ലിവീവ്: ഉക്രെയ്‌നിലെ സുമിയില്‍ നിന്ന് ലിവീവിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ട്രെയിന്‍ മാര്‍ഗം പോളണ്ടിലേക്ക് തിരിച്ചു. ഇന്ന് രാത്രിയോടെ പോളണ്ടിലെത്തുന്ന വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച വൈകിട്ട് ഇന്ത്യയിലേക്ക് തിരിക്കും. 694 വിദ്യാര്‍ഥികളാണ് സംഘത്തിലുള്ളത്. ഇതോടെ ഉക്രെയ്‌നിലെ ഇന്ത്യയുടെ രക്ഷാ ദൗത്യം അന്തിമ ഘട്ടത്തിലേക്ക് എത്തുകയാണ്.
സുമിയില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബസുകളില്‍ പോള്‍ട്ടോവയിലെത്തിക്കുകയും പിന്നീട് ട്രെയിന്‍ മാര്‍ഗം ലിവീവിലെത്തിക്കുകയുമായിരുന്നു. ഇതോടെ സുമിയില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരേയും ഒഴിപ്പിച്ചെന്നും പോളണ്ടില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കാന്‍ വിമാനങ്ങള്‍ അടക്കം സജ്ജമാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
രണ്ടാഴ്ചയായി ബങ്കറുകളിലും ഭൂഗര്‍ഭ അറകളിലും കഴിഞ്ഞ വിദ്യാര്‍ഥികള്‍ പലരും നന്നേ ക്ഷീണിതരാണ്. റഷ്യയുമായും ഉക്രെയ്‌നുമായും ഇന്ത്യ നിരന്തരം നടത്തിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് മാനുഷിക ഇടനാഴി തുറന്നു കിട്ടിയത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പുറമേ വിദേശികളും സ്വദേശികളുമായി അയ്യായിരത്തോളം പേരും സുമിയില്‍ നിന്ന് രക്ഷപ്പെട്ട് പോള്‍ട്ടോവയില്‍ എത്തിയിട്ടുണ്ട്.
ഇതിനിടെ ഉക്രെയ്നിലെ ചെര്‍ണോബില്‍ ആണവ നിലയത്തില്‍ നിന്ന് റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ പുറത്തുവരാന്‍ സാധ്യതയുണ്ടെന്ന ഗൗരവതരമായ മുന്നറിയിപ്പ് പുറത്തു വന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം ആണവ ഇന്ധനം തണുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഉക്രെയ്ന്‍ സര്‍ക്കാര്‍ നടത്തുന്ന ആണവ കമ്പനിയായ എനര്‍ഗോട്ടം അറിയിച്ചു.
റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയ പ്ലാന്റിലേക്കുള്ള വൈദ്യുത ബന്ധം നന്നാക്കുന്നതിനും വൈദ്യുതി പുനസ്ഥാപിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധം നടക്കുന്നതിനാല്‍ സാധ്യമായിട്ടില്ല. ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലെ ആണവ നിരീക്ഷണ വിഭാഗമായ ഇന്റര്‍നാഷനല്‍ ആറ്റമിക് എനര്‍ജി ഏജന്‍സിയും (ഐ.എ.ഇ.എ) ചെര്‍ണോബില്‍ നിലയത്തെ കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു.
ഫെബ്രുവരി 24 നാണ് റഷ്യ ചെര്‍ണോബില്‍ നഗരവും ആണവ നിലയവും നിയന്ത്രണത്തിലാക്കിയത്. 1986 ലെ ആണവ ദുരന്തത്തിനു ശേഷം ഡീകമ്മീഷന്‍ ചെയ്ത റിയാക്ടറുകളും റേഡിയോ ആക്ടീവ് മാലിന്യ സജ്ജീകരണങ്ങളുമടക്കം സ്ഥിതി ചെയ്യുന്ന പ്രത്യേക മേഖലയ്ക്കകത്താണ് ചെര്‍ണോബില്‍ ആണവനിലയം സ്ഥിതി ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.