മധ്യ അമേരിക്കയെ വിറപ്പിച്ച കൊടുങ്കാറ്റ് കിഴക്കോട്ട് നീങ്ങുന്നു; യാത്ര അപകടകരമാകുമെന്ന് മുന്നറിയിപ്പ്

മധ്യ അമേരിക്കയെ വിറപ്പിച്ച കൊടുങ്കാറ്റ് കിഴക്കോട്ട് നീങ്ങുന്നു; യാത്ര അപകടകരമാകുമെന്ന് മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: മധ്യ അമേരിക്കയിലുടനീളം മഞ്ഞുവീഴ്ചയ്ക്കും തണുത്തുറഞ്ഞ കാലാവസ്ഥയ്ക്കും വഴിയൊരുക്കിയ കൊടുങ്കാറ്റ് കിഴക്കോട്ട് നീങ്ങുന്നു. 50 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന ശൈത്യകാല കാലാവസ്ഥാ മുന്നറിയിപ്പാണ് ഇതു മൂലം നിലവിലുള്ളത്.

മിഡ്വെസ്റ്റ്, കന്‍സാസ്, മിസോറി നിവാസികള്‍ ഇനിയും കൂടുതല്‍ മഞ്ഞ് പ്രതീക്ഷിക്കുന്നു.അതേസമയം, മിനസോട്ട മുതല്‍ ടെക്സാസ് വരെ നീളുന്ന പ്രദേശങ്ങളില്‍ വെള്ളിയാഴ്ച താപനില സാധാരണയേക്കാള്‍ കുറയുമെന്നാണ് പ്രവചനം. രാത്രിയാകുമ്പോഴേക്കും കിഴക്കന്‍ യു.എസിന്റെ ഉള്‍ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച തുടങ്ങാം. യാത്ര ദുരിതപൂര്‍ണമാകുമെന്ന സൂചനയുമുണ്ട്.

ശനിയാഴ്ചയോടെ കൊടുങ്കാറ്റ് മാരക സ്വഭാവമാര്‍ന്ന ചുഴലിക്കാറ്റായി മാറുമെന്നും കണക്കാക്കപ്പെടുന്നു. സിറാക്കൂസ്, ന്യൂയോര്‍ക്ക്, പിറ്റ്‌സ്ബര്‍ഗ് എന്നിവിടങ്ങളിലും വടക്കുകിഴക്ക് ഉള്‍ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും ഉണ്ടാകാം. ഇതുമൂലം ദൃശ്യപരത ഗണ്യമായി കുറയുന്നത് അപകടകരമായ യാത്രാ സാഹചര്യങ്ങള്‍ സൃഷ്ടിക്കും -കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു.

വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ കാറ്റ് 35 മുതല്‍ 45 മൈല്‍ വരെ വേഗതയിലാകുമെന്നാണ്് പ്രവചനമെന്ന് വെര്‍മോണ്ടിലെ ബര്‍ലിംഗ്ടണിലുള്ള നാഷണല്‍ വെതര്‍ സര്‍വീസിലെ കാലാവസ്ഥാ നിരീക്ഷകനായ മാര്‍വിന്‍ ബോയ്ഡ് സിഎന്‍എന്നിനോട് പറഞ്ഞു. മഞ്ഞുവീഴ്ച 15 ഇഞ്ച് വരെയാകാം. കാറ്റ് മൂലം വൈദ്യുതി തടസ്സങ്ങളും ഉണ്ടാകാമെന്ന് ബോയ്ഡ് മുന്നറിയിപ്പ് നല്‍കി.

കൊളറാഡോയിലെയും കന്‍സാസിലെയും ഭൂരിഭാഗം പ്രദേശത്തും കനത്ത മഞ്ഞുവീഴ്ചയാണ്.അപകടകരമായ സാഹചര്യങ്ങള്‍ കാരണം കന്‍സാസ് സിറ്റിയിലെ ചില സ്‌കൂളുകള്‍ രണ്ട് ദിവസങ്ങള്‍ അടച്ചിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പ്രവചനങ്ങള്‍ പ്രകാരം വെള്ളിയാഴ്ച അവസാനം മുതല്‍ ശനിയാഴ്ച വരെ വടക്കുകിഴക്കന്‍ ഉള്‍പ്രദേശങ്ങളില്‍ കൊടുങ്കാറ്റ് കനത്തതാകും. ആ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച 12 ഇഞ്ച് കവിയാന്‍ സാധ്യതയുണ്ട്; വൈദ്യുതി മുടക്കത്തിനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.സിഎന്‍എന്‍ കാലാവസ്ഥാ നിരീക്ഷകന്‍ റോബര്‍ട്ട് ഷാക്കല്‍ഫോര്‍ഡ് പറയുന്നതനുസരിച്ച്, ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഉച്ചവരെയാകും ശക്തമായ കൊടുങ്കാറ്റിനു സാധ്യത. 45 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു.

വെര്‍മോണ്ടിന്റെ ചില ഭാഗങ്ങളില്‍ ശനിയാഴ്ച 12 ഇഞ്ച് വരെ മഞ്ഞ് ഉണ്ടാകാം, 40 മൈല്‍ വേഗതയില്‍ കാറ്റ് വീശുമെന്നും ഷാക്കല്‍ഫോര്‍ഡ് പറഞ്ഞു. പിറ്റ്സ്ബര്‍ഗില്‍ മഞ്ഞ് 8 ഇഞ്ച് വരെ എത്താം.ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെയാകും ആ പ്രദേശത്ത് ഏറ്റവും മോശം അവസ്ഥ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.