ന്യൂഡല്‍ഹി: പഞ്ചാബിലെ ദയനീയ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം. ആഭ്യന്തര തര്‍ക്കങ്ങളാണ് കോണ്‍ഗ്രസിന്റെ പരാജയത്തിലേക്ക് വഴിവെച്ചതെന്ന പ്രതികരണവുമായി സംസ്ഥാന ഉപാധ്യക്ഷന്‍ ജി എസ് ബാലി രംഗത്തെത്തി. ചരണ്‍ ജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയതിനെയും ബാലി വിമര്‍ശിച്ചു.
പാര്‍ട്ടിയിലെ സംഘടന സംവിധാനത്തില്‍ വലിയ പിഴവുണ്ടായി. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. അതൊന്നും പരിഹരിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ല. മാത്രമല്ല ചന്നിയിലൂടെ പ്രതീക്ഷിച്ച ദളിത് വോട്ടുകള്‍ കോണ്‍ഗ്രസിന് നേടിയെടുക്കാനും സാധിച്ചില്ല. അടിയന്തരമായി കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും പുനസംഘടന നടത്തണമെന്നും ബാലി ആവശ്യപ്പെട്ടു.
അതേസമയം കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നായിരുന്നു പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ്് സിദ്ദുവിന്റെ പ്രതികരണം. ഈ തിരഞ്ഞെടുപ്പ് ഒരു മാറ്റത്തിന് വേണ്ടി ഉള്ളതായിരുന്നു. ജനം എടുത്തത് ഒരു മികച്ച തിരുമാനമായിരുന്നവെന്നും സിദ്ദു പറഞ്ഞു. ചരണ്‍ജിത് സിങ് ചന്നിയുടെ തോല്‍വിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ചന്നിയെ മുഖ്യമന്ത്രി മുഖമായി ജനം സ്വീകരിച്ചോ ഇല്ലയോ എന്നതിനെ കുറിച്ച് ഇപ്പോള്‍ കൂടുതലായി താന്‍ പ്രതികരിക്കാനില്ലെന്നായിരുന്നു സിദ്ദുവിന്റെ മറുപടി.
തനിക്ക് വേണ്ടി കുഴി കുഴിച്ചവര്‍ 10 അടി താഴ്ചയിലേക്ക് വീണിരിക്കുകയാണ്. കഴിഞ്ഞത് കഴിഞ്ഞു. മാറ്റത്തിന് വേണ്ടിയാണ് ജനം ആം ആദ്മിക്ക് വോട്ട് ചെയ്തത്. അവരുടെ വിജയത്തെ അഭിനന്ദിക്കുന്നു. പഞ്ചാബിന്റെ പുരോഗതിയാണ് തന്റെ ലക്ഷ്യമെന്നും അതില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ലെന്നും ഇനി ഒരിക്കലും വ്യതിചലിക്കില്ലെന്നും സിദ്ദു പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിനെതിരെ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് തലവനുമായ അമരീന്ദര്‍ സിംങും രംഗത്തെത്തി. കോണ്‍ഗ്രസ് നേതൃത്വം ഒരിക്കലും പഠിക്കാന്‍ പോകുന്നില്ലെന്നായിരുന്നു അമരീന്ദറിന്റെ കുറ്റപ്പെടുത്തല്‍. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിന് ആരാണ് ഉത്തരവാദി?
മണിപ്പൂരിലും ഗോവയിലേയും ഉത്തരാഖണ്ഡിലേയും ഫലത്തില്‍ എന്താണ് പറയാനുള്ളത്? ഉത്തരം വലിയ അക്ഷരത്തില്‍ തന്നെ എഴുതി വെച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ എന്നും പറയാറുള്ളത് പോലെ അവര്‍ അതൊരിക്കലും വായിക്കാന്‍ പോകുന്നില്ലെന്നും അമരീന്ദര്‍ ട്വീറ്റ് ചെയ്തു.
117 അംഗ നിയമസഭയില്‍ 18 സീറ്റുകള്‍ മാത്രമാണ് ഇത്തവണ കോണ്‍ഗ്രസിന് നേടാനായത്. വോട്ട് ശതമാനം 38.5ല്‍ നിന്ന് 23 ശതമാനമായി. ആം ആദ്മിയുടെ തേരോട്ടമായിരുന്നു സംസ്ഥാനത്ത് അലയടിച്ചത്. കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും സ്വാധീന മേഖലകളില്‍ ഉള്‍പ്പെടെ ആം ആദ്മി കടന്നു കയറി.
ശിരോമണി അകാലിദളിന്റേയും കോണ്‍ഗ്രസിന്റേയും പരമ്പരാഗത വോട്ടുകളില്‍ പോലും വിള്ളല്‍ വീഴ്ത്താന്‍ ആം ആദ്മിക്ക് സാധിച്ചു. മാത്രമല്ല മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിംങ് ചന്നി, പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു എന്നിവര്‍ ഉള്‍പ്പെടെ തോല്‍വി അറിഞ്ഞു.
പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളായിരുന്നു കോണ്‍ഗ്രസിന് തിരിച്ചടിയായത്. ദളിത് ജനസംഖ്യ കൂടുതല്‍ ഉള്ള സംസ്ഥാനത്ത് ദളിത് നേതാവായ ചന്നിയെ ഉയര്‍ത്തി കാട്ടിയിട്ട് പോലും ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.