ലോക സമാധാന സമ്മേളനത്തിന് രണ്ടു കോടി; രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് ധനമന്ത്രി അവതരിപ്പിക്കുന്നു

ലോക സമാധാന സമ്മേളനത്തിന് രണ്ടു കോടി; രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് ധനമന്ത്രി അവതരിപ്പിക്കുന്നു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് നിയമസഭയില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്നു. കേരള വികസനം മുന്‍നിര്‍ത്തി ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റായിരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. മുന്‍ഗാമിയായ തോമസ് ഐസക്കില്‍ നിന്നും വേറിട്ട് കഥയും കവിതകളും ചമയങ്ങളുമില്ലാതെ കാര്യം മാത്രം പറഞ്ഞാണ് ബാലഗോപാലിന്റെ ബജറ്റ് അവതരണം.

വരുമാന വര്‍ധന അനിവാര്യമായതിനാല്‍ നികുതികളില്‍ വര്‍ധനയും കോവിഡ് പ്രതിസന്ധി കടന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പിന് ആവശ്യമായ വികസന, ക്ഷേമ പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണു സൂചന.

വിലക്കയറ്റം നേരിടാൻ 2000 കോടി രൂപയും ആഗോള സാമ്പത്തിക സെമിനാറിന് 2 കോടി രൂപയും അനുവദിച്ചു. സർവകലാശാലകൾക്ക് മൊത്തത്തില്‍ 200 കോടിരൂപയും തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 100 കോടി രൂപയും നീക്കിവച്ചു. ജില്ലാ സ്കിൽ പാർക്കുകൾക്കായി 300 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു.

ബജറ്റിനു തലേന്നു നിയമസഭയില്‍ സമര്‍പ്പിക്കാറുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇത്തവണ ബജറ്റിനൊപ്പമായതിനാല്‍ കേരളത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയും ഇന്നറിയാം.ഭൂമി ന്യായവില, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസുകള്‍, മോട്ടര്‍വാഹന നികുതി, റവന്യു വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പിരിക്കുന്ന വിവിധ നികുതികള്‍ തുടങ്ങിയവയിലാണു വര്‍ധനയും പരിഷ്‌കരണവും പ്രതീക്ഷിക്കുന്നത്.

ഇന്ധനവില ഉയരുന്നതു കാരണം സര്‍ക്കാരിന് അധിക വരുമാനം കിട്ടുന്നതിനാല്‍ ഈയിനത്തിലെ നികുതി വര്‍ധന ഒഴിവാക്കും. കൂടാതെ മദ്യ നികുതി പരിഷ്‌കരണവും തനതു മദ്യ ഉല്‍പാദനവും അജന്‍ഡയിലുണ്ട്.

ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റാണ് ഇന്നവതരിപ്പിക്കുന്നത്. 61 മിനുട്ടില്‍ തീര്‍ത്ത ആദ്യ ബജറ്റില്‍ കോവിഡ് പാക്കേജായിരുന്നു മുഖ്യ ആകര്‍ഷണം. കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്ത് പിടിച്ചുനില്‍ക്കാന്‍ ബജറ്റില്‍ എന്തു ചെയ്യുമെന്നാണ് കേരളം കാത്തിരിക്കുന്നത്. ബജറ്റവതരണം കാണാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സഭയിലേക്ക് എത്തിയിട്ടുണ്ട്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.