പല്ലികളെ ജീവനോടെ സമ്മാനപ്പെട്ടിയിലാക്കി ഓസ്‌ട്രേലിയയില്‍നിന്ന് അമേരിക്കയിലേക്ക്; രണ്ടു പേര്‍ക്ക് ശിക്ഷ

പല്ലികളെ ജീവനോടെ സമ്മാനപ്പെട്ടിയിലാക്കി ഓസ്‌ട്രേലിയയില്‍നിന്ന് അമേരിക്കയിലേക്ക്; രണ്ടു പേര്‍ക്ക് ശിക്ഷ

പെര്‍ത്ത്: ജീവനുള്ള പല്ലികളെ സമ്മാനപ്പെട്ടിയിലാക്കി ഓസ്‌ട്രേലിയയില്‍നിന്ന് അമേരിക്കയിലേക്ക് കടത്തിയ രണ്ടു പേര്‍ക്ക് ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. 40,000 ഡോളര്‍ പിഴയും 300 ദിവസം വീട്ടു തടങ്കലും ഉള്‍പ്പെടെയാണ് ശിക്ഷ.

ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സും യു.എസ്. ഫിഷ് ആന്‍ഡ് വൈല്‍ഡ്ലൈഫ് സര്‍വീസിന്റെ ഓഫീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പല്ലികളെ കണ്ടെത്തിയത്. 39ഉം, 31ഉം വയസ് പ്രായമുള്ള രണ്ടു പേരെ ഫ്‌ളോറിഡയിലെ മയാമിയില്‍ വച്ചാണ് പിടികൂടിയത്.

ഓസ്‌ട്രേലിയയില്‍ കാണപ്പെടുന്ന സ്‌പൈനി ടെയില്‍ഡ് ഇനത്തിലുള്ള പല്ലികളെ അമേരിക്കയിലെത്തിച്ച് വില്‍പ്പന നടത്തുന്നതിനായി 2018 മാര്‍ച്ചിലാണ് പ്രതികള്‍ അമേരിക്കയില്‍ നിന്നും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ബ്രൂമിലെത്തിയത്.

പിടികൂടിയ പല്ലികളെ വായു സഞ്ചാരമുള്ള പ്ലാസ്റ്റിക പാത്രങ്ങളില്‍ ഒളിപ്പിച്ച് സമ്മാനപ്പെട്ടികളിലാക്കുകയായിരുന്നു. തുടര്‍ന്ന് വലിയ ഷിപ്പിംഗ് ബോക്സുകളിലാക്കി തപാല്‍ മാര്‍ഗം അമേരിക്കയിലേക്കയച്ചു. ഫ്‌ളോറിഡയിലെ മയാമിയിലേക്കും ഒറിഗോണിലെ മെഡ്ഫോര്‍ഡിലേക്കുമാണ് പല്ലികളെ അയച്ചുകൊടുത്തത്.

ഇത്തരത്തില്‍ ബോക്‌സുകളിലൊളിപ്പിച്ച നിലയില്‍ പതിനഞ്ചോളം പല്ലികളെ തപാല്‍ ഓഫീസില്‍ കണ്ടെത്തിയതോടെ ഓസ്‌ട്രേലിയന്‍ അതിര്‍ത്തി സംരക്ഷണ സേന അന്വേഷണമാരംഭിച്ചു. പിന്നാലെ രണ്ടു പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പ്രതികള്‍ക്ക് വീട്ടുതടങ്കലും നിര്‍ബന്ധിത സാമൂഹ്യ സേവനവുമാണ് ശിക്ഷ. ഇതിന് പുറമെ ഒരാള്‍ക്ക് 40,000 അമേരിക്കന്‍ ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്.

വന്യജീവി കള്ളക്കടത്ത് ആഗോള പ്രശ്‌നവും രാജ്യാന്തര തലത്തിലെ ഏറ്റവും വലിയ സംഘടിത ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൊന്നുമാണെന്ന് ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് ആക്ടിംഗ് കമാന്‍ഡര്‍ ഓപ്പറേഷന്‍സ് വെസ്റ്റ് ഷോണ്‍ സീനിയര്‍ പറഞ്ഞു.

വന്യ ജീവികളെ പാക്കേജുകളിലാക്കി അയയ്ക്കുന്നത് നിയമവിരുദ്ധവും, ക്രൂരവും, മനുഷ്യത്വരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടിയ ആക്ടിംഗ് കമാന്‍ഡര്‍ ഈ രീതിയില്‍ കടത്തുന്ന പല ജീവികളുടെയും ജീവന്‍ നഷ്ടമാകാറുണ്ടെന്നും കൂട്ടിച്ചര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.