മരിക്കും മുന്‍പ് സ്വന്തം ഭാഷയ്ക്ക് ജീവശ്വാസമേകി ക്രിസ്റ്റീന

മരിക്കും മുന്‍പ് സ്വന്തം ഭാഷയ്ക്ക് ജീവശ്വാസമേകി ക്രിസ്റ്റീന

ഭാഷ എന്നത് നമ്മുടെ ഓരോരുത്തരുടേയും സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. ലക്ഷക്കണക്കിന് ജീവജാലങ്ങള്‍ അധിവസിക്കുന്ന ഇടമാണ് ഭൂമി. വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഭൂമിയില്‍ 700 കോടിയിലധികം മനുഷ്യരാണ് പല ദേശങ്ങളിലായി വിവിധ ഭാഷകള്‍ സംസാരിച്ച് ജീവിക്കുന്നത്.

മനുഷ്യ കുലത്തിന്റെ മുഖ്യ ആശയ വിനിമയ ഉപാധിയാണ് ഭാഷ. ഇതു തന്നെയാണ് മറ്റു ജീവജാലങ്ങളില്‍ നിന്ന് നമ്മെ വേറിട്ട് നിര്‍ത്തുന്നതും. ചെറുതും വലുതുമായി ലോകത്താകമാനം 6,500 ലധികം ഭാഷകള്‍ നമ്മള്‍ മനുഷ്യര്‍ സംസാരിക്കുന്നുണ്ടെന്നാണ് വിവരം. അവയില്‍ പലതും നമുക്ക് കേട്ടു കേള്‍വി പോലും ഇല്ലാത്തതുമാണ്.

എന്നാല്‍ കാലപ്പഴക്കത്താല്‍ മനുഷ്യ കുലത്തിന് മാത്രം സ്വന്തമായ ഭാഷാ സമ്പത്ത് നഷ്ടമായി കൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കോളനി വല്‍ക്കരണവും കുടിയേറ്റവും ചെറിയ ചെറിയ രാജ്യങ്ങളെയും ഗോത്രങ്ങളെയും നിഷ്പ്രഭരാക്കിയപ്പോള്‍ അക്കൂട്ടത്തില്‍ അവരുടെ ഭാഷയും ഇല്ലാതായി. അങ്ങനെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു പോയ ഭാഷകള്‍ ഒട്ടനവധിയാണ്.

ഒടുവില്‍ തെക്കേ അമേരിക്കയിലെ ഒരു പ്രാദേശിക ഭാഷയ്ക്കും അന്ത്യം സംഭവിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തെക്കേ അമേരിക്കയിലെ യാഗന്‍ സമൂഹത്തിന്റെ ഭാഷയാണ് യമന. ഇതാണിപ്പോള്‍ ലോകത്ത് നിന്ന് അപ്രത്യക്ഷമായത്. ഇത് എങ്ങനെ ആണെന്നല്ലേ സംശയം. ഈ ഭാഷ സംസാരിക്കുന്ന അവസാനത്തെയാളും മരിച്ച് പോയതാണ് യമന ഭാഷയ്ക്ക് അന്ത്യം സംഭവിക്കാന്‍ കാരണം.

യാഗന്‍ സമൂഹത്തിന്റെ അവസാന കണ്ണിയായിരുന്നു ക്രിസ്റ്റീന കാല്‍ഡെറോണ്‍ എന്ന 93 കാരി. ഇവര്‍ വാര്‍ധക്യ സഹജമായ അസുഖത്താല്‍ വിട വാങ്ങിയതോടെയാണ് യമന ഭാഷയും മരിച്ചത്. ക്രിസ്റ്റീനയ്ക്ക് മക്കളും കൊച്ചു മക്കളുമായി വലിയ കുടുംബം തന്നെ ഉണ്ടെങ്കിലും അവര്‍ക്ക് ആര്‍ക്കും തന്നെ തങ്ങളുടെ മാതൃ ഭാഷ അറിയില്ല എന്നതാണ് ഏറെ ദു:ഖകരം.

എന്നാല്‍ അവസാന ശ്വാസത്തിലും തന്റെ മാതൃ ഭാഷ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ക്രസ്റ്റീന നടത്തിയിരുന്നു. ഇവര്‍ യമന ഭാഷയുടെ ഒരു നിഘണ്ടു തയ്യാറാക്കുകയും നിരവധി പ്രസിദ്ധീകരണങ്ങള്‍ യമനയിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തു. അവസാന നാളുകളിലും തന്റെ മാതൃഭാഷ ആരെങ്കിലും ഏതെങ്കിലും രീതിയില്‍ സംരക്ഷിക്കുമെന്ന പ്രതീക്ഷ ബാക്കി വെച്ചാണ് ക്രിസ്റ്റീന കാല്‍ഡെറോണ്‍ വിടവാങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.