പ്രതിജ്ഞ ചെയ്‌തെങ്കിലും വിശ്വാസം പോര; ഗോവ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ റിസോര്‍ട്ടില്‍

പ്രതിജ്ഞ ചെയ്‌തെങ്കിലും വിശ്വാസം പോര; ഗോവ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ റിസോര്‍ട്ടില്‍

ന്യൂഡല്‍ഹി: ഗോവയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പാര്‍ട്ടി വിടില്ലെന്ന് പള്ളിയിലും ക്ഷേത്രത്തിലും ദര്‍ഗയിലും കൊണ്ടുപോയി പ്രതിജ്ഞയെടുപ്പിച്ചെങ്കിലും തൂക്ക് മന്ത്രിസഭ വന്നാല്‍ 2017 ആവര്‍ത്തിച്ചേക്കാമെന്ന നിഗമനത്തിലാണ് ഇത്തരം ഒരു നീക്കം നടത്തിയത്. ഇന്ന് വോട്ടെണ്ണലിന് ശേഷമുള്ള സാഹചര്യങ്ങള്‍ നോക്കി തീരുമാനമെടുക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശ പ്രകാരം മുതിര്‍ന്ന നേതാക്കളായ പി. ചിദംബരവും ഡി.കെ. ശിവകുമാറും പനാജിയിലെത്തി.

പനാജിയില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയുള്ള ബാംബോലിന്‍ ബീച്ച് റിസോര്‍ട്ടിലാണ് കോണ്‍ഗ്രസിന്റെയും സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രതിപക്ഷ നേതാവായ ദിഗംബര്‍ കാമത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് ഒത്തുകൂടിയെന്നാണ് കോണ്‍ഗ്രസിന്റെ വാദം. മാര്‍ച്ച് എട്ടിനായിരുന്നു കാമത്തിന്റെ പിറന്നാള്‍.

2017ല്‍ 17സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ബി.ജെ.പി മറ്റ് കക്ഷികളെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിച്ചത്. ഇക്കുറി അബദ്ധം പറ്റാതിരിക്കാന്‍ കോണ്‍ഗ്രസ് സര്‍വ സന്നാഹവും ഒരുക്കിയിട്ടുണ്ട്.

പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ എവിടെയും പോകില്ലെന്ന് ഉറപ്പ് നല്‍കിയതായി ബെംഗ്‌ളൂരുവില്‍ നിന്നെത്തിയ ഡി.കെ. ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മറുകണ്ടം ചാടിക്കാനുള്ള ബി.ജെ.പി നീക്കം നടപ്പാകില്ലെന്ന് എ.ഐ.സി.സി ചുമതലയുള്ള ദിനേഷ് ഗുണ്ടു റാവുവും വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.