പഴയകാല ഓര്‍മ്മകള്‍ കുട്ടികളുമായി പങ്കുവെയ്ക്കുന്ന അമ്മമാരുടെ കുട്ടികള്‍ മികച്ച രീതിയില്‍ വളരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 'ജേണല്‍ ഓഫ് പേഴ്‌സണാലിറ്റി' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഒന്നു മുതല്‍ മൂന്ന് വയസു വരെയുള്ള കുട്ടികളില്‍ മാതാപിതാക്കള്‍ പറഞ്ഞു കൊടുക്കുന്ന ചില ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങള്‍ കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
115 അമ്മമാര്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനം നല്‍കിയ ശേഷം നടത്തിയ തുടര്‍ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കണ്ടെത്തലുകള്‍. പാര്‍ക്കില്‍ താറാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് പോലുള്ള ദൈനംദിന സംഭവങ്ങളെക്കുറിച്ച് കൊച്ചുകുട്ടികളുമായി സംസാരിക്കുന്നത് മുതല്‍ ഇതില്‍ ഉള്‍പ്പെടുന്നു.
മുന്‍ കോച്ചിംങ് സെഷനുകളില്‍ പങ്കെടുത്ത അമ്മമാരുടെ കൗമാരക്കാരായ കുട്ടികള്‍ അവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ അനുഭവങ്ങള്‍ വിവരിച്ചെന്നും മാതാപിതാക്കളുടെ വിവാഹ മോചനം അല്ലെങ്കില്‍ സൈബര്‍ ലോകത്തെ മോശം അനുഭവങ്ങള്‍ വരെ അവരെ എങ്ങനെ രൂപപ്പെടുത്തിയെന്ന് മനസിലാക്കാനാകുമെന്നും സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രോജക്റ്റ് ലീഡ് പ്രൊഫസര്‍ എലെയ്ന്‍ റീസ് വ്യക്തമാക്കി.
കുട്ടികളോട് ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ നടത്തുന്ന ആശയവിനിമയം കൗമാര പ്രായത്തില്‍ അവരെ രൂപപ്പെടുത്തുന്നതിനും ബുദ്ധിമുട്ടുള്ള ജീവിത അനുഭവങ്ങളെ നേരിടുന്നതിനും വലിയ സ്വാധീനം ചെലുത്തുമെന്ന് ഈ പഠനത്തിലൂടെ തങ്ങള്‍ കണ്ടെത്തിയതായി പ്രൊഫസര്‍ റീസ് പറഞ്ഞു.
മാതാപിതാക്കളുമായുള്ള ഇത്തരം ഓര്‍മ്മ പങ്കുവയ്ക്കലുകള്‍ കുട്ടികളുടെ ഓര്‍മ്മകള്‍ വികസിപ്പിക്കുന്നതിനും അവരുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിനും സഹായിക്കും. കൗമാരപ്രായത്തിലെത്തുമ്പോള്‍ മുന്‍കാല അനുഭവങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടത്താന്‍ കുട്ടികളെ ഇത് പഠിപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുട്ടികളുമായി തുറന്ന് സംസാരിക്കാനും ഓര്‍മ്മകള്‍ പങ്കുവയ്ക്കാനും മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പഠനത്തിന്റെ മുന്‍നിര രചയിതാവും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ ഡോ ക്ലെയര്‍ മിച്ചല്‍ പറഞ്ഞു.
ഒരു കുഞ്ഞിന്റെ രക്ഷിതാവ് എന്ന നിലയില്‍, കുഞ്ഞുങ്ങളുമായി ഓര്‍മ്മകള്‍ പങ്കുവയ്ക്കാനുള്ള വിദ്യകള്‍ ആസ്വാദ്യകരവും പഠിക്കാന്‍ എളുപ്പവുമാണെന്ന് എനിക്ക് ഉറപ്പ് തരാന്‍ കഴിയും. ചെറിയ കുട്ടികളുള്ള അമ്മമാര്‍ അവരുടെ കുഞ്ഞുങ്ങളുമായി നടത്തുന്ന സംഭാഷണങ്ങള്‍ക്ക് ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രയോജനം ലഭിക്കുകയും ഭാവിയിലേക്ക് ഗുണകരമാകുകയും ചെയ്യും. അതിന് സഹായിക്കുന്നതാണ് തങ്ങളുടെ പഠനമെന്നും അവര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.