റഷ്യ കൊലപ്പെടുത്തിയ 67 ഉക്രെയ്ന്‍ പൗരന്മാരുടെ മൃതസംസ്‌കാരം ഒരുമിച്ച് ഒരേ സെമിത്തേരിയില്‍

  റഷ്യ കൊലപ്പെടുത്തിയ 67 ഉക്രെയ്ന്‍ പൗരന്മാരുടെ മൃതസംസ്‌കാരം ഒരുമിച്ച് ഒരേ സെമിത്തേരിയില്‍


കീവ്:അധിനിവേശത്തിനിടെ റഷ്യ കൊലപ്പെടുത്തിയ ഉക്രെയ്ന്‍ പൗരന്മാരെ കൂട്ടത്തോടെ കുഴിമാടങ്ങളില്‍ സംസ്‌കരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുമ്പോള്‍ ഉള്ളുലഞ്ഞ് ലോക ജനത. തലസ്ഥാനമായ കീവ് നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബുച്ച നഗരത്തിലെ പള്ളി സെമിത്തേരിയില്‍ 67 സാധാരണക്കാരുടെ മൃതദേഹം ഒരുമിച്ച് അടക്കം ചെയ്യുന്നതിന്റെ ചിത്രം ഉക്രെയ്‌നിലെ വിദേശകാര്യ മന്ത്രാലയം റീട്വീറ്റ് ചെയ്തു.

'ചില ഇരകളെ തിരിച്ചറിഞ്ഞിട്ടില്ല. 21-ാം നൂറ്റാണ്ടിലെ ഇന്നത്തെ നമ്മുടെ യാഥാര്‍ത്ഥ്യമാണിത്. ഭയാനകം!' ട്വീറ്റില്‍ പറയുന്നു. റഷ്യയുടെ ആക്രമണങ്ങളില്‍ ഉക്രെയ്നിലെ പ്രധാന നഗരങ്ങളെല്ലാം തകര്‍ന്നടിയുകയാണ്. അനേകം ജീവനുകളാണ് പ്രതിദിനം പൊലിയുന്നത്. ഇന്നലെ മാത്രം 67 സാധാരണക്കാരാണ് റഷ്യയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ പലരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.

യുഎന്നിന്റെ കണക്കുകള്‍ പ്രകാരം, ഫെബ്രുവരി 24 മുതല്‍ ഇന്നലെ വരെ ഉക്രെയ്നില്‍ 41 കുട്ടികളടക്കം അഞ്ചൂറിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. കൂടാതെ, മാതൃരാജ്യത്തിനായി പോരാടി 1,300ലധികം സൈനികരും വീരമൃത്യു വരിച്ചു. ഇതിനിടെ, അഭയാര്‍ത്ഥികള്‍ക്കും മറ്റ് ആളുകള്‍ക്കും സുരക്ഷിത താവളമായി ഒരുക്കിയിരുന്ന പടിഞ്ഞാറന്‍ ഉക്രെയ്നെയും റഷ്യന്‍ സേന ലക്ഷ്യം വച്ചുതുടങ്ങി. ഇതോടെ കടുത്ത ആശങ്കയിലാണ് ജനങ്ങള്‍. ഉക്രെയ്ന്‍-പോളണ്ട് അതിര്‍ത്തിക്കു സമീപമുള്ള സൈനിക താവളത്തില്‍ റഷ്യ ആക്രമണം നടത്തിയത് കൂടുതല്‍ ഭയം ജനിപ്പിച്ചിരിക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.