടിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങള്‍ ഉക്രെയ്‌നിലേക്ക് അയക്കണമോ എന്നതിനെക്കുറിച്ചുള്ള തീരുമാനം ആത്യന്തികമായി പോളിഷ് സര്‍ക്കാരിന് സ്വീകരിക്കാം' എന്നായിരുന്നു വാഷിംഗ്ടണിന്റെ നിലപാടെന്നും കിര്‍ബി അറിയിച്ചു. പാശ്ചാത്യ സഖ്യകക്ഷികള്‍് സൈനിക വിമാനങ്ങള്‍ നല്‍കണമെന്ന ആഹ്വാനം ഉക്രെയ്ന്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കീവിന് യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. നാറ്റോ അംഗങ്ങളെ ഉക്രെയ്‌ന്റെ സഹ-പോരാളികളായി കണക്കാക്കാന്‍  മോസ്‌കോ തയ്യാറാകില്ല.
ഉക്രെയ്നിന്റെ വ്യോമസേനയില്‍ പഴക്കംചെന്ന സോവിയറ്റ് കാലഘട്ടത്തിലെ മിഗ്-29, സുഖോയ്-27 ജെറ്റുകളും ഭാരമേറിയ സുഖോയ്-25 ജെറ്റുകളും ഉള്‍പ്പെടുന്നു. അധിക പരിശീലനമില്ലാതെ ഉക്രേനിയന്‍ പൈലറ്റുമാര്‍ക്ക് പറത്താന്‍ കഴിയുന്ന വിമാനങ്ങള്‍ ഇവയാണ്. നാറ്റോ സഖ്യത്തിലെ മറ്റ് അംഗങ്ങളും പുതിയ ഇനം വിമാനങ്ങള്‍ നല്‍കണമെന്ന് പോളണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോളണ്ടിന്റെ പ്രഖ്യാപനം അമ്പരപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് ഇക്കാര്യം എതിര്‍ത്തത്. ആണവശക്തിയായ റഷ്യയുമായി നേരിട്ടൊരു ഏറ്റുമുട്ടലിനുമില്ലെന്ന് നാറ്റോ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിനായി യു.എസ് സൈനികരെ ഉക്രെയ്നിലേക്ക് അയക്കുന്നത് ജോ ബൈഡനും വിലക്കിയിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.