പലായന സംഘത്തിലെ ഏഴ് സാധാരണക്കാരെ റഷ്യന്‍ സൈന്യം വധിച്ചെന്ന് ഉക്രെയ്ന്‍; സ്ത്രീകളും കുട്ടികളും ഇരകളായി

 പലായന സംഘത്തിലെ ഏഴ് സാധാരണക്കാരെ റഷ്യന്‍ സൈന്യം വധിച്ചെന്ന് ഉക്രെയ്ന്‍; സ്ത്രീകളും കുട്ടികളും ഇരകളായി

കീവ്:ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് യുദ്ധത്തിനിടെ പലായനം ചെയ്യുകയായിരുന്ന സംഘത്തിലെ ഏഴ് സാധാരണക്കാരെ റഷ്യന്‍ സൈന്യം വധിച്ചതായി ആരോപണം. ഉക്രെയ്ന്‍ രഹസ്യാന്വേഷണ വിഭാഗമാണ് സ്ത്രീകളും കുട്ടികളുമടക്കം ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചത്.എന്നാല്‍ റഷ്യ ഇക്കാര്യം നിഷേധിച്ചു.

പെരെമോഹ എന്ന ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്യാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. അതേസമയം, സമാധാനം പുനഃസ്ഥാപിക്കാനല്ല തനിക്ക് താത്പര്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും തെളിയിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ പറഞ്ഞു. സാധാരണക്കാരെ രക്ഷപ്പെടുത്തുന്നതില്‍ ഉക്രെയ്ന്‍ പരാജയപ്പെടുകയാണെന്ന മറുവാദവുമായി റഷ്യ രംഗത്തുവന്നു.

ഇതിനിടെ, വീഡിയോ കോണ്‍ഫറന്‍സ് വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവിനെ ഉദ്ധരിച്ചുകൊണ്ട് റഷ്യയുടെ ആര്‍ഐഎ ന്യൂസ് എജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം നല്‍കിയിട്ടില്ല. സമാധാന ചര്‍ച്ചകളില്‍ കൂടുതല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെടണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.

ഉക്രെയ്ന്‍ 31 ബറ്റാലിയന്‍ വരുന്ന ശത്രു സൈനിക നിരയെ തകര്‍ത്തതോടെ കൂടുതല്‍ സൈന്യത്തെ റഷ്യ അയക്കുകയാണെന്ന് സെലെന്‍സ്‌കി വെളിപ്പെടുത്തി. തങ്ങള്‍ക്ക് ഇനിയും പ്രതിരോധിക്കുകയും പോരാടുകയും ചെയ്യേണ്ടതുണ്ടെന്നും ഇതുവരെ തങ്ങളുടെ ഭാഗത്ത് 1,300 സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു. തലസ്ഥാനത്ത് പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ റഷ്യന്‍ സൈന്യം മരണം വരെ പോരാടാന്‍ തയാറാകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ഉക്രെയ്ന്‍ കീഴടങ്ങില്ലെന്ന് വിദേശകാര്യമന്ത്രി ഡിമിത്രൊ കുലേബയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.