കീവ്: ക്രൂരതയുടെ പുതിയ കഥകളുമായി റഷ്യന്‍ അധിനിവേശം ദിനം പ്രതി രൂക്ഷമാകവേ ഉക്രെയ്‌നിലെ വിശ്വാസി സമൂഹത്തിന്റെ ഉള്ളുലയ്ക്കുന്നു, 1000 വര്‍ഷമായി കീവ് നഗരത്തിന്റെ ആത്മീയ ഹൃദയവും വിശുദ്ധ പ്രതീകവുമായി വിരാജിക്കുന്ന സെന്റ് സോഫിയ കത്തീഡ്രല്‍. സാസ്‌കാരിക മൂല്യങ്ങള്‍ക്ക് യുദ്ധത്തിലെന്തു കാര്യമെന്ന മട്ടിലുള്ള റഷ്യയുടെ കണ്ണടച്ച ആക്രമണ ത്വരയുടെ ഇരയാകുമോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഏഴ് ഉക്രെയ്ന്‍ സൈറ്റുകളിലൊന്നായ 'പരിശുദ്ധ ജ്ഞാന'ത്തിന്റെ മഹാ ദേവാലയമെന്ന ഭീതി പങ്കുവയ്ക്കുന്നുണ്ട് ഒട്ടേറെ വിദഗ്ധര്‍.
സെന്റ് സോഫിയ കത്തീഡ്രല്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട പൈതൃക ഇടങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനെസ്‌കോ) ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, അടുത്തുള്ള ടെലിവിഷന്‍ ടവറിനു നേരെയുണ്ടായ അശ്രദ്ധമായ ബോംബ് സ്ഫോടനത്തിനിടെ സുപ്രധാന ഹോളോകാസ്റ്റ് സ്മാരകത്തിന് കേടുപാടുകള്‍ സംഭവിച്ചത് ഉക്രെയ്ന്‍ ജനതയെ വല്ലാതെ നടുക്കുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലെ അസംപ്ഷന്‍ കത്തീഡ്രലിനും റഷ്യന്‍ ആക്രമണങ്ങളില്‍ നാശനഷ്ടമുണ്ടായി.
വ്യോമാക്രമണത്തിന്റെ അനുബന്ധമായി റഷ്യന്‍ സൈന്യം കീവിലേക്ക് മുന്നേറുമ്പോള്‍, പൈതൃക സൈറ്റുകള്‍ക്ക് അപായമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.'ഞങ്ങള്‍ അതീവ ഉത്ക്കണ്ഠയോട സംസാരിക്കുന്നത് ഈ പുരാതന നഗരത്തെക്കുറിച്ചാണ്' അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ റഷ്യന്‍, യുറേഷ്യന്‍, ഈസ്റ്റ് യൂറോപ്യന്‍ സ്റ്റഡീസിനായുള്ള മെലികിയന്‍ സെന്ററിലെ പോസ്റ്റ്‌ഡോക്ടറല്‍ ഗവേഷണ പണ്ഡിതനായ ജേക്കബ് ലാസിന്‍ പറഞ്ഞു.
ഉക്രെയ്‌ന്റെ ഏറ്റവും പ്രശസ്തമായ അടയാളങ്ങളിലൊന്നായ സെന്റ് സോഫിയ കത്തീഡ്രല്‍ ആക്രമിക്കാന്‍ ക്രെംലിന്‍ പദ്ധതിയിടുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സംഘത്തില്‍പ്പെട്ടവരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. റഷ്യയുടെ അന്യായവും, പ്രകോപനപരവുമായ ആക്രമണ പദ്ധതിയില്‍ രാജ്യത്തെ സാംസ്‌കാരിക ആത്മീയ കേന്ദ്രങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നും, കീവിലെ ബാബിന്‍യാര്‍, ഖാര്‍കീവ് തുടങ്ങിയ രൂപതകളില്‍ നാശനഷ്ടങ്ങള്‍ വരുത്തിയ റഷ്യന്‍ നടപടിയെ തങ്ങള്‍ അപലപിക്കുന്നുവെന്നും മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അംബാസഡറായ റാഷദ് ഹുസൈന്‍ പറഞ്ഞിരുന്നു.
നഗരത്തിന്റെ മധ്യഭാഗത്ത് അമൂല്യ പൈതൃക നിര്‍മ്മിതികള്‍ ഏറെയുണ്ടെന്ന് ജേക്കബ് ലാസിന്‍ ചൂണ്ടിക്കാട്ടി.ഈ ഭാഗത്തെവിടെ ആക്രമണമുണ്ടായാലും പൗരാണിക ഇടങ്ങള്‍ക്ക് തകരാര്‍ വരാം. കീവിന്റെ ആത്മീയ ഹൃദയഭാഗത്തെ സെന്റ് സോഫിയ കത്തീഡ്രലും, ഗുഹകളുടെ മൊണാസ്ട്രി എന്നറിയപ്പെടുന്ന കൈവ്-പെചെര്‍സ്‌ക് ലാവ്രയും, രാജ്യത്തെ ഏറ്റവും ആദരണിയമായ വിശുദ്ധ കേന്ദ്രങ്ങളാണ്.
ഈ പൈതൃക മന്ദിരങ്ങള്‍ റഷ്യയുടെ വോമാക്രമണത്തിന് ഇരയാകുവാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന കാര്യം 'ഉക്രെയ്ന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ചസ് ആന്‍ഡ് റിലീജിയസ് ഓര്‍ഗനൈസേഷന്‍സ്' (യു.സി.സി.ആര്‍.ഒ) പുറത്തുവിട്ടു. തങ്ങള്‍ക്ക് ലഭിച്ച വിവരം സ്ഥിരീകരിക്കുവാന്‍ കഴിയില്ലെങ്കിലും, രണ്ടാം ലോകമഹായുദ്ധ കാലത്ത് സമാനമായ ആക്രമണം നടന്നിട്ടുള്ള കാര്യം യു.സി.സി.ആര്‍.ഒ ഓര്‍മ്മിക്കുന്നു.2018-ല്‍ പിരിഞ്ഞ രണ്ട് ഉക്രെയ്ന്‍ ഓര്‍ത്തഡോക്‌സ് സഭാ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ക്രിസ്ത്യന്‍ സഭകള്‍ക്ക് പുറമേ, യഹൂദ, മുസ്ലീം മതങ്ങളില്‍ നിന്നുമുള്ള വൈദികരും യു.സി.സി.ആര്‍.ഒയില്‍ ഉള്‍പ്പെടുന്നുണ്ട്.
1,000 വര്‍ഷമായി നഗരത്തിന്റെ പ്രധാന ചിഹ്നം
കത്തീഡ്രലും അടുത്തുള്ള സന്യാസ പാര്‍പ്പിട സമുച്ചയവും വാസ്തുവിദ്യാ വിസ്മയങ്ങളായി നിലകൊള്ളുന്നു. മനുഷ്യരുടെ സൃഷ്ടിപരമായ പ്രതിഭയുടെ മാസ്റ്റര്‍പീസ്'ആണിതെന്ന് യുനെസ്‌കോ രേഖയില്‍ പറയുന്നു. ഈ നിരീക്ഷണത്തോടെയാണ് അവയെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്.
പതിനൊന്നാം നൂറ്റാണ്ടില്‍ യരോസ്ലാവ് രാജകുമാരന്റെ കീഴില്‍ പണികഴിപ്പിച്ച സെന്റ് സോഫിയ, മധ്യകാല ആത്മീയ വാസ്തുവിദ്യാ കേന്ദ്രമായ കോണ്‍സ്റ്റാന്റിനോപ്പിളിലെ (ഇന്നത്തെ ഇസ്താംബുള്‍) ചര്‍ച്ച് ഓഫ് ഹാഗിയ സോഫിയയുടെ മാതൃകയില്‍് നിര്‍മ്മിച്ചതാണ്. യുനെസ്‌കോയുടെ നിഗമനത്തില്‍, 1000 വര്‍ഷം പഴക്കമുള്ള മൊസൈക്കുകളും ശിലാ ശില്‍പ്പങ്ങളുമാണ് കീവ് കത്തീഡ്രലിലേത്. ഇത് പ്രദേശത്തെ പില്‍ക്കാല പള്ളികള്‍ക്ക് മാതൃകയായിരുന്നു.
ഏകദേശം ഒമ്പത് നൂറ്റാണ്ടു മുമ്പു നിര്‍മ്മിച്ച പള്ളികള്‍ക്കു പുറമേ സന്യാസികളുടെ ഭൂഗര്‍ഭ നിലവറകള്‍, വിശുദ്ധരുടെ ശവകുടീരങ്ങള്‍, എന്നിവ ഉള്‍പ്പെടുന്ന ഗുഹകളുടെ സന്യാസാലയം, രാജ്യത്ത് ക്രിസ്തുമതം പ്രചരിക്കുന്നതില്‍ വളരെയധികം സ്വാധീനം ചെലുത്തിയെന്ന് യുനെസ്‌കോ ചൂണ്ടിക്കാട്ടുന്നു.ഈ ആരാധനാലയങ്ങളുടെ പ്രതീകാത്മക മൂല്യം മതവിശ്വാസത്തിനു പരിഗണന നല്‍കാത്ത ആളുകളില്‍ പോലും ശക്തമാണെന്ന് ജേക്കബ് ലാസിന്‍ പറയുന്നു. 1000 വര്‍ഷമായി ഈ നഗരത്തിന്റെ പ്രധാന ചിഹ്നമായിരുന്നയിടം അപകടത്തിലാകാം അല്ലെങ്കില്‍ നശിപ്പിക്കപ്പെടാം എന്ന ആശങ്ക കനക്കുകയാണ്, അദ്ദേഹം പറഞ്ഞു.റഷ്യയിലെ മത വിശ്വാസവുമായി ബന്ധമുണ്ട് ഉക്രേനിയക്കെന്ന പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അവകാശവാദം ഈ ദേവാലയങ്ങളെ സംരക്ഷിക്കുമെന്നു കരുതാനാകില്ല.റഷ്യന്‍ മത പൗരാണികതയുടെ പ്രധാന കേന്ദ്രം തകരാതിരിക്കാന്‍ വാചകമടിയല്ല ആവശ്യമെന്നും ലാസിന്‍ ചൂണ്ടിക്കാട്ടി.
ഉക്രെയ്ന്‍ ഓര്‍ത്തഡോക്‌സ് സഭയെയാണ് ഉക്രെയ്‌ന്റെ ദേശീയ സഭയായി കണക്കാക്കി വരുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ നേരിട്ടല്ലാത്ത മേല്‍നോട്ടവും ഉക്രെയ്ന്‍ സഭയ്ക്ക് മേലുണ്ട്. കീവിലെ ടി.വി ടവര്‍ തകര്‍ക്കുവാനുള്ള ശ്രമത്തില്‍ ബാബിന്‍ യാറിലെ ഹോളോകോസ്റ്റ് മെമ്മോറിയല്‍ സെന്ററിനും കേടുപാടുകള്‍ സംഭവിച്ച കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ആയുധ പ്രയോഗത്തിലെ സാങ്കേതിക പിഴവുകള്‍ കാരണവും കത്തീഡ്രലില്‍ മിസൈല്‍ പതിക്കുവാനുള്ള സാധ്യതയും യു.സി.സി.ആര്‍.ഒ ഉന്നയിക്കുന്നുണ്ട്. ഉക്രെയ്‌നെതിരായ റഷ്യന്‍ ആക്രമണത്തെ അപലപിക്കവേ, റഷ്യന്‍ അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഒരിക്കല്‍ കൂടി ആവശ്യപ്പെട്ടുകൊണ്ടാണ് യു.സി.സി.ആര്‍.ഒ യുടെ മുന്നറിയിപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.