'രണ്ട് പവന്റെ മാല നഷ്ടപ്പെട്ട സ്ത്രീയ്ക്ക് സ്വന്തം വളകള്‍ നല്‍കി'; ആ 'നന്മയുള്ള സ്ത്രീത്വം' മോഹനന്‍ വൈദ്യരുടെ ഭാര്യ ശ്രീലത

'രണ്ട് പവന്റെ മാല നഷ്ടപ്പെട്ട സ്ത്രീയ്ക്ക് സ്വന്തം വളകള്‍ നല്‍കി'; ആ 'നന്മയുള്ള സ്ത്രീത്വം' മോഹനന്‍ വൈദ്യരുടെ ഭാര്യ ശ്രീലത

ആലപ്പുഴ: പട്ടാഴി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയപ്പോള്‍ രണ്ട് പവന്റെ മാല നഷ്ടമായ മങ്ങാട്ട് വീട്ടില്‍ സുഭദ്രയ്ക്ക് സ്വന്തം വളകള്‍ ഊരി നല്‍കിയ നന്മയുള്ള സ്ത്രീത്വം. ക്ഷേത്രത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷായായ ആ സ്ത്രീ ആരാണെന്നറിയാന്‍ ആകാക്ഷയോടെ കാത്തിരിക്കുകയായിരുന്നു കേരളം. മരുത്തോര്‍വട്ടം സ്വദേശിനിയും അന്തരിച്ച മോഹനന്‍ വൈദ്യരുടെ ഭാര്യയുമായ ശ്രീലതയായിരുന്നു ആ വലിയ മനസിന്റെ ഉടമ.

ഒരമ്മയുടെ വേദനയ്ക്ക് പൊന്നിനേക്കാള്‍ വിലയുണ്ടെന്ന് മനസിലാക്കിയ ശ്രീലത മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വരാന്‍ മടിച്ചു. കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത, ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴിക്ഷേത്രത്തില്‍ പോയത്. താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. ഒരാളുടെ വേദന കണ്ടപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയെന്നുമാണ് അവര്‍ പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച കുംഭ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ തൊഴാനെത്തിയപ്പോഴാണ് സുഭദ്രയുടെ രണ്ട് പവന്റെ മാല നഷ്ടപ്പെട്ടതും സ്ഥലത്തെത്തിയ അജ്ഞാത സ്ത്രീ രണ്ട് വളകള്‍ സമ്മാനിച്ചതും. വള വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് മാല വാങ്ങി, ക്ഷേത്ര നടയിലെത്തി പ്രാര്‍ഥിച്ച ശേഷം കഴുത്തിലിടണമെന്നു പറഞ്ഞു മടങ്ങിയ ശ്രീലതയെ പിന്നീട് കണ്ടെത്താനായില്ല.

മാല നഷ്ടപ്പെട്ട സുഭദ്രയ്ക്കും തന്നെ സഹായിച്ച സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. സുഭദ്രയ്ക്കു വളകള്‍ നല്‍കിയത് താനാണെന്നു ചിലര്‍ക്ക് മനസിലായെന്ന് വ്യക്തമായതോടെ ശ്രീലത കൊട്ടാരക്കരയില്‍ നിന്നു ചേര്‍ത്തലയിലേക്കു മടങ്ങുകയായിരുന്നു. സംഭവം നടന്ന് മൂന്നാം ദിവസമായ ഇന്നലെ ഉച്ചയ്ക്കു വള വിറ്റ് വാങ്ങിയ മാലയുമായി സുഭദ്ര ക്ഷേത്രത്തിലെത്തിയിരുന്നു.

എങ്ങു നിന്നോയെത്തി രണ്ടു വളകള്‍ നല്‍കിപ്പോയ സ്ത്രീ ഇനിയെങ്കിലും തന്റെ മുന്നില്‍ വരണമെന്ന പ്രാര്‍ഥനയോടെയാണ് സുഭദ്ര ക്ഷേത്രത്തിലെത്തിയത്. ആ പ്രാര്‍ഥന ഉടന്‍ സഫലമാകുമെന്നാണ് പ്രതീക്ഷ. കാരണം സംഭവത്തിന് ശേഷം ഇരുവര്‍ക്കും തമ്മില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.