അയല്‍ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ ഉക്രെയ്നില്‍: സെലന്‍സ്‌കിയെ നേരിട്ടു കണ്ട് പിന്തുണയറിയിച്ചു

  അയല്‍ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ ഉക്രെയ്നില്‍: സെലന്‍സ്‌കിയെ നേരിട്ടു കണ്ട് പിന്തുണയറിയിച്ചു

കീവ്: റഷ്യയുടെ അതിശക്ത ആക്രമണത്തിനിടെ ഉക്രെയ്ന്‍ തലസ്ഥാനമായ കീവ് സന്ദര്‍ശിച്ച് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയെ നേരിട്ടുകണ്ട് മൂന്ന് യൂറോപ്യന്‍ പ്രധാനമന്ത്രിമാര്‍ പിന്തുണയറിയിച്ചു. പോളണ്ട്, സ്ലോവേനിയ, ചെക് റിപ്പബ്ലിക് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരാണ് ട്രെയിനില്‍ യാത്ര ചെയ്ത് കീവിലെത്തിയത്. എല്ലാവിധ സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രിമാര്‍ സെലന്‍സ്‌കിയ്ക്ക് ഉറപ്പ് നല്‍കി.

കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ റഷ്യന്‍ സൈന്യം വളഞ്ഞ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിമാര്‍
ഉക്രെയ്‌നിലെത്തിയത്.നേതാക്കന്‍മാര്‍ക്കൊപ്പം മേശയ്ക്കു ചുറ്റുമിരുന്നു യുദ്ധ മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഡിയോ സെലെന്‍സ്‌കി പുറത്തുവിട്ടു. സെലന്‍സ്‌കിയെ കണ്ടശേഷം ഉക്രെയ്ന്‍ പ്രധാനമന്ത്രി ഡെനിസ് ഷ്മൈഹാലുമായും സെലന്‍സ്‌കിയുമായും സംഘം ചര്‍ച്ച നടത്തി. നിലവിലെ സ്ഥിതിഗതികള്‍ വിശദമായി വിലയിരുത്തി. റഷ്യ എല്ലായിടത്തും ഷെല്ലാക്രമണം നടത്തുകയാണെന്ന് സെലന്‍സ്‌കി പ്രധാനമന്ത്രിമാരോട് വിശദീകരിച്ചു.

ഇത്തരം സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ റഷ്യയെ ഉക്രെയ്‌നു പരാജയപ്പെടുത്താനാകുമെന്ന് ചര്‍ച്ചയ്ക്കു ശേഷം സെലെന്‍സ്‌കി പറഞ്ഞു. ഈ രാജ്യങ്ങളിലെ നേതാക്കളെ പൂര്‍ണമായും വിശ്വസിക്കുന്നു. ഭാവി ഉക്രെയ്‌ന്റെ സുരക്ഷാ കാര്യങ്ങളാകട്ടെ ഉപരോധ നയങ്ങളാകട്ടെ, അവരുമായി നടത്തിയ ചര്‍ച്ച പൂര്‍ണ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെലെന്‍സ്‌കി പറഞ്ഞു.

ഈ ദുരന്തം എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് പോളണ്ട് പ്രധാനമന്ത്രി മത്തയൂഷ് മോറയവ്‌സ്‌കി പറഞ്ഞു.യൂറോപ്യന്‍ യൂണിയന്റെ പൂര്‍ണ്ണ പിന്തുണ ഉക്രെയ്നുണ്ടെന്നും മോറയവ്‌സ്‌കി വ്യക്തമാക്കി. മോറയവ്‌സ്‌കി, ചെക്റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റര്‍ ഫിയല, സ്ലോവേനിയയുടെ പ്രധാനമന്ത്രി ജാനസ് ജാന്‍സ എന്നിവര്‍ യൂറോപ്യന്‍ യൂണിയന്റെ 'പ്രതിനിധികള്‍' എന്ന നിലയിലാണ് സന്ദര്‍ശനം നടത്തുന്നതെന്ന് പോളണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ട്രെയിനില്‍ മണിക്കൂറുകളോളം യാത്ര ചെയ്താണ് നേതാക്കള്‍ ഉക്രെയ്ന്‍ തലസ്ഥാനത്തെത്തിയത്. ആക്രമണം ആരംഭിച്ച ശേഷം എത്തുന്ന ആദ്യ വിദേശ നേതാക്കളാണിവര്‍. എന്നാല്‍ യുദ്ധമേഖലയിലേക്കുള്ള ഈ യാത്രയെ യുറോപ്യന്‍ യൂണിയന്‍ പരസ്യമായി പിന്തുണച്ചിട്ടില്ല.

'യുദ്ധം മുറിവേല്‍പ്പിച്ച ഈ കീവിലാണ് ചരിത്രം സൃഷ്ടിക്കപ്പെട്ടത്. ഇവിടെയാണ് സ്വേച്ഛാധിപത്യ ലോകത്തിനെതിരെ സ്വാതന്ത്ര്യം പോരാടുന്നത്. ഇവിടെയാണ് നമ്മുടെ എല്ലാവരുടെയും ഭാവി ഒരു തുലാസില്‍ തൂങ്ങി കിടക്കുന്നത്' പോളണ്ട് പ്രധാനമന്ത്രി മത്തയൂഷ് മോറയവ്‌സ്‌കി ട്വീറ്റ് ചെയ്തു.'നിങ്ങളുടെ ജീവിതത്തിനു വേണ്ടിയാണ് നിങ്ങള്‍ പോരാടുന്നതെന്ന് അറിയാം... പക്ഷെ ഞങ്ങളുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി കൂടിയാണ് നിങ്ങളുടെ പോരാട്ടം. ഒരുപക്ഷെ ഞങ്ങളുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യവും ഞങ്ങളുടെ ദൗത്യത്തിന്റെ പ്രധാന സന്ദേശവും നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന് ബോധ്യപ്പെടുത്തുകയാണ്. ഞങ്ങളുടെ രാജ്യങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും. യുറോപ്പ് നിങ്ങള്‍ക്കൊപ്പമാണ്.' ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പെട്ര ഫിയല ചര്‍ച്ചയ്ക്കു ശേഷം പറഞ്ഞു.

യുറോപ്യന്‍ യൂണിയന്‍ ദൗത്യത്തിന്റെ ഭാഗമായാണ് യുക്രെയ്ന്‍ സന്ദര്‍ശിച്ചതെന്നാണ് മധ്യ യുറോപ്യന്‍ പ്രധാനമന്ത്രിമാര്‍ പറഞ്ഞത്. എന്നാല്‍ ഇവരുടെ തീരുമാനം സ്വതന്ത്രമാണെന്നാണ് യുറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളുടെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.